തബലയിൽ വിസ്മയം തീർത്ത മാന്ത്രികന്‍ ; ഇന്ത്യൻ ക്ലാസിക്കല്‍ മ്യൂസിക്കിന് സമഗ്ര സംഭാവനകള്‍ നല്‍കിയ പ്രതിഭ ; തബലിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ വിട വാങ്ങി ; അന്ത്യം ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്നത്തെ തുടർന്ന് ചികിത്സയിൽ കഴിയവേ

Spread the love

പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ (73) അന്തരിച്ചു. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആശുപത്രിയില്‍ വെച്ചാണ് മരണം. ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്നത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ത്യൻ ക്ലാസിക്കല്‍ മ്യൂസിക്കിന് സമഗ്ര സംഭാവനകള്‍ നല്‍കിയ പ്രതിഭയാണ് ഉസ്താദ് സാക്കിർ ഹുസൈൻ.

video
play-sharp-fill

വളരെ ചെറിയ പ്രായത്തില്‍ സംഗീത രംഗത്തേക്ക് കടന്ന് വന്നയാളാണിദ്ദേഹം. 11ാം വയസില്‍ അമേരിക്കല്‍ തന്റെ ആദ്യ കണ്‍സേർട്ട് അവതരിപ്പിച്ചു. ആദ്യ ആല്‍ബം ലിവിംഗ് ഇൻ ദ മെറ്റീരിയല്‍ വേള്‍ഡ് 1973 ലാണ് റിലീസ് ചെയ്യുന്നത്. അടുക്കള സാമഗ്രികള്‍ പോലും ഉപയോഗിച്ച്‌ താളമുണ്ടാക്കുന്ന ഉസ്താദ് സാക്കിർ ഹുസൈന് ഇന്ത്യയിലും വിദേശത്തും വലിയ ആരാധക വൃന്ദം ഉണ്ടായിരുന്നു.

1951-ല്‍ മുംബൈയിലാണ് സാക്കിര്‍ ഹുസൈന്റെ ജനനം. 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയ അദ്ദേഹം കുട്ടിക്കാലത്തുതന്നെ തന്റെ വഴി സംഗീതലോകമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഐതിഹാസിക പോപ്പ് ബാന്‍ഡ് ‘ദി ബീറ്റില്‍സ്’ ഉള്‍പ്പെടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി സഹകരിച്ചിട്ടുണ്ട്. 1999-ല്‍ യുണൈറ്റഡ് നാഷണല്‍ എന്‍ഡോവ്‌മെന്റ് ഫോര്‍ ആര്‍ട്‌സ് നാഷണല്‍ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി. അമേരിക്കയിലെ പരമ്പരാഗത കലാകാരന്‍മാര്‍ക്കും സംഗീതജ്ഞര്‍ക്കും നല്‍കുന്ന ഏറ്റവുമുയര്‍ന്ന ബഹുമതിയാണിത്. അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഗ്രാമി പുരസ്‌കാര വേദിയിലും സാക്കിര്‍ ഹുസൈന്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. മികച്ച ഗ്ലോബല്‍ മ്യൂസിക്ക് പെര്‍ഫോമന്‍സ്, മികച്ച കണ്ടംപററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം പങ്കിട്ടത്. മന്റോ, മിസ്റ്റര്‍ ആന്റ് മിസിസ് അയ്യര്‍, വാനപ്രസ്ഥം എന്നിവയുള്‍പ്പെടെ ഏതാനും സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. ഹീറ്റ് ആന്റ് ഡസ്റ്റ്, ദി പെര്‍ഫക്റ്റ് മര്‍ഡര്‍, മിസ് ബ്യൂട്ടിസ് ചില്‍ഡ്രന്‍, സാസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

കഥക് നര്‍ത്തകിയും അധ്യാപികയുമായ അന്റോണിയ മിന്നെകോലയാണ് ഭാര്യ. അനിഷ ഖുറേഷിയും ഇസബെല്ല ഖുറേഷിയുമാണ് മക്കള്‍.