വയോധികയുടെ മാല കവരാൻ വേണ്ടി ആക്രമണം നടത്തിയ ഓട്ടോ ഡ്രൈവറും കാമുകിയും മോഷണത്തിന് വേണ്ടി ഒരുമിച്ചവർ : രണ്ടു കല്ല്യാണം കഴിച്ച ജാഫർ അവരെ ഉപേക്ഷിച്ചു ഭർത്താവ് ഉപേക്ഷിച്ച സിന്ധുവിനൊപ്പം ചേർന്നു : നാട്ടുകാരുടെ മുന്നിൽ ഭാര്യാഭർത്താക്കന്മാർ ചമഞ്ഞു: അമിതവേഗത്തിൽ പാഞ്ഞ ഓട്ടോറിക്ഷയുടെ പിന്നിൽ ഒരു സ്ത്രീ മറ്റൊരാളെ ആലിംഗനം ചെയ്തിരിക്കുന്നതു കണ്ടു എന്ന മൊഴി കേസിൽ നിർണായകമായി
സ്വന്തം ലേഖകൻ
തൃശൂർ: വയോധികയുടെ മാല കവരാൻ വേണ്ടി ആക്രമണം നടത്തിയ ഓട്ടോ ഡ്രൈവറും കാമുകിയും അറസ്റ്റിലാകുമ്പോൾ പുറത്ത് വരുന്നത്. മോഷണത്തിന് വേണ്ടി ഒരുമിച്ച അവിഹിത പ്രണയത്തിന്റെ കഥകൾ . തൃശ്ശൂർ മുളങ്കുന്നത്തുകാവ് പൂമാല വട്ടായി കരിമ്പത്ത് സുശീല എന്ന 70 കാരിക്കെതിരെയാണ് ഫെബ്രുവരി 9ന് ക്രൂരമായ ആക്രമണത്തിന് ഇരയാക്കിയത്.
ഓട്ടോയിൽ ലിഫ്റ്റ് നൽകിയ ശേഷം തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ച് കവർന്ന മല മുക്കുപണ്ടമാണെന്ന് സുശീല പറഞ്ഞതോടെ ഇവരെ റോഡരികിൽ തള്ളിയാണ് ഓട്ടോ ഡ്രൈവറും ഒരു യുവതിയും അടങ്ങുന്ന സംഘം കടന്നു കളഞ്ഞത്. കേസിൽ ഓട്ടോ ഡ്രൈവറും കാമുകിയും പിടിയിലായത് പൊലീസിന്റെ സമർത്ഥമായ നീക്കത്തിലൂടെയാണ്. ചാലക്കുടിയിലെ മേലൂരിൽ വാടകയ്ക്കു താമസിക്കുന്ന തൊടുപുഴ ഏഴല്ലൂർ ദേശം കുമാരമംഗലം പാഴേരിയിൽ ജാഫർ (32), തൊടുപുഴ കാഞ്ഞിമറ്റം ആലപ്പാട്ട് സിന്ധു (40) എന്നിവരെയാണ് ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടുക്കിയിൽ ആടുകളെ ഓട്ടോയിൽ കടത്തിക്കൊണ്ടു പോയ കേസിലെ പ്രതിയായിരുന്നു ജാഫർ. നേരത്തെ രണ്ടു വിവാഹം കഴിച്ചിട്ടുണ്ട്. ആ ഭാര്യമാരെ ഉപേക്ഷിച്ച് സിന്ധുവിനൊപ്പം ചേർന്ന്. സിന്ധുവിനെ ഭർത്താവ് ഉപേക്ഷിച്ചതാണ്. രണ്ടു പെൺമക്കളുണ്ട്. ഒരു മകളുടെ വിവാഹം കഴിഞ്ഞു. ഇളയ മകൾ ഭർത്താവിന്റെ വീട്ടിലാണ്. ജാഫറും സിന്ധുവും ഒന്നിച്ചാണ് താമസം. ജാഫറിനെതിരായ കേസുകളിൽ ഹാജാരാകാനാണ് സ്ഥിരമായി ഓട്ടോയിൽ ഇടുക്കിയിലേക്ക് പോകുന്നത്. ജാഫറും സിന്ധുവും ഭാര്യാഭർത്താക്കന്മാർ ചമഞ്ഞ് ചാലക്കുടിയിൽ വാടകവീട്ടിൽ താമസിക്കുകയായിരുന്നു. തട്ടുകട നടത്തുകയാണെന്നാണ് നാട്ടുകാരോട് പറഞ്ഞിരുന്നത്. ഇവരുടെ പേരിൽ എറണാകുളം, കോട്ടയം ജില്ലകളിൽ നാല് മോഷണക്കേസുകളുണ്ട്. ഒരു മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് രണ്ടരമാസം മുമ്പാണ്.
വയോധികയെ തലയ്ക്കടിച്ച് ഇവർ സ്വന്തമാക്കിയത് മൂന്നു പവന്റെ ആഭരണമാണ്. തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഡാമിൽ തള്ളി സ്വർണവുമായി മുങ്ങാനായിരുന്നു പദ്ധതി. തിരൂരിൽ ബസ് കാത്തുനിൽക്കുകയായിരുന്ന ഇവരെ സ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോയിൽ കയറ്റിയശേഷം ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം മാല പിടിച്ചു പറിക്കുകയായിരുന്നു. തുടർന്ന് പത്താഴക്കുണ്ട് അണക്കെട്ടിലേക്ക് സുശീലയെ തള്ളിയിടാനായിരുന്നു പദ്ധതി. എന്നാൽ അണക്കെട്ടിൽ വെള്ളമില്ലാത്തതിനാൽ റബ്ബർത്തോട്ടത്തിൽ തള്ളിയിട്ട് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ സഞ്ചരിച്ച ഓട്ടോയിൽ പതിച്ചിരുന്ന പ്രത്യേക സ്റ്റിക്കർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
കോതമംഗലം, തൊടുപുഴ പൊലീസ് സ്റ്റേഷനുകളിലായി 4 മോഷണക്കേസുകളിൽ പ്രതിയാണിവർ. 6 ആടുകളെ മോഷ്ടിച്ച് ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയതിന്റെ പേരിൽ ഇവർക്കു ജയിൽശിക്ഷയും ലഭിച്ചിരുന്നു. രണ്ടരമാസം മുൻപാണ് പുറത്തിറങ്ങിയത്. ആഴ്ചയിൽ മൂന്നു ദിവസം വീതം കോതമംഗലം പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന് ഇവർക്കു നിർദ്ദേശം ലഭിച്ചിരുന്നു. ഇതാണ് മേലൂരിൽ നിന്നു കോതമംഗലത്തേക്ക് ഓട്ടോയാത്ര നടത്തിയത്. മാസങ്ങൾക്കു മുൻപാണ് ഇരുവരും ഒന്നിച്ചു ജീവിതം തുടങ്ങിയതെന്നു പൊലീസ് കണ്ടെത്തി.കുടുംബത്തെ ഉപേക്ഷിച്ച് ഇരുവരും മേലൂരിലേക്കു ചേക്കേറുകയായിരുന്നു.
ഓട്ടോയുടെ ചിത്രം കിട്ടിയതാണ് കേസിൽ വഴിത്തിരിവായത്. പത്താഴക്കുണ്ട് ഡാമിനു സമീപത്തുകൂടി നടന്നുപോയ ട്യൂഷൻ മാസ്റ്റർ നൽകിയ ദൃക്സാക്ഷി മൊഴിയും പൊലീസിനു തുണയായി. അമിതവേഗത്തിൽ പാഞ്ഞ ഓട്ടോറിക്ഷയുടെ പിന്നിൽ ഒരു സ്ത്രീ മറ്റൊരാളെ ആലിംഗനം ചെയ്തിരിക്കുന്നതു കണ്ടു എന്നായിരുന്നു ഇദ്ദേഹത്തിന്റെ മൊഴി. സുശീലയുടെ ദേഹമാസകലം ചോരയൊലിക്കുന്ന ദൃശ്യം ഇയാൾ കാണാതിരിക്കാൻ വേണ്ടി ആലിംഗനത്തിലൂടെ മറച്ചുപിടിക്കുകയായിരുന്നുവെന്നു സിന്ധു പൊലീസിനു സമ്മതിച്ചു. പ്രതികൾ ഓട്ടോറിക്ഷയിൽ സഞ്ചരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചെങ്കിലും നമ്പർ പ്ലേറ്റ് പെയിന്റടിച്ചു മറച്ച നിലയിലായിരുന്നു. പിന്നീട് പാലിയേക്കര ടോൾപ്ലാസയുടെ കാമറയിലെ ദൃശ്യങ്ങൾ തിരഞ്ഞു. ഓട്ടോ കടന്നു പോയതായി കണ്ടെത്തി. ചാലക്കുടിയിലെ ചില സിസിടിവികളിലും ഓട്ടോ ഉണ്ട്. പക്ഷേ, നമ്പർ വ്യക്തമല്ല. ചാലക്കുടി കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു.
പിന്നീട് പൊലീസ് ചാലക്കുടിയിലെ എല്ലാ ഓട്ടോ സ്റ്റാൻഡുകളിലും പരിശോധന നടത്തി. ഓട്ടോക്കാരുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് ഈ ഓട്ടോയുടെ ചിത്രം അയച്ചു.എട്ടു സംഘങ്ങളായി തിരിഞ്ഞ് ഷാഡോ പൊലീസ് സംഘം പലവഴിക്കു പോയി. കുറേ ഓട്ടോ സ്റ്റാൻഡുകളിൽ കയറി. ആളുകൾക്ക് ഓട്ടോയുടെ ചിത്രം കാണിച്ചു കൊടുത്തു. തൊടുപുഴ, മൂവാറ്റുപുഴ മേഖലകളിൽ കാണുന്ന ഓട്ടോകൾക്കാണു മുകളിൽ രണ്ടു വലിയ ലൈറ്റുകൾ പിടിപ്പിക്കാറ് എന്ന ഓട്ടോക്കാരുടെ സംശയത്തിലായിരുന്നു പിന്നെ അന്വേഷണം.
ചാലക്കുടി മേലൂരിലൂടെ ഷാഡോ പൊലീസ് സംഘം ഈ ഓട്ടോയുടെ ഫോട്ടോ കാണിച്ചു കൊടുക്കുകയാണ്. ഓട്ടോ സ്റ്റാൻഡിൽ ഡ്രൈവർമാർക്ക് ഫൊട്ടോ കാണിക്കുന്നതിനിടെ അതുവഴി വന്ന യാത്രക്കാരിയും ഫോട്ടോ കണ്ടു. അവർ ഷാഡോ പൊലീസിന് സൂചന നൽകി. ഇവിടെ ഒരു പുരുഷനും സ്ത്രീയും വന്ന് താമസിക്കുന്നുണ്ട്. രണ്ടു മാസമായി. ഇതുപോലെ ഒരു ഓട്ടോയിലാണ് അവർ പോകുന്നത്. രാവിലെ ആറു മണിക്കു പോകും രാത്രി പതിനൊന്നു മണിയ്ക്കേ വരാറുള്ളൂവെന്നും നാട്ടുകാരുമായി ബന്ധമില്ലെന്നും ഇവർ പറഞ്ഞു.അതേ സമയം ഓട്ടോയുടെ ദൃശ്യത്തിൽ ഒരു ചെരിപ്പും പതിഞ്ഞിരുന്നു. പുറകിലിരുന്ന സ്ത്രീയുടെ കാലിലെ ചെരുപ്പിന്റെ ഒരു ഭാഗം. മേലൂരിലെ വഴിയാത്രക്കാരി പറഞ്ഞ വീട്ടിൽ എത്തിയപ്പോൾ അവിടെ ആരുമില്ലായിരുന്നു. വീട് പൂട്ടി പുറത്തു പോയിരിക്കുന്നു. പക്ഷേ സിസിടിവി ദൃശ്യത്തിൽ കണ്ട സ്ത്രീയുടെ കാലിലെ ചെരിപ്പ് വീടിനു പുറത്ത് കിടന്നിരുന്നു. ഇത് വഴിത്തിരിവായി. അങ്ങനെയാണ് ഇവർ കുടുങ്ങിയത്.