സണ്‍റൈസേഴ്‌സ് ഹൈദരബാദ് താരം ടി.നടരാജന് കോവിഡ് പോസിറ്റീവ്; ഇന്നത്തെ സണ്‍റൈസേഴ്‌സ് ഹൈദരബാദ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തില്‍ മാറ്റമില്ല; അടുത്ത സമ്പര്‍ക്കത്തിലേര്‍പ്പെട്ട ആറ് പേരും ഐസൊലേഷനില്‍ പ്രവേശിച്ചു

സ്വന്തം ലേഖകന്‍

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) വീണ്ടും കോവിഡ്. സണ്‍റൈസേഴ്‌സ് ഹൈദരബാദ് താരം ടി. നടരാജന് കോവിഡ് സ്ഥിരീകരിച്ചു. സാധാരണ താരങ്ങള്‍ക്ക് നടത്തുന്ന ആര്‍ടിപിസിആര്‍ പരിശോധനയിലാണ് താരത്തിന് വൈറസ് ബാധിച്ചതായി തിരിച്ചറിഞ്ഞത്. നിലവില്‍ രോഗലക്ഷണങ്ങളില്ലാത്ത നടരാജന്‍ ഐസൊലേഷനില്‍ പ്രവേശിച്ചു. എന്നാല്‍ ഇന്നത്തെ സണ്‍റൈസേഴ്‌സ് ഹൈദരബാദ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം മാറ്റിവയ്ക്കില്ല. സീസണിലെ ഏഴ് മത്സരങ്ങളില്‍ ആറിലും തോറ്റ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ഡല്‍ഹിയാകട്ടെ കഴിഞ്ഞ സീസണിലെ പോലെ ഫൈനലിലേക്കുള്ള യാത്രയിലാണ്. എട്ട് മത്സരങ്ങളില്‍ നിന്നും ആറ് ജയവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സിന് തൊട്ട് താഴെ രണ്ടാമതാണ് ഡല്‍ഹിയുടെ സ്ഥാനം. ഇന്നത്തെ മത്സരം ജയിച്ചു 14 പോയിന്റോടെ ഒന്നാമതെത്തി പ്ലേഓഫ് സാധ്യത ഉറപ്പിക്കാനാകും.

തുടര്‍ച്ചയായ തോല്‍വിയെ തുടര്‍ന്ന് ക്യാപ്റ്റന്‍ സ്ഥാനം വര്‍ണറിന് നഷ്ടമായിരുന്നു. അവസാന മത്സരത്തില്‍ ടീമില്‍ നിന്നും വരെ പുറത്താക്കപ്പെട്ട ഡേവിഡ് വാര്‍ണര്‍ ഓപ്പണറായി ഹൈദരബാദ് നിരയില്‍ തിരിച്ചെത്തുമോ എന്നതാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. ജോണി ബെയര്‍‌സ്റ്റോയുടെ അഭാവം ടീമില്‍ വാര്‍ണറുടെ ഉത്തരവാദിത്തം കൂട്ടുന്നതാണ്.അവസാന സ്ഥാനത്ത് ഉള്ള ടീമിനെ മുകളിലേക്ക് എത്തിക്കണമെങ്കില്‍ വാര്‍ണറിനൊപ്പം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍, മനീഷ് പാണ്ഡെ, വൃദ്ധിമാന്‍ സാഹ, വിജയ് ശങ്കര്‍ എന്നിവരും തിളങ്ങേണ്ടതുണ്ട്.

ഡല്‍ഹിയെ സംബന്ധിച്ച് ക്രിസ് വോക്സിനു പകരം ബെന്‍ ദ്വാരിയസ് വരുന്നു എന്നതിനപ്പുറം ഡിസിക്ക് മറ്റൊരു വിദേശ കളിക്കാരെയും ടീമില്‍ നിന്നും നഷ്ടപ്പെട്ടിട്ടില്ല. മുന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ തിരിച്ചെത്തി എന്നതും ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ്.ഡല്‍ഹി ക്യാപിറ്റല്‍സ് (ഡിസി) സാധ്യത ഇലവന്‍: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍ ), ഷിമ്രോണ്‍ ഹെത്മെയര്‍ / സ്റ്റീവ് സ്മിത്ത്, മാര്‍ക്കസ് സ്റ്റോയിനിസ്, അക്‌സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, അന്റിച്ച് നോര്‍ജെ, കഗിസോ റബാഡ, ആവേഷ് ഖാന്‍സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (എസ്ആര്‍എച്) സാധ്യത ഇലവന്‍: ഡേവിഡ് വാര്‍ണര്‍, വൃദ്ധിമാന്‍ സാഹ (w), കെയ്ന്‍ വില്യംസണ്‍ (സി), മനീഷ് പാണ്ഡെ, വിജയ് ശങ്കര്‍, അബ്ദുല്‍ സമദ്, മുഹമ്മദ് നബി/ജേസണ്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ്മ, ടി നടരാജന്‍