സംസ്ഥാന ഗവൺമെന്റിൽ കുറച്ചെങ്കിലും ജനാധിപത്യ മൂല്യവും ഇടതുപക്ഷ കാഴ്ചപ്പാടും അവശേഷിക്കുന്നുവെങ്കിൽ കെ.ടി ജലീലിനെ മുഖ്യമന്ത്രി മന്ത്രിസഭയിൽ നിന്നും പുറത്താക്കണം : തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ

സ്വന്തം ലേഖകൻ

കോട്ടയം : വിവാദങ്ങൾക്കിടിയിൽ ജലീലിനെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും രംഗത്ത്. ജലീൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അന്ന് മുതൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വിവാദങ്ങൾ നിറഞ്ഞതും ദുരൂഹവുമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.

സംസ്ഥാന വ്യാപനകമായി കോൺഗ്രസ് നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്വന്തം ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിയെ, രാജ്യ ദ്രോഹകുറ്റം ചുമത്തി അന്വേഷിക്കുന്ന സ്വർണ്ണ കടത്ത് പോലൊരു കേസുമായി ബന്ധപെട്ടു ഇ.ഡി ചോദ്യം ചെയ്തിരിക്കുന്നു എന്നത് അത്യന്തം ഗൗരവമുള്ള വിഷയമാണ്. സ്വതന്ത്ര ഭാരതത്തിന്റെ ജനാധിപത്യ ചരിത്രത്തിൽ സമാനമായ ഒരു സാഹചര്യത്തെ പറ്റി കേട്ടു കേൾവി പോലും ഇല്ല.

ഈ ഗവണ്മെന്റിൽ കുറച്ചെങ്കിലും ജനാധിപത്യ മൂല്യവും ഇടതു പക്ഷ കാഴ്ചപ്പാടും അവശേഷിക്കുന്നു എങ്കിൽ ജലീലിന് സ്വയം രാജിവയ്ക്കാനുള്ള സാവകാശം പോലും കൊടുക്കാതെ മുഖ്യമന്ത്രി മന്ത്രിസഭയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു.

സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും പന്തംകൊളുത്തി പ്രകടനം നടത്തും.