സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്നു; ഒക്ടോബർ 25 മുതല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ തിയറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാം; പ്രധാന റിലീസുകള്‍ ഇവ

സ്വന്തം ലേഖിക

കൊച്ചി: നീണ്ട ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ തുറക്കുകയാണ്.

ഒക്ടോബർ 25 മുതല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ തിയറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാം. പ്രഖ്യാപനം വന്നതോടെ നിരവധി ചിത്രങ്ങളാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഏപ്രില്‍ 25നു അടച്ച തിയറ്ററുകള്‍ ആറുമാസത്തിനു ശേഷം ആണ് വീണ്ടും തുറക്കുന്നത്.

അതേസമയം 50 ശതമാനം പ്രവേശനത്തോടെ റിലീസ് നഷ്ടമായിരിക്കുമെന്ന് അറിയിച്ചുകൊണ്ട് മരക്കാര്‍, ആറാട്ട് അടക്കമുള്ള ബിഗ് ബജറ്റ് ചിത്രങ്ങള്‍ ആരംഭ സമയത്തെ റിലീസില്‍ നിന്ന് പിന്മാറിയിരുന്നു.

കാവല്‍, അജഗജാന്തരം, കുറുപ്പ്, ഭീമന്‍റെ വഴി, മിഷന്‍ സി, സ്റ്റാര്‍ തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് മലയാളത്തില്‍ നിന്ന് ആദ്യം തിയറ്ററുകളിലെത്താന്‍ ഒരുങ്ങുന്നത്. ജെയിംസ് ബോണ്ട് ചിത്രം നോ ടൈം റ്റു ഡൈ കൂടാതെ ദീപാവലിക്ക് മറുഭാഷകളില്‍ നിന്ന് വമ്പന്‍ റിലീസുകളുമുണ്ട്. രജനീകാന്തിന്‍റെ അണ്ണാത്തെ, വിശാല്‍ ചിത്രം എനിമി, അക്ഷയ് കുമാര്‍ ചിത്രം സൂര്യവന്‍ശി എന്നിവയൊക്കെ കേരളത്തിലെ തിയറ്ററുകളിലുമെത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിയറ്ററുകള്‍ തുറക്കുമ്പോള്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന പ്രധാന റിലീസുകള്‍;

കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ആദ്യ മലയാള ചിത്രം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന സ്റ്റാറാണ്. ഒക്ടോബർ 29നാണ് ചിത്രത്തിന്‍റെ റിലീസ്. പൃഥ്വിരാജ്, ഷീലു എബ്രഹാം, ജോജു ജോര്‍ജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം അബാം മൂവീസിന്‍റെ ബാനറില്‍ എബ്രഹാം മാത്യുവാണ് നിര്‍മിക്കുന്നത്. സുവിന്‍ എസ് സോമശേഖരനാണ് തിരക്കഥ. എം. ജയചന്ദ്രനും രഞ്ജിന്‍ രാജും സംഗീത സംവിധാനം നിര്‍വഹിച്ചിച്ചിരിക്കുന്ന സ്റ്റാറിന്റെ പശ്ചാത്തല സംഗീതം വില്യം ഫ്രാന്‍സിസാണ്.

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിന്‍ രഞ്ജി പണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാവല്‍’. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്‍റെ കഥ ദൃശ്യവല്‍ക്കരിക്കുന്ന ആക്ഷന്‍ ഫാമിലി ഡ്രാമ ചിത്രം നവംബര്‍ 25ന് തിയറ്ററുകളിലെത്തും. ഗുഡ് വില്‍ എന്‍റര്‍ടെയ്ന്‍മെന്‍സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ രഞ്ജി പണിക്കര്‍,ശങ്കര്‍ രാമകൃഷ്ണന്‍,സുരേഷ് കൃഷ്ണ,പത്മരാജ് രതീഷ്,ശ്രീജിത്ത് രവി,സാദ്ദിഖ്,രാജേഷ് ശര്‍മ്മ,സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. നിഥിന്‍ രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടെയ്ല്‍ എന്‍ഡ് എഴുതുന്നത് രണ്‍ജി പണിക്കര്‍ ആണ്.

ദുല്‍ഖര്‍ സല്‍മാന്‍-ശ്രീനാഥ് രാജേന്ദ്രന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന കുറുപ്പ് പ്രേക്ഷകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ്. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യും. ചിത്രത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ദുല്‍ഖറിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ എന്‍റര്‍ടൈന്‍മെന്‍റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ.എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.

ആന്‍റണി വര്‍ഗീസിനെ നായകനാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ‘അജഗജാന്തരം’ ആണ് മറ്റൊരു ചിത്രം. സിനിമാ തിയറ്ററുകള്‍ തുറക്കുന്നുവെന്ന പ്രഖ്യാപനം വന്നതിനു പിന്നാലെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ച ആദ്യ ചിത്രമാണിത്. ചിത്രം ഈ മാസം 29ന് ദിനങ്ങളില്‍ റിലീസ് ചെയ്യുമെന്നും 300ല്‍ പരം തിയറ്ററുകളില്‍ എത്തിക്കുമെന്നും അണിയറക്കാര്‍ അറിയിച്ചു. ‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ എന്ന ചിത്രത്തിനുശേഷം ടിനു പാപ്പച്ചനും ആന്‍റണി വര്‍ഗീസും ഒരുമിക്കുന്ന ചിത്രമാണ് അജഗജാന്തരം. ചെമ്ബന്‍ വിനോദ്, അര്‍ജ്ജുന്‍ അശോകന്‍, സാബുമോന്‍, സുധി കോപ്പ, ലുക്ക്മാന്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ചെമ്ബന്‍ വിനോദ് ജോസ് തിരക്കഥ എഴുതി അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീമന്‍റെ വഴി. കുഞ്ചാക്കോ ബോബന്‍, ചിന്നു ചാന്ദിനി, ചെമ്ബന്‍ വിനോദ് ജോസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനോക്കള്‍. ചിത്രം നവംബര്‍ 19ന് തിയറ്ററുകളില്‍ എത്തും. നിസാം കാദിരിയാണ് എഡിറ്റിംഗ്. ആഷിക്ക് അബു, റിമ കല്ലിങ്കല്‍, ചെമ്ബന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനാണ്.

യുവ നടന്‍ അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മിഷന്‍ സി’. എം സ്‌ക്വയര്‍ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിര്‍മിക്കുന്ന ‘മിഷന്‍-സി’ എന്ന റിയലിസ്റ്റിക് ക്രെെം ആക്ഷന്‍ എന്‍ഗേജിങ് ത്രില്ലര്‍ ചിത്രത്തില്‍ മീനാക്ഷി ദിനേശാണ് നായിക. ഒക്ടോബര്‍ 29-ന് ഇന്ത്യയിലുടനീളം മേപ്പാടന്‍ ഫിലിംസ് ചിത്രം തിയേറ്ററികളിലെത്തിക്കും.

കൂടാതെ ആന്‍റണി വര്‍ഗ്ഗീസിന്‍റെ ആനപ്പറമ്ബിലെ വേള്‍ഡ് കപ്പ്, സുരാജ് വെഞ്ഞാറമൂടിന്‍റെ റോയ്, പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഹൃദയം, അനൂപ് മേനോന്‍ നായകനാകുന്ന മരട് 357, ജോജുവിന്‍റെ ഒരു താത്വിക അവലോകനം തുടങ്ങിയ സിനിമകളും ഉടന്‍ റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

25ാം തിയതി തിങ്കളാഴ്ച ആയതിനാല്‍ എല്ലാ തിയറ്ററുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല എന്നാണ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്‍റെ ഭാരവാഹികള്‍ പറയുന്നത്. സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ തുറക്കുന്നതിനു മുന്നോടിയായി തിങ്കളാഴ്ച സര്‍ക്കാര്‍ സിനിമാ സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. സിനിമ, സാംസ്‍കാരിക മന്ത്രി സജി ചെറിയാന്‍ വിളിച്ചിരിക്കുന്ന യോഗത്തില്‍ സെക്കന്‍ഡ് ഷോ അനുവദിക്കുക, നികുതി കുടിശ്ശിക ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ തിയറ്റര്‍ ഉടമകള്‍ ആവശ്യപ്പെടും. അന്‍പത് ശതമാനം സീറ്റില്‍ മാത്രം പ്രവേശനം അനുവദിക്കുന്നതിന്‍റെ പ്രയാസവും സര്‍ക്കാരിനെ അറിയിക്കും.