കഴുത്തിലെ എല്ലുകള്‍ ഒടിഞ്ഞു, തൈറോയിഡ് ഗ്രന്ഥിക്കും പരിക്ക്; സംസ്‌കാരത്തിനിടെ വയോധികയുടെ മൃതദേഹം പൊലീസ് ഏറ്റെടുത്ത സംഭവം; വൃദ്ധമാതാവിനെ മകന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തല്‍

സ്വന്തം ലേഖകന്‍

മാവേലിക്കര: ആലപ്പുഴ തെക്കേക്കരയില്‍ സംസ്‌കാരത്തിനിടെ മൃതദേഹം പൊലീസ് ഏറ്റെടുത്ത സംഭവത്തില്‍ വയോധികയുടെ മരണം കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ചെറുകുന്നം ലക്ഷംവീട് കോളനിയില്‍ കന്നിമേല്‍ പറമ്പില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ ചിന്നമ്മ (80) യുടെ മരണമാണ് കൊലപാതകമാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മകന്‍ സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച വൈകുന്നേരത്തോടെ മരിച്ച ചിന്നമ്മയുടെ മൃതദേഹം രാത്രി ഒന്‍പതോടെ സംസ്‌കാരത്തിനായി എടുത്തപ്പോഴായിരുന്നു കുറത്തികാട് പൊലീസ് എത്തി സംശയത്തിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം കസ്റ്റഡിയില്‍ എടുത്തത്. മരണത്തില്‍ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി സമീപവാസികള്‍ കൊടുത്ത പരാതിയിലായിരുന്നു നടപടി. പ്രാഥമിക മൃതദേഹ പരിശോധനയില്‍ കഴുത്തിലെ ചതവ് പാട് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴയില്‍ പൊലീസ് സര്‍ജന്റെ നേതൃത്വത്തില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതായി കണ്ടെത്തി. തൈറോയിഡ് ഗ്രന്ഥിക്ക് പരിക്കേറ്റതും കഴുത്തിലെ എല്ലുകള്‍ ഒടിഞ്ഞതുമാണ് മരണകാരണം.

മകന്‍ സന്തോഷിനൊപ്പമായിരുന്നു ചിന്നമ്മയും ഭിന്നശേഷിക്കാരനായ ഇളയ മകന്‍ സുനിലും താമസിച്ചു വന്നിരുന്നത്. സന്തോഷിനെ ചോദ്യം ചെയ്തു വരുന്നതായി കുറത്തികാട് പൊലീസ് പറഞ്ഞു. കുറത്തികാട് സി.ഐ വിശ്വംഭരന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.