പെരുമ്പാവൂരിൽ സ്വകാര്യ ബസിൽ നിന്നും മാല മോഷ്ടിച്ചു; തമിഴ്‌നാട് സ്വദേശികളായ സ്ത്രീകളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി; പിടിയിലാവരുടെ കഥകേട്ട് നാട്ടുകാർ ഞെട്ടി..!
സ്വന്തം ലേഖകൻ
പെരുമ്പാവൂർ: പെരുമ്പാവൂരിൽ സ്വകാര്യ ബസിൽ നിന്നും വീട്ടമ്മയുടെ മാല മോഷ്ടിച്ച ശേഷം ഓടിരക്ഷപെടാൻ ശ്രമിച്ച തമിഴ്‌നാടോടി സംഘത്തെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിന് കൈമാറി. തമിഴ്‌നാട് പൊള്ളാച്ചി, മരപ്പെട്ടവീഥി മാണിക്യന്റെ മകൾ ഇന്ദ്ര (46) പൊള്ളാച്ചി മരപ്പെട്ടി വീഥി മാണിക്യന്റെ മകൾ ശിവനിയ (45) എന്നിവരെയാണ് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്. ചെറുപ്പം മുതൽ മോഷണം തുടങ്ങിയ ഈ സ്ത്രീകൾക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അൻപതോളം മോഷണക്കേസുകൾ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ പത്തരയോടെ പെരുമ്പാവൂരിലായിരുന്നു സംഭവങ്ങൾ. മാന്യമായി വസ്ത്രം ധരിച്ച് ബസിൽ കയറിയ ഇരുവരും പെരുമ്പാവൂർ സ്വദേശിയായ വീട്ടമ്മയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മാല മോഷണം പോയ വിവരം അറിഞ്ഞ് വീട്ടമ്മ ബഹളം വച്ചതോടെ ഇവർ ബസിൽ നിന്നും ഇറങ്ങിയോടി. ഓടിയെത്തിയ ഇവർ ഇവിടെ നിന്നും ഒരു ഓട്ടോറിക്ഷയിലാണ് കയറിയത്. പിന്നാലെ എത്തിയ നാട്ടുകാർ ഓട്ടോറിക്ഷ തടഞ്ഞു നിർത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് ഇവരെ പിടിച്ചിറക്കി. എന്നാൽ, നാട്ടുകാരെ വെട്ടിച്ച നാടോടി സംഘം ഇവിടെ നിന്നും ഓടി മറ്റൊരു ബസിൽ കയറി. ഇവിടെയും നാട്ടുകാർ തമിഴ് സംഘത്തെ വിട്ടില്ല. ഓട്ടോഡ്രൈവർമാരായ കെബീർ, ഷെമീർ, ബിനു എന്നിവർ ചേർന്ന് ഇവരെ പിന്നാലെ എത്തി ഓടിച്ചിട്ട് പിടിച്ചു. തുടർന്ന് ഇവരെ പെരുമ്പാവൂർ പൊലീസിനു കൈമാറി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷണം അടക്കം നിരവധി കേസുകളിൽ പ്രതികളാണ് ഇരുവരുമെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബാഗിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണവും പണവും പഴ്‌സും ഒരു അനക്കവുമില്ലാതെ കൃത്യമായി മോഷ്ടിക്കാൻ ഇവർക്ക് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്. ഇതേ രീതിയിലാണ് വീട്ടമ്മയുടെ മാല ബസിനുള്ളിൽ നിന്ന് മോഷ്ടിച്ചതൈന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇടയ്ക്ക് എവിടെയോ പാളിച്ചയുണ്ടായപ്പോഴാണ് മോഷണം പാളം തെറ്റിയതും ഇരുവരും പിടിയിലായതും.