അറുപറയിലെ ദമ്പതികളെ കാണാതായ സംഭവം; നാട്ടകത്തെ പാറക്കുളം വറ്റിച്ച് പരിശോധിക്കാനൊരുങ്ങി പൊലീസ്

സ്വന്തം ലേഖകൻ

കോട്ടയം: അറുപുറയിലെ ദമ്പതികളെ കാണാതായ സംഭവത്തില്‍ നാട്ടകത്തിന്‌ സമീപമുള്ള മുട്ടത്തെ കാടുമൂടിയ പാറമടക്കുളം വറ്റിച്ച്‌ പരിശോധിക്കാന്‍ പൊലീസ്‌ നടപടിയാരംഭിച്ചു.

കാറുമായി ഇവര്‍ പാറക്കുളത്തില്‍ ചാടിയിരിക്കാനുള്ള സാധ്യത കണക്കിലെടുത്താണിത്‌.

കാടുപിടിച്ച പൊട്ടക്കുളത്തിന്റെ പരിസരം വൃത്തിയാക്കിത്തരണമെന്നാവശ്യപ്പെട്ട്‌ കോട്ടയം നഗരസഭയ്‌ക്ക്‌ ക്രൈം ബ്രാഞ്ച്‌ കത്ത്‌ നല്‍കി.

2017 ഏപ്രില്‍ ആറിനാണ്‌ അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം(42), ഭാര്യ ഹബീബ (37) എന്നിവരെ കാണാതായത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകിട്ട്‌ കോട്ടയം ടൗണിലേക്ക്‌ മാരുതി കാറില്‍ ഭക്ഷണം വാങ്ങാനെന്ന്‌ പറഞ്ഞ്‌ പോയ ഇവരെ പിന്നീടാരും കണ്ടിട്ടില്ല. കുമരകം വരെയുള്ള ഒട്ടേറെ ജലാശയങ്ങളില്‍ പൊലീസ്‌ പരിശോധന നടത്തി.

അന്വേഷണത്തില്‍, ഇവര്‍ നാട്ടകം ഭാഗത്തേക്ക്‌ പോയെന്ന സംശയം ഉള്ളതിനാലാണ്‌ പാറക്കുളത്തില്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്‌. വളരെ വീതിയേറിയ മുട്ടത്തെ പാറക്കുളത്തിന്റെ ഉപരിതലം പുല്ല്‌ മൂടിയ നിലയിലാണ്‌.

കാണാതാകുന്നതിന്‌ മുൻപുള്ള ദിവസങ്ങളില്‍ ഹാഷിമും ഹബീബയും കട്ടപ്പന ഭാഗത്ത്‌ പോയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പാറമടകള്‍ അന്വേഷിച്ചാണ്‌ ഇവര്‍ പോയതെന്നാണ്‌ പൊലീസിന്റെ നിഗമനം.

വളരെ വീതിയേറിയ മുട്ടത്തെ പാറക്കുളത്തിന്‌ ചുറ്റുമതില്‍ സ്ഥാപിച്ചിട്ട്‌ അധികമായില്ല.

ഏകദേശം നാല്‍പതടി താഴ്‌ച കണക്കാക്കുന്നു. സംഭവം നടന്ന്‌ നാല്‌ വര്‍ഷം കഴിഞ്ഞതിനാല്‍ കുളത്തില്‍ വിശദമായ പരിശോധന നടത്തേണ്ടി വരും. വിസ്‌താരമേറിയ കുളത്തിന്റെ ഉള്‍ഭാഗത്തേക്ക്‌ എത്തുക എളുപ്പമല്ല.

ഈ ഭാഗത്ത്‌ വേറെയും പാറമടക്കുളങ്ങളുണ്ട്‌. അവിടെയും പരിശോധന നടത്തിയേക്കും.