വീടുകുത്തിത്തുറന്ന് രണ്ടു പവൻ മോഷ്ടിച്ചു: മലപ്പുറം സ്വദേശിയ്ക്ക് ഏഴു വർഷം കഠിന തടവ്

വീടുകുത്തിത്തുറന്ന് രണ്ടു പവൻ മോഷ്ടിച്ചു: മലപ്പുറം സ്വദേശിയ്ക്ക് ഏഴു വർഷം കഠിന തടവ്

സ്വന്തം ലേഖകൻ

കോട്ടയം: വീട് കുത്തിത്തുറന്ന് രണ്ടു പവൻ മോഷ്ടിച്ച കേസിൽ മലപ്പുറം സ്വദേശിയ്ക്ക് ഏഴു വർഷം കഠിന തടവ്. മലപ്പുറം നിലമ്പൂർ കുന്നുമ്മേൽ വീട്ടിൽ സുരേഷി (പനച്ചിപ്പാറ സുരേഷ് – 49)നെയാണ് ഏറ്റുമാനൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് സന്തോഷ് ദാസ് ശിക്ഷിച്ചത്. പതിനായിരം രൂപ പിഴയായും അടയ്ക്കണം.
2012 ലായിരുന്നു കേസിനാസ്പദമായ സംഭവം. കിടങ്ങൂർ കടപ്ലാമറ്റം മാറിടം ഭാഗത്ത് പാറയ്ക്കൽ ജോർജിന്റെ വീട്ടിൽ മോഷണം നടത്തിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മറ്റൊരു മോഷണക്കേസിൽ ഈരാറ്റുപേട്ട പൊലസ് പിടികൂടി ചോദ്യം ചെയ്തതോടെയാണ് ഇയാൾ മോഷണം നടത്തിയത് സമ്മതിച്ചത്. തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷ്്ടിച്ച രണ്ടു പവൻ സ്വർണം ഇയാളുടെ വീട്ടിൽ നിന്നു കണ്ടെത്തിയിരുന്നു.
പാലാ ഡിവൈ.എസ്.പി ആയിരുന്ന വി.ജി വിനോദ്കുമാറിന്റെ മേൽനോട്ടത്തിൽ കിടങ്ങൂർ എസ്.ഐ ആയിരുന്ന എസ്.പ്രതീഷാണ് കേസ് അന്വേഷിച്ചത്. അന്വേഷണ സംഘത്തിൽ എ.എസ്.ഐ സി.ജി സജികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സ്റ്റാൻലി തോമസ് എന്നിവരുമുണ്ടായിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി.അനുപമ ഹാജരായി. സംസ്ഥാത്തെമ്പാടുമായി 27 കേസുകളിൽ പ്രതിയാണ് സുരേഷ്.