ശബരിമല അവലോകനയോഗം; തച്ചങ്കരി യോഗത്തിൽനിന്നും ഇറങ്ങിപ്പോയി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമല അവലോകനയോഗത്തിൽ നിന്ന് ടോമിൻ ജെ.തച്ചങ്കേരി ഇറങ്ങിപ്പോയി. ഇതിനെതിരെ രൂക്ഷമായി വിമർശിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരക്കുള്ളവർ യോഗത്തിലേക്ക് വരേണ്ടിയിരുന്നില്ലെന്ന് മന്ത്രി കടകംപള്ളി പറഞ്ഞു. ഉത്തരവാദിത്വമില്ലാത്ത പ്രവൃത്തി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. അവലോകന യോഗത്തിൽ ഓൺലൈൻ ബുക്കിംഗുമായി ബന്ധപ്പെട്ട് ചർച്ച തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് കെഎസ്ആർടിസി എംഡി കൂടിയായ ടോമിൻ ജെ.തച്ചങ്കേരി ഇറങ്ങിപ്പോയത്.
യോഗത്തിലേക്ക് ദക്ഷിണേന്ത്യൻ ദേവസ്വം മന്ത്രിമാരെ ക്ഷണിച്ചിരുന്നെങ്കിലും മന്ത്രിമാരാരും എത്തിയിരുന്നില്ല. ഇതോടെ യോഗത്തിൽ നിന്ന് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും വിട്ട് നിന്നിരുന്നു. മണ്ഡല തീർത്ഥാടന കാലവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ യോഗം വിലയിരുത്തി. ദർശനത്തിന് എത്തുന്നവർക്ക് ഒരു ആശങ്കയും വേണ്ടന്ന് യോഗത്തിൽ ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു. ഇന്നലെ മാത്രം 35,000 പേർ പൊലീസിന്റെ പോർട്ടൽ വഴി ദർശനം മുൻകൂട്ടി ബുക്ക് ചെയ്തുവെന്നും ഡിജിപി അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group