
കോട്ടയം: പ്രിയദര്‍ശിനി സര്‍വീസുകളില്‍ യാത്രക്കാരുടെ എണ്ണം അനുദിനം കുതിക്കുമ്പോള്‍ സ്വകാര്യ ബസുകളില്‍ എണ്ണം കുത്തനെ കുറയുന്നു.
പ്രിയദര്‍ശിനി സൗജന്യ യാത്ര കാരണം കനത്ത വരുമാന നഷ്ടം അടുത്ത ആഴ്ചയില്‍ ഒരു ദിവസം തെക്കന്‍ ജില്ലകളിലെ സ്വകാര്യ ബസുകള്‍ സര്‍വീസ് മുടക്കി പ്രതിഷേധിക്കും.
കോട്ടയം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ഉടമകളാണു നിലവില്‍ പ്രതിഷേധത്തിനൊരുങ്ങുന്നത്. ഇന്നു തീയതി പ്രഖ്യാപിക്കും. ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ഉടമകളും സമരത്തില്‍ പങ്കുചേര്‍ന്നേക്കും.
കെ.എസ്.ആര്.ടി.സി.യിലെ സ്ത്രീ സൗജന്യ യാത്രയെത്തുടര്‍ന്നു ഒരു രൂപ പോലും വരുമാന നഷ്ടമുണ്ടാകാത്ത റൂട്ടുകള്‍ ജില്ലയിലുണ്ട്. 5000 രൂപ വരെ നഷ്ടം വരുന്ന റുട്ടുകളുമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെയാണു സ്വകാര്യ ബസ് ഉടമകള്‍ പ്രതിഷേധത്തിനൊരുങ്ങുന്നത്. കോട്ടയത്തു നിന്നു ഏറ്റുമാനൂര്‍, ചങ്ങനാശേരി, ചേര്‍ത്തല, കുമളി, മല്ലപ്പള്ളി വഴി കോഴഞ്ചേരി റൂട്ടുകളിലെ സ്വകാര്യ ബസുകളില്‍ സ്ത്രീ യാത്രക്കാരുടെ എണ്ണം കുറഞ്ഞു.
ഏറ്റുമാനൂര്‍ – പാലാ, ഈരാറ്റുപേട്ടയില്‍ നിന്നു വിവിധ റൂട്ടുകള്‍, പാലാ -പൊന്‍കുന്നും, വൈക്കം -പാലാ, വൈക്കം – എറണാകുളം റൂട്ടുകളിലും സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ 30 -40 ശതമാനം കുറവുണ്ടായതായി സ്വകാര്യ ബസ് ഉടകള്‍ പറയുന്നു. ഓരോ ദിവസവും നഷ്ടം വര്‍ധിക്കുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
നഷ്ടം വര്‍ധിച്ചതോടെ തിരക്കു കുറഞ്ഞ സമയങ്ങളിലെ ട്രിപ്പുകള്‍ പല സ്വകാര്യ ബസുകളും മുടക്കുകയാണ്. എന്നാല്‍, പരാതി ഉയര്‍ന്നാല്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിക്കുമെന്നതിനാല്‍ പലര്‍ക്കും സര്‍വീസ് മുടക്കം ഭയമാണ്, ഇതോടെ ഇവര്‍ നഷ്ടം സഹിച്ചും ഓടേണ്ട സ്ഥിതിയാണ്.
നികുതിയില്‍ 50 ശതമാനത്തിന്റെ കുറവു വരുത്തിയെങ്കിലും പ്രിയദര്‍ശിനി ഇഫക്ട് ഇല്ലാത്ത ബസുകള്‍ക്കു മാത്രമാണു പ്രയോജനം ലഭിക്കുകയെന്ന് ഉടമകള്‍ പറയുന്നു.
നികുതി ഇളവിനെത്തുടര്‍ന്നു ഒരു ദിവസം 130 രൂപയാണ് ലാഭം ലഭിക്കുക. 5000 രൂപ നഷ്ടമുണ്ടാകുമ്പോള്‍ 130 രൂപയുടെ ലാഭം കൊണ്ട് എന്തു പ്രയോജനമെന്നും ഉടമകള്‍ ചോദിക്കുന്നു.
പ്രിയദര്‍ശിനി ബസുകള്‍ കൂടുതല്‍ റൂട്ടുകളില്‍ വേണമെന്ന എം.എല്‍.എമാരുടെ ആവശ്യം പരിഗണിക്കപ്പെട്ടാല്‍ വീണ്ടും വരുമാന നഷ്ടമുണ്ടാകുമെന്നും ഉടമകള്‍ ഭയക്കുന്നു.







