മിണ്ടാപ്രാണിയോട് സാമൂഹ്യ വിരുദ്ധരുടെ കൊടും ക്രൂരത; പോത്തിന്റെ ചെവികള്‍ അറുത്തുമാറ്റുകയും വയറിൽ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു; പൊലീസ് അന്വേഷണം ആരംഭിച്ചു
ആലപ്പുഴ: തകഴിയില്‍ രാത്രിയുടെ മറവിൽ നാല്‍ക്കാലിയോട് സാമൂഹ്യ വിരുദ്ധരുടെ കൊടും ക്രൂരത.
തകഴി പഞ്ചായത്ത് 3-ാം വാര്‍ഡില്‍ ചിറയകത്തെ സ്വകാര്യ പുരയിടത്തില്‍ കെട്ടിയിരുന്ന പോത്തിന്റെ ചെവികള്‍ അറുത്തുമാറ്റുകയും വയറിന്റെ ഇടതുവശത്ത് കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.
ചിറയകം വടക്കേനട സ്വദേശി രാഹുലിന്റെ ഉടമസ്ഥതയിലുള്ള ഒന്നര വയസുള്ള പോത്തിനോടാണ് സാമൂഹ്യ വിരുദ്ധരുടെ അക്രമം. രാഹുലിന്റെ വീടിന് സമീപത്തെ അറുപതില്‍ചിറ ഷാപ്പിനോട് ചേര്‍ന്ന് പുരയിടത്തിലാണ് പോത്തിനെ കെട്ടിയിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ പുലര്‍ച്ചെ പുല്ലു കൊടുക്കാന്‍ പോയ ഉടമ പോത്തിനെ കാണാഞ്ഞതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ മറ്റൊരു പുരയിടത്തില്‍ രക്തം വാര്‍ന്ന നിലയില്‍ പോത്തിനെ കണ്ടെത്തിയത്.
രക്തം ഏറെ വാര്‍ന്നിരുന്നതിനാല്‍ തല ഉയര്‍ത്തുവാനോ എഴുന്നേറ്റ് നില്‍ക്കുവാനോ കഴിയാത്ത അവസ്ഥയിലായിരുന്നു പോത്ത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പോത്തിനെ അടുത്തുള്ള മൃഗാശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഇവിടെ മൃഗഡോക്ടര്‍ ഇല്ലാത്തതിനാല്‍ ആശുപത്രി ജീവനക്കാരാണ് പ്രാഥമിക ചികിത്സ നല്‍കിയത്. ഉടമയുടെ പരാതിയിന്മേല്‍ പൊലീസും മൃഗസംരക്ഷണ വകുപ്പും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.