മോഷണക്കേസ് പ്രതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ചാടി രക്ഷപെട്ടു: രക്ഷപെട്ടത് പൊലീസ് കസ്റ്റഡിയിൽ ചായ കുടിക്കാൻ പോകുന്നതിനിടെ; സംഭവം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

മോഷണക്കേസ് പ്രതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ചാടി രക്ഷപെട്ടു: രക്ഷപെട്ടത് പൊലീസ് കസ്റ്റഡിയിൽ ചായ കുടിക്കാൻ പോകുന്നതിനിടെ; സംഭവം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

ക്രൈം ഡെസ്‌ക്
കോട്ടയം: നിരവധി മോഷക്കേസുകളിൽ പ്രതിയായ ആലപ്പുഴ രാമങ്കരി സ്വദേശിയായ മോഷ്ടാവ് പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടി രക്ഷപെട്ടു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാനസികാരോഗ്യ ചികിത്സാ വിഭാഗമായി നാലാം വാർഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആലപ്പുഴ രാമങ്കരി ചിറയിൽ വീട്ടിൽ സണ്ണിയാണ് (60) പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടത്.
മോഷണക്കേസിൽ ചങ്ങനാശേരി പൊലീസ് പിടികൂടിയ സണ്ണി  പൊൻകുന്നം സബ് ജയിലിൽ റിമാൻഡിലായിരുന്നു. ഇതിനിടെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച സണ്ണിയെ കഴിഞ്ഞ മൂന്നു മാസമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.ഇതിനിടെയാണ് സണ്ണി പൊലീസ് ഉദ്യോഗസ്ഥന്റെ കണ്ണുവെട്ടിച്ച് രക്ഷപെട്ടത്.
ഞായറാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം.
മാനസിക അസ്വാസ്ഥ്യമുള്ള രോഗിയാണെങ്കിലും അക്രമ സ്വഭാവം കാട്ടാത്തതിനാൽ ഇയാളെ ബന്ധിക്കാറില്ല. വാർഡിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ പുറത്തിറക്കി ചായകുടിക്കാൻ കൊണ്ടു പോകുകയായിരുന്നു. ഇതിനിടെ പൊലീസുകാരന്റെ കണ്ണുവെട്ടിച്ച് സണ്ണി ചാടി രക്ഷപെട്ടു.

നിരവധി മോഷണക്കേസുകളിൽ സണ്ണി പ്രതിയാണെന്നു പൊലീസ് പറഞ്ഞു. പ്രതി ചാടി രക്ഷപെട്ടവിവരം അറിഞ്ഞതോടെ ഗാന്ധിനഗർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് ജോസ്, എസ്.ഐ ടി.എസ് റെനീഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
 പ്രതിയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിസരത്തും തിരച്ചിൽ നടത്തുന്നുണ്ട്. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.