നാഗമ്പടം നെഹ്റു പാർക്ക് സ്വകാര്യ വ്യക്തിയ്ക്ക് കൈമാറാൻ നീക്കം;   നഗരസഭയിൽ പ്രതിപക്ഷ ബഹളവും കയ്യാങ്കളിയും: മനോരമ നടത്തിയിരുന്ന പാർക്ക് വീണ്ടും സ്വകാര്യവ്യക്തിയ്ക്ക് നൽകാനുള്ള ഗൂഡ നീക്കത്തിന് പിന്നിൽ വൻ അഴിമതി; അഴിമതിക്കാരെ കൈകാര്യം ചെയ്യും അഡ്വ.ഷീജാ അനിൽ

നാഗമ്പടം നെഹ്റു പാർക്ക് സ്വകാര്യ വ്യക്തിയ്ക്ക് കൈമാറാൻ നീക്കം; നഗരസഭയിൽ പ്രതിപക്ഷ ബഹളവും കയ്യാങ്കളിയും: മനോരമ നടത്തിയിരുന്ന പാർക്ക് വീണ്ടും സ്വകാര്യവ്യക്തിയ്ക്ക് നൽകാനുള്ള ഗൂഡ നീക്കത്തിന് പിന്നിൽ വൻ അഴിമതി; അഴിമതിക്കാരെ കൈകാര്യം ചെയ്യും അഡ്വ.ഷീജാ അനിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വർഷങ്ങളായി അടച്ച് പൂട്ടിയിട്ടിരുന്ന നെഹ്റു പാർക്ക് തുറന്ന് നൽകിയത് സ്വകാര്യ വ്യക്തിയ്ക്ക് നൽകാൻ. വെള്ളവും വൈദ്യുതിയും സൗജന്യമായി നല്കുന്നതിന് പുറമേ ഒന്നര ലക്ഷം രൂപയും അങ്ങാട്ട് നൽകി പാർക്ക് നടത്തിപ്പ് സ്വകാര്യ വ്യക്തിയെ ഏൽപ്പിക്കാനാണ് നീക്കം. സംസ്ഥാന സർക്കാരിൻ്റെയും , തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ എം എൽ എ ഫണ്ടും ഉപയോഗിച്ച് നവീകരിച്ച പാർക്കാണ് സ്വകാര്യ വ്യക്തിയ്ക്ക് കൈമാറാൻ നീക്കം നടത്തുന്നത്. നഗരസഭ കൗൺസിൽ യോഗത്തിൽ വിഷയം അജണ്ടയായി എത്തിയെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടർന്ന് വിഷയം പാസാക്കാൻ സാധിച്ചില്ല.

നഗരസഭയുടെ ഉടമസ്ഥതയിൽ നാഗമ്പടത്ത് പ്രവർത്തിക്കും നെഹ്റു പാർക്കാണ് സ്വകാര്യവ്യക്തിക്ക് വാടകയ്ക്ക് നൽകാൻ നഗരസഭ കൗൺസിൽ യോഗത്തിൻ്റെ അജണ്ടയിൽ ഉൾപ്പെടുത്തിയത്. ഈ നീക്കത്തിനെതിരെ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളവും ഉയർന്നു. പ്രതിപക്ഷ കൗൺസിലർമാരുടെ നേതൃത്വത്തിൽ ചെയർപേഴ്സണിൻ്റെ ഡയസിന് അടുത്തുവരെ എത്തി ബഹളം വെച്ചതോടെ കൗൺസിൽ യോഗം തടസപ്പെട്ടു. ഇതോടെ നെഹ്റു പാർക്ക് സ്വകാര്യവ്യക്തിക്ക് വാടകയ്ക്ക് നൽകാനുള്ള നീക്കം കൗൺസിൽ യോഗത്തിൽ പാസാക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അര നൂറ്റാണ്ടോളം കാലം മലയാള മനോരമയുടെ കൈവശം ഇരുന്ന പാർക്ക് വർഷങ്ങൾക്ക് മുൻപാണ് നവീകരിച്ചത്. ചൊവ്വാഴ്ച നടന്ന കോട്ടയം നഗരസഭയുടെ കൗൺസിൽ യോഗത്തിൽ എട്ടാമത് അജണ്ടയായാണ് വിഷയം ഉൾപ്പെടുത്തിയിരുന്നത്. ചങ്ങനാശ്ശേരി സ്വദേശിയായ സ്വകാര്യവ്യക്തിക്ക് നെഹ്റു പാർക്ക് നടത്തിപ്പ് വിട്ടുനൽകാൻ ആയിരുന്നു നീക്കം. ഒരു ലക്ഷം രൂപ പ്രതിമാസം നഗരസഭ ഈ കരാറുകാരന് നൽകുന്നതിനും ധാരണ ആയിരുന്നു.

നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിൽ , കൗൺസിലർമാരായ ടി.എൻ മനോജ് , എം.എൻ വിനോദ് , ജിബി ജോൺ , പി.ഡി സുരേഷ് , സിന്ധു ജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ടെൻഡർ ചെയ്യാതെ നെഹ്റു പാർക്ക് സ്വകാര്യവ്യക്തിയ്ക്ക് കൈമാറാൻ ആവില്ലെന്ന് ഇവർ നിലപാടെടുത്തു. ഇത്തരത്തിൽ കൈമാറുന്നതിന് പിന്നിൽ അഴിമതി ഉണ്ടെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ ആരോപണം. ഈ കരാർ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർമാർ ചെയർപേഴ്സണിൻ്റെ ഡയസിന് അടുത്തു വരെ എത്തി പ്രതിഷേധിച്ചു.

കോടികൾ മുടക്കിയാണ് ഈ പാർക്ക് നഗരസഭ തുറന്നത്. കൊവിഡിന് ശേഷം മറ്റ് പാർക്കുകൾ തുറന്നെങ്കിലും നഗരസഭയുടെ ഉടമസ്ഥതയിലുള്ള പാർക്ക് മാത്രം തുറന്നിരുന്നില്ല. ഈ പാർക്ക് തുറക്കുന്നതിനായി സ്വകാര്യ വ്യക്തിയ്ക്ക് കൈമാറാനാണ് നീക്കം നടത്തിയത്.

വിഷയം ചർച്ചയ്ക്ക് എടുത്ത കൗൺസിൽ പ്രതിപക്ഷ ബഹളം കാരണം തുടരാനാവാത്ത സ്ഥിതിയുണ്ടായി. ഇതേ തുടർന്ന് വിഷയം ചർച്ച ചെയ്യാതെ മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു. കോട്ടയം നഗരത്തിലെ സാധാരണക്കാരുടെ വിനോദോപാധിയായ നെഹ്റു പാർക്ക് സ്വകാര്യ വ്യക്തിയ്ക്കു കൈമാറുന്നത് സാധാരണക്കാരോടുള്ള നീതികേട് ആണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. മുൻപ് സ്വകാര്യ സ്ഥാപനത്തിന് നെഹ്റു പാർക്ക് നൽകിയപ്പോൾ വൻതുകയാണ് ലഘു ഭക്ഷണത്തിന് പോലും ഇവിടെ ഈടാക്കിയിരുന്നത്.  പാർക്ക് നടത്തിപ്പ് നഗരസഭ തന്നെ ഏറ്റെടുക്കണമെന്നും, നഗരസഭയിലെ അഴിമതിക്കാരെ കൈകാര്യം ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് അഡ്വ ഷീജാ അനിൽ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.