
തമിഴ്‌നാട് മുഖ്യമന്ത്രിയാകാൻ മകൻ വിജയ് യെ അണിയിച്ചൊരുക്കി അച്ഛൻ: ഒന്നും അറിയില്ലെന്നു തിരിച്ചടിച്ചു മകൻ; ഒടുവിൽ വെളിപ്പെടുത്തലുമായി അമ്മ രംഗത്ത്
തേർഡ് ഐ സിനിമ
ചെന്നൈ: നടൻ വിജയിയുടെ ആരാധക സംഘടനയെ രാഷ്ട്രീയ പാർട്ടിയാക്കാൻ പിതാവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തതായി ഏതാനും ദിവസങ്ങൾക്ക് മുമ്ബ് റിപ്പോർട്ടുകളുണ്ടായിരുന്നു. ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം എന്ന പേരിലുള്ള പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് ചന്ദ്രശേഖറിന്റെയും ട്രഷറർ സ്ഥാനത്ത് വിജയിയുടെ അമ്മ ശോഭയുടെയും പേരാണ് ഉണ്ടായിരുന്നത്.
എന്നാൽ പാർട്ടി രൂപീകരിച്ച കാര്യം നിഷേധിച്ച് വിജയി രംഗത്തെത്തിയിരുന്നു. ആരാധകരോട് പാർട്ടിയുമായി സഹകരിക്കരുതെന്നും താരം ആവശ്യപ്പെട്ടു. വിജയിയുടെ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾ നിലനിൽക്കെ ഇക്കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ അമ്മ ശോഭ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയിയുടെ പേരിൽ സംഘടന രൂപീകരിക്കുന്നുവെന്ന് പറഞ്ഞ ഒരു മാസം മുമ്ബ് ചന്ദ്രശേഖർ തന്റെ ഒപ്പ് ശേഖരിച്ചിരുന്നുവെന്നും ഇത് രാഷ്ട്രീയപാർട്ടി രൂപീകരിക്കുന്നതിനു വേണ്ടിയാണെന്ന് തനിക്കറിയില്ലായിരുന്നുവെന്നും ശോഭ പറഞ്ഞു. പിന്നീട് രാഷ്ട്രീയപാർട്ടി രൂപീകരിക്കുകയാണ് എന്നറിഞ്ഞപ്പോൾ വിജയ് അറിയാതെ ചെയ്യുന്ന കാര്യങ്ങളെ താൻ പിന്തുണക്കില്ലെന്ന് പറഞ്ഞിരുന്നതായി ശോഭ പറഞ്ഞു.
തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അഭിപ്രായങ്ങളൊന്നും പറയരുതെന്ന് വിജയ് അച്ഛനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് വകവയ്ക്കാതെയാണ് ചന്ദ്രശേഖർ ഈയൊരു തീരുമാനമെടുത്തതെന്നും ശോഭ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇതോടെ വിജയ് അച്ഛനോട് സംസാരിക്കുന്നതു തന്നെ അവസാനിപ്പിച്ചിരുന്നെന്നും ശോഭ പറഞ്ഞു.
അതേസമയം, താനും വിജയിയും തമ്മിൽ ശത്രുതയില്ലെന്ന് വ്യക്തമാക്കി ചന്ദ്രശേഖറും രംഗത്തെത്തി. താൻ തുടങ്ങിയത് രാഷ്ട്രീയപാർട്ടി അല്ലെന്നും വിജയിക്ക് അതിൽ യാതൊരു പങ്കുമില്ലെന്നും ചന്ദ്രശേഖർ പറഞ്ഞു.