അധ്യാപക തസ്തിക നിര്‍ണയം; വിദ്യാഭ്യാസ വകുപ്പ് നല്‍കിയ ശുപാര്‍ശക്ക് അനുമതി നല്‍കാതെ ധനവകുപ്പ്; പുതിയ തസ്തികകള്‍ സൃഷ്ടിക്കാത്തത് ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയാകുന്നു
സ്വന്തം ലേഖിക
തിരുവനന്തപുരം: അധ്യാപക തസ്തിക നിര്‍ണയം പൂര്‍ത്തിയായെങ്കിലും പുതിയ തസ്തികകള്‍ സൃഷ്ടിക്കാത്തത് ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയാകുന്നു.
വിദ്യാഭ്യാസ വകുപ്പ് നല്‍കിയ ശുപാര്‍ശക്ക് ധനവകുപ്പ് അനുമതി നല്‍കാത്തതാണ് തസ്തിക രൂപീകരണം തടസപ്പെടാന്‍ കാരണം. അടുത്ത അധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഉചിതമായ ഇടപെടല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് ഉദ്യോഗാര്‍ഥികള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്ലാ വര്‍ഷവും ജൂലൈ പകുതിയോടെ തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കി ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതായിരുന്നു പതിവ്. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷം കോവിഡ് മൂലം തടസപ്പെട്ട തസ്തിക നിര്‍ണയം 2022 – 23 അധ്യയന വര്‍ഷത്തിലാണ് വിദ്യാഭ്യാസ വകുപ്പ് പൂര്‍ത്തിയാക്കിയത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അധികമായി വരുന്ന തസ്തികകള്‍ അനുമതി ലഭിക്കുന്നതിനായി ധനവകുപ്പിന് നല്‍കിയിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനവകുപ്പ് ഇതുവരെയും അംഗീകാരം നല്‍കിയിട്ടില്ല.
പുതിയതായി സൃഷ്ടിക്കുന്ന തസ്തികകള്‍ക്ക് വേണ്ടി വലിയൊരു തുക കണ്ടെത്തേണ്ടിവരും എന്നതാണ് ഈ മെല്ലെപ്പോക്കിന് കാരണം. ധനവകുപ്പില്‍ നിന്നും മറുപടി ലഭിക്കാതെ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന നിലപാട് വിദ്യാഭ്യാസ വകുപ്പും സ്വീകരിച്ചു.
ഇതോടെ അധ്യാപക റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ കൂടി പ്രതിസന്ധിയിലായി. ലിസ്റ്റിന്‍റെ കാലാവധി അവസാനിക്കും മുന്‍പ് ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന ആവശ്യമാണ് ഇവര്‍ ഉയര്‍ത്തുന്നത്.