മിന്നൽ മോഷ്ടാവ് ഉമേഷ് പിടിയിൽ: പിടിയിലായത് പുതുപ്പള്ളിയിലെ വീട്ടിലെ മോഷണക്കേസിൽ

മിന്നൽ മോഷ്ടാവ് ഉമേഷ് പിടിയിൽ: പിടിയിലായത് പുതുപ്പള്ളിയിലെ വീട്ടിലെ മോഷണക്കേസിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ആളില്ലാത്ത വീടുകളിലെത്തി മിന്നൽ വേഗത്തിൽ മോഷണം നടത്തി മുങ്ങുന്ന ആന്ധ്രാ സ്വദേശിയായ മോഷ്ടാവ് പൊലീസിന്റെ പിടിയിലായി. ആന്ധ്ര സ്വദേശിയും തമിഴ്‌നാട്ട് തിരുപ്പത്തൂരിൽ സ്ഥിര താമസക്കാരനുമായ ഉമേഷി(32)നെയാണ് ഡിവൈ.എസ്.പി ഷാജിമോൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 14 ന് പുതുപ്പള്ളി പള്ളിക്കു സമീപം ചൂരംപ്പള്ളിൽ വർഗീസിന്റെ വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പുതുപ്പള്ളിയിലേതു കൂടാതെ അയർക്കുന്നം, ചങ്ങനാശേരി എന്നിവിടങ്ങളിലും പ്രതി മോഷണം നടത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.
സംഭവ സ്ഥലത്തു നിന്നു ലഭിച്ച വിരലടയാളവും, സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് പൊലീസ് സംഘം പ്രതിയെ കണ്ടെത്തിയത്. തുടർന്നു സംസ്ഥാനത്തെയും, പുറത്തെയും വിവിധ ജയിലുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. പുതുപ്പള്ളിയിലെ വീട്ടിൽ നിന്നും ഉമേഷിന്റെ വിരലടയാളം ലഭിച്ചിരുന്നു. ഈ വിരലടയാളം തമിഴ്‌നാട്ടിലേയ്ക്കു അയച്ചു നൽകിയിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഉമേഷ് തമിഴ്‌നാട്ടിൽ അറസ്റ്റിലായപ്പോൾ ഈ വിരലടയാളവുമായി സാമ്യമുണ്ടെന്നു കണ്ടെത്തുകയായിരുന്നു. തുടർന്നു തമിഴ്‌നാട് പൊലീസ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനെ ബന്ധപ്പെട്ടു. തുടർന്നു പ്രതിയുടെ വിവരങ്ങൾ കൈമാറുകയായിരുന്നു.
അയർക്കുന്നം എസ്.ഐ അനിൽകുമാർ, സി.പി.ഒ സുജിത്, ജില്ലാ പൊലീസ് മേധാവിയുടെ ആന്റീഗുണ്ടാ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐമാരായ ഷിബുക്കുട്ടൻ, അജിത്, സിവിൽ പൊലീസ് ഓഫിസർ സുജിത്, ബൈജു, ദിലീപ് വർമ്മ എന്നിവരുടെ നേതൃത്വത്തിൽ തമിഴ്‌നാട്ടിൽ നിന്നും പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കേരളത്തിലെ വിവിധ ജയിലിലുകളിൽ ഇയാൾ നേരത്തെ തടവിൽ കഴിഞ്ഞിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.