തലയോലപ്പറമ്പില്‍ കൊടിമരത്തില്‍ ഇടിച്ച് നിയന്ത്രണം വിട്ട സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത് ബസിൻ്റെ അമിതവേഗതയെന്ന് പരാതി; കോട്ടയം എറണാകുളം റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സുകൾക്ക് അമിതവേഗതയെന്ന് വ്യാപക പരാതി
തലയോലപ്പറമ്പ്: വെട്ടിക്കാട് മുക്കില്‍ കൊടിമരത്തില്‍ ഇടിച്ചു നിയന്ത്രണം വിട്ടു സ്വകാര്യ ബസ് താഴ്ചയിലേക്കു മറിഞ്ഞു 41 പേര്‍ക്കു പരുക്ക്.
മൂന്ന് പേരുടെ നില ഗുരുതരം. ഗുരുതരമായി പരുക്കേറ്റ എരുമേലി സ്വദേശി ദേവേഷി (18)നെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
വെട്ടിക്കാട് മുക്കിലെ ഗുരുമന്ദിരത്തിന്റെ സമീപത്തു വെച്ചായിരുന്നു അപകടം. എറണാകുളത്തു നിന്നും ഈരാറ്റുപേട്ടയ്ക്കു വന്ന ആവേ മരിയ ലിമിറ്റഡ് സ്‌റ്റോപ്പ് ബസാണ് അപകടത്തില്‍പ്പെട്ടത്. വളവു വീശി എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് താഴ്ചയിലേക്കുമറി ബസ് സമീപത്തെ അക്ഷയകേന്ദ്രത്തില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.
അമിത വേഗത്തിലായിരുന്ന ബസ് വളവു വീശി എടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു. അപകടം സംഭവിക്കുന്നതിനു തൊട്ടു മുൻപ് സ്റ്റിയറിങ്ങിൽനിന്നു ഡ്രൈവറുടെ പിടിത്തം നഷ്ടപ്പെട്ടെന്ന് യാത്രക്കാർ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തെ തുടര്‍ന്ന് 2 മണിക്കൂറിലേറെ തലയോലപ്പറമ്പ് – എറണാകുളം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. പരുക്കേറ്റവരെ സി.കെ.ആശ എംഎൽഎ, കലക്ടർ ജോൺ വി. സാമുവൽ, തഹസിൽദാർ കെ.ആർ.മനോജ് എന്നിവർ സന്ദർശിച്ചു.
കടുത്തുരുത്തിയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും തലയോലപ്പറമ്പ് പോലീസും സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.
കോട്ടയം – എറണാകുളം റൂട്ടില്‍ ബസുകളുടെ മരണപ്പാച്ചില്‍ നിരവധി അപകടങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ജീവനെ യാതൊരു വിലകല്‍പ്പിക്കാതെയാണ് ഇതുവഴിയുള്ള ബസുകളുടെ മരണപ്പാച്ചില്‍. അനവധി അപകടങ്ങള്‍ നടക്കുന്നുണ്ടെങ്കിലും മോട്ടോര്‍ വാഹന വകുപ്പ് അടക്കം ഇവിടങ്ങളില്‍ യാതൊരുവിധ പരിശോധനയോ വേണ്ട നടപടികളോ സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.