
ട്രിവാന്‍ഡ്രം ക്ലബ്ബില്‍ പണം വെച്ച് ചീട്ടുകളിച്ച സംഭവം; പിടിയിലായ സംഘത്തിൽ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരനും, യുണൈറ്റഡ് ഇലക്‌ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എംഡിയുമായ വിനയകുമാറിനെ രക്ഷിക്കാൻ പോലീസ് ശ്രമം; യുണൈറ്റഡ് ഇലക്‌ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എംഡി വിനയകുമാർ തന്നെയാണോ പിടിയിലായതെന്നുള്ള ഉറപ്പില്ലെന്ന് പോലീസ് ഭാഷ്യം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബ്ബില്‍ പണം വെച്ച് ചീട്ടുകളിച്ച സംഘം പിടിയിലായ സംഭവത്തില്‍ പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്‌ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എംഡിയും കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരനുമായ വിനയകുമാറിനെ രക്ഷിക്കാന്‍ പോലീസ് ശ്രമം.
എഫ്‌ഐആറില്‍ അച്ഛന്റെ പേര് മാറ്റി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി ഏഴര മണിയോടെയാണ് ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്നും പണം വച്ച് ചീട്ടുകളിച്ച ഒമ്ബതുപേരെ പോലീസ് അറസ്റ്റുചെയ്തത്. 5.6 ലക്ഷം രൂപയും ഇവരില്‍ നിന്നും പിടിച്ചെടുത്തു. യുണൈറ്റഡ് ഇലക്‌ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എംഡി വിനയകുമാറിന്റെ പേരിലാണ് മുറിയെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ലബ്ബിലെ ഏറ്റവും പുറകിലെ അഞ്ചാം നമ്ബര്‍ ക്വാട്ടേഴ്‌സില്‍ പണംവച്ച് ചീട്ടുകളിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന. വിനയകുമാറിനെ കൂടാതെ പത്തനംതിട്ട സ്വദേശി അഷ്‌റഫ്, കോട്ടയം സ്വദേശി സിബി ആന്റണി, കവടിയാര്‍ സ്വദേശി സീതാറാം, കോട്ടയം സ്വദേശി മനോജ്, ചിറയിന്‍കീഴ് കുന്നുംപുറം സ്വദേശി വിനോദ്, കീഴാറ്റിങ്ങല്‍ സ്വദേശി ഷിഹാസ്, തിരുവനന്തപുരം കുന്നുകുഴി സ്വദേശി അമല്‍, വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശി ശങ്കര്‍ എന്നിവരാണ് പിടിയിലായത്. ഇവരുടെ വാഹനങ്ങളും മ്യൂസിയം പോലീസ് പരിശോധിച്ചു.
മുറി എടുത്തത് യുണൈറ്റഡ് ഇലക്‌ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എംഡിയുടെ പേരിലാണെന്ന് പോലീസിന് തെളിവും ലഭിച്ചു. ഒന്നാം പ്രതി വിനയകുമാറാണ്. എന്നാല്‍ എഫ്‌ഐആറില്‍ പേര് രേഖപ്പെടുത്തിയപ്പോള്‍ വിനയകുമാറിന്റെ അച്ഛന്റെ പേര് തെറ്റായാണ് രേഖപ്പെടുത്തിയത്. യുണൈറ്റഡ് ഇലക്‌ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എംഡി വിനയകുമാറാണോ പിടിയിലായതെന്ന് ഉറപ്പില്ലെന്നാണ് പോലീസ് ഭാഷ്യം.
ആദ്യം സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനാണെന്നും പേരും തെറ്റായാണ് പറഞ്ഞതെന്നുമാണ് ന്യായീകരണം. അത് കൂടുതല്‍ അന്വേഷണത്തിലേ വ്യക്തമാകൂ എന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ഇത് വിനയകുമാറിനെ രക്ഷിക്കാനുള്ള നീക്കമാണെന്നാണ് ആരോപണം ഉയരുന്നത്.
അതേസമയം മുറിയെടുത്തത് വിനയകുമാറാണെന്ന് ട്രിവാന്‍ട്രം ക്ലബ് ഭാരവാഹികള്‍ വാര്‍ത്താ കുറുപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്ലബില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ മെംബര്‍ ആയ യുണൈറ്റഡ് ഇലക്‌ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ക്ലബ്ബിന്റെ രണ്ട് നോമിനികളില്‍ ഒരാളായ മാനേജിങ് ഡയറക്ടര്‍ വിനയകുമാര്‍.എസ്.ആര്‍. ആണ് മുറിയെടുത്തതെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.