
സ്വന്തം ലേഖകൻ
കോട്ടയം: ആൾക്കൂട്ടത്തിന് നടുവിൽ എന്നും ജീവിച്ച ജനകീയ നേതാവിന് അന്ത്യയാത്രയിൽ ജന്മനാട്ടിൽ സ്നേഹക്കടലായി ഒഴുകിയെത്തിയ ജനസാഗരം വിടനൽകുന്നു. പൊതുദർശനത്തിനായി വിലാപയാത്ര തിരുനക്കര മൈതാനത്ത് നിന്ന് കുഞ്ഞൂഞ്ഞിന്റെ തട്ടകമായ പുതുപ്പള്ളിയിലേക്ക്. 29 മണിക്കൂർ പിന്നിട്ട് യാത്ര തിരുനക്കരയിലെത്തുമ്പോൾ മുദ്രാവാക്യ വിളികളുമായി വരവേറ്റത് പതിനായിരങ്ങൾ. തിരുവനന്തപുരത്തുനിന്നും പുതുപ്പള്ളിയിലേക്ക് എത്തുമ്പോൾ ലക്ഷക്കണക്കിന് ജനങ്ങളുടെ സ്നേഹം ഏറ്റുവാങ്ങിയാണ് ജനനായകൻ യാത്രയാകുന്നത്. പുതുപ്പള്ളിക്കാരുടെ സ്നേഹത്തിന് പകരം വയ്ക്കാൻ ആളില്ല. സ്നേഹ ചു;ബനം നല്കി തങ്ങളുടെ കുഞ്ഞൂഞ്ഞിന് യാത്രയയപ്പ് നല്കി.
ധാർമ്മിക മൂല്യങ്ങൾ കാത്തു സൂക്ഷിച്ച, പകരം വെയ്ക്കാനില്ലാത്ത വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടിയുടേത്. പുതുപ്പള്ളി കഴിഞ്ഞാല്‍ ഉമ്മന്‍ചാണ്ടിക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമായിരുന്നു കോട്ടയം ഡിസിസി ഓഫീസ്. ഏത് തിരക്കുകള്‍ക്കിടയിലും ആഴ്ചതോറും ജന്മനാട്ടിലെത്തുന്ന ഉമ്മന്‍ചാണ്ടിയുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം എന്നും ചെലുത്തിയിട്ടുണ്ട് ഡിസിസി ഓഫീസ്. ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇപ്പോള്‍ ടി ബി റോഡിലേക്ക് കടന്നു. ഡിസിസി ഓഫീസിന് മുന്നിലെത്തിയപ്പോള്‍ നിറകണ്ണുകളോടെ മുദ്രാവാക്യം വിളിക്കുന്ന പ്രവര്‍ത്തകര്‍ ‘ഇല്ലാ ഇല്ലാ മരിക്കുന്നില്ല, ഉമ്മന്‍ചാണ്ടി മരിക്കുന്നില്ല’ എന്നാവര്‍ത്തിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങളും, മന്ത്രിമാർ, രാഷ്ട്രീയ രംഗത്തെ മറ്റു പ്രമുഖരടക്കം ജനസാഗരമാണ് തിരുനക്കര മൈതാനത്ത് പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാൻ കാത്തുനിന്നത്. കോട്ടയം ഡിസിസി ഓഫിസിൽ വിലാപയാത്ര എത്തിയപ്പോൾ ജനലക്ഷങ്ങളാണ് അവിടേക്ക് ഒഴുകിയെത്തിയത്. ഉമ്മൻ ചാണ്ടിക്ക് അന്ത്യാജ്ഞലി അർപ്പിക്കാനെത്തിയവരുടെ കടലായി അക്ഷരനഗരി മാറിക്കഴിഞ്ഞു. ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരചടങ്ങിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉച്ചയോടെ പുതുപ്പള്ളിയിലെത്തും. സംസ്‌കാര ചടങ്ങിൽ കർദിനാൾ മാർ ആലഞ്ചേരിയും പങ്കെടുക്കും.
കോട്ടയത്തിന്റെ മണ്ണിൽ തിരുനക്കരയിൽ വിലാപയാത്ര എത്തിയപ്പോൾ ഒരു പകലും ഒരു രാത്രിയും പിന്നിട്ട് നീണ്ട 29 മണിക്കൂറുകളോളം നീണ്ടു. മഴ ഇടയ്ക്ക് വന്നും പോയുമിരുന്നു. കുടചൂടിയും ചൂടാതെയും ഉമ്മൻ ചാണ്ടി നൽകിയ കരുതലിനെ ഓർത്ത് അവസാനമായി ഒരുനോക്ക് കണ്ട് യാത്രയാക്കാൻ എം.സി റോഡിന് ഇരുവശവും ജനസാഗരം കാത്തുനിന്ന മണിക്കൂറുകൾ.
തിരുനക്കരയിൽ വിപുലമായ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ 2000 പൊലീസുകാരെയാണ് നിയമിച്ചിട്ടുള്ളത്. മൈതാനിയിൽ ആളുകളെ തങ്ങി നിൽക്കാൻ അനുവദിക്കില്ല. പ്രത്യേകമായി വരി നിന്ന് ആദരമർപ്പിച്ചു മടങ്ങാൻ ജനങ്ങൾക്ക് ചിട്ടയായ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഊണും ഉറക്കവുമറിയാതെ, വിശ്രമമില്ലാതെ, ജനങ്ങളാൽ ചുറ്റപ്പെട്ട്, ജനങ്ങൾക്കിടയിൽ ജീവിച്ച ഉമ്മൻ ചാണ്ടിക്ക് വിടനൽകാൻ അദ്ദേഹത്തിന്റെ പ്രിയജനവും വിശ്രമമറിയാതെ കാത്തുനിന്നു. 12 മണിക്കൂർ കൊണ്ട് ചരിത്രമുറങ്ങുന്ന കോട്ടയം തിരുനക്കരയുടെ മണ്ണിലെത്താമെന്ന് കണക്കുകൂട്ടിയ വിലാപയാത്ര എത്തിച്ചേർന്നത് 29 മണിക്കൂറോളം സമയമെടുത്താണ്. ഉമ്മൻ ചാണ്ടി ആരായിരുന്നു എന്നതിന് ജനങ്ങൾ നൽകിയ ബഹുമതിയായിരുന്നു വൈകാരികമായ ഈ യാത്രയയപ്പ്.
ഉമ്മന്‍ചാണ്ടിക്കായി പുതുപ്പള്ളി പള്ളിയില്‍ ഒരുക്കുന്നത് പ്രത്യേക കല്ലറയാണ്. ശുശ്രൂഷകള്‍ക്ക് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കത്തോലിക്കാ ബാവ നേതൃത്വം നല്‍കും. ‘കരോട്ട് വള്ളകാലില്‍’ കുടുംബ കല്ലറ നിലനില്‍ക്കേയാണ് ഉമ്മന്‍ചാണ്ടിക്കായി പ്രത്യേക കല്ലറ ഒരുങ്ങുന്നത്. വൈദികരുടെ കല്ലറയോട് ചേര്‍ന്നാണ് പ്രത്യേക കല്ലറ. വൈകിട്ട് മൂന്നരയോടെ സംസ്‌കാര ശുശ്രൂഷകള്‍ തുടങ്ങും. നാലരയോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകും. അഞ്ച് മണിക്ക് അനുശോചന സമ്മേളനം ആരംഭിക്കും.



