തിരുവാർപ്പിൽ എട്ടംഗ കുടുംബം കോവിഡ് ചികിത്സയിൽ ; അനാഥമായ അഞ്ചു പശുക്കളുടെ സംരക്ഷണം ഏറ്റെടുത്ത് സർക്കാർ

തിരുവാർപ്പിൽ എട്ടംഗ കുടുംബം കോവിഡ് ചികിത്സയിൽ ; അനാഥമായ അഞ്ചു പശുക്കളുടെ സംരക്ഷണം ഏറ്റെടുത്ത് സർക്കാർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ഒരു കുടുംബത്തിൽ എല്ലാവരും കോവിഡ് ബാധിതരായതോടെ അനാഥമായ പശുക്കൾക്ക് സംരക്ഷണം നൽകി സർക്കാർ. തിരുവാർപ്പിൽ കോവിഡ് ബാധിച്ച കുടുംബത്തിന്റെ അഞ്ചു പശുക്കളെയാണ് ജില്ലാ കളകർ എം. അഞ്ജനയുടെ ഇടപടലിനെത്തുടർന്ന് ക്ഷീര വികസന വകുപ്പ് താത്കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.

ബുധനാഴ്ച്ച രാവിലെ വീട്ടിലെ എട്ടാമത്തെയാളും വൈറസ് ബാധിച്ച് ചികിത്സാ കേന്ദ്രത്തിലായതോടെ പശുക്കൾക്ക് തീറ്റ നൽകാനും പാൽ കറക്കാനും ആരുമില്ലാത്ത സ്ഥിതിയാവുകയായിരുന്നു. അകിടിൽ പാൽ കെട്ടി നിൽക്കുന്നത് പശുക്കളുടെ ആരോഗ്യത്തെ ബാധിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്ത് ഗൃഹനാഥൻ കളക്ട്രേറ്റ് കൺട്രോൾ റൂമിൽ ബന്ധപ്പെട്ട് സഹായം തേടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പശുക്കളെ സംരക്ഷിക്കുന്നതിനും പാൽ കറക്കുന്നതിനും അടിയന്തിര നടപടിയെടുക്കാൻ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് കളക്ടർ നിർദ്ദേശം നൽകി. ഗ്രാമപഞ്ചായത്തിന്റെയും തിരുവാർപ്പ് ക്ഷീരോദ്പാദക സഹകരണ സംഘത്തിന്റെയും സഹകരണത്തോടെ പശുക്കളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് വകുപ്പ് നടപടികൾ സ്വീകരിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം പി. എം. മണി, ക്ഷീരസംഘം പ്രസിഡന്റ് എം. എ കുഞ്ഞുമോൻ, സെക്രട്ടറി സജിത എന്നിവരുടെ നേതൃത്വത്തിൽ മറ്റൊരു പുരയിടത്തിൽ താത്കാലിക ഷെഡ് ഒരുക്കി. ഇവിടെ എത്തിച്ച പശുക്കൾക്ക് തീറ്റ ലഭ്യമാക്കുന്നതിനും പാൽ കറന്ന് എത്തിക്കുന്നതിനും സംഘം ക്രമീകരണം ഏർപ്പെടുത്തി.

രോഗമുക്തരായി ഉടമസ്ഥരെത്തി പശുക്കളെ വീട്ടിലേക്ക് കൊണ്ടുപോയാലും ഷെഡ് നിലനിർത്തുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. മറ്റ് വീടുകളിൽ സമാന സാഹചര്യമുണ്ടായാൽ പശുക്കളെ ഇവിടേക്ക് മാറ്റാനാകും.

കോവിഡ് ബാധിച്ച് എല്ലാവരും ചികിത്സയിലാകുന്ന വീടുകളിലെ കന്നുകാലികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപടി സ്വീകരിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ക്ഷീര വികസന വകുപ്പിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ എല്ലാ ക്ഷീരസംഘങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.ജി. ശ്രീലത പറഞ്ഞു.

Tags :