അരങ്ങേറ്റ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി അക്ഷര്‍; അശ്വിന് നഷ്ടമായത് അസാധാരണ റെക്കോര്‍ഡ്; ചെപ്പോക്കില്‍ പക വീട്ടി, ലോക ചാമ്പ്യന്‍ഷിപ്പ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യ
സ്വന്തം ലേഖകന്‍
ചെന്നൈ: ആദ്യ ടെസ്റ്റിലെ നാണംകെട്ട തോല്‍വിക്ക് ചെപ്പോക്കില്‍ പകരം വീട്ടി ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ നാല് ടെസ്റ്റുകളുടെ പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ജയിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനം നേടിയെടുത്തിരിക്കുകയാണ് ഇന്ത്യ. 482 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇംഗ്ലണ്ട് 164 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യക്ക് 317 റണ്‍സിനാണ് ജയം.
ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങിയ രവിചന്ദ്രന്‍ അശ്വിന്‍ ആണ് ഇന്ത്യയെ വിജയത്തേരില്‍ ഏറ്റിയത്. ചെപ്പോക്കിലെ രണ്ടാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്ങ്‌സുകളില്‍ നിന്നായി അശ്വിന്‍ എട്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയും നേടി. എന്നാല്‍ഒരു ടെസ്റ്റ് മത്സരത്തില്‍ സെഞ്ചുറിയും പത്ത് വിക്കറ്റും സ്വന്തമാക്കുന്ന താരം എന്ന നേട്ടം അശ്വിന് സ്വന്തമാക്കാന്‍ സാധിച്ചില്ല. ഒന്നാം ഇന്നിങ്‌സില്‍ അഞ്ചും രണ്ടാം ഇന്നിങ്‌സില്‍ മൂന്നും വിക്കറ്റുകളാണ് അശ്വിന്‍ നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകള്‍ നേടിയിരുന്നെങ്കില്‍ അപൂര്‍വ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി അശ്വിന്‍ മാറിയേനെ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അലന്‍ ഡേവിഡ്സണ്‍, ഇയാന്‍ ബോതം, ഇമ്രാന്‍ ഖാന്‍, ഷാക്കിബ് അല്‍ ഹസന്‍ എന്നിവരാണ് ഒരു ടെസ്റ്റ് മത്സരത്തില്‍ സെഞ്ചുറിയും പത്ത് വിക്കറ്റും എന്ന അപൂര്‍വ നേട്ടം സ്വന്തമാക്കിയ പട്ടികയിലുള്ളത്. ഈ പട്ടികയില്‍ അഞ്ചാമത്തെയും ഇന്ത്യന്‍ താരങ്ങളില്‍ ആദ്യത്തേയും ആകാനുള്ള സുവര്‍ണാവസരമാണ് അശ്വിന് ചെപ്പോക്കില്‍ നഷ്ടമായത്.
അരങ്ങേറ്റ ടെസ്റ്റില്‍ മിന്നും പ്രകടനം കാഴ്ചവച്ച അക്ഷര്‍ പട്ടേലും ഇന്ത്യയുടെ വിജയത്തിനൊപ്പം തിളങ്ങി. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കായി അഞ്ച് വിക്കറ്റുകളാണ് അക്ഷര്‍ പട്ടേല്‍ വീഴ്ത്തിയത്. അരങ്ങേറ്റ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കുന്ന രണ്ടാമത്തെ ഇടംകൈയന്‍ സ്പിന്നറാണ് അക്ഷര്‍ പട്ടേല്‍. അരങ്ങേറ്റ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരവും.