കുളിമുറി അകത്ത് നിന്ന് പൂട്ടിയിരുന്നു എന്ന ഭര്‍ത്താവിന്റെ വാദം നുണ; സ്ത്രീധനത്തിന്റെ പേരില്‍ മകളെ ഭര്‍തൃവീട്ടുകാര്‍ ഉപദ്രവിച്ചിരുന്നു; ആതിരയുടെ മരണം കൊലപാതകമെന്ന് ആവര്‍ത്തിച്ച് മാതാപിതാക്കള്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കല്ലമ്പലത്ത് നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടത് ആത്മഹത്യയെന്ന പൊലീസ് വാദം തള്ളി യുവതിയുടെ മാതാപിതാക്കള്‍. വര്‍ക്കല മുത്താനയില്‍ ശരത്തിന്റെ ഭാര്യ ആതിരയെയാണ് ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ കൈഞരമ്പും കഴുത്തും മുറിഞ്ഞ് മരിച്ചനിലയില്‍ കണ്ടത്. കുളിമുറി അകത്ത് നിന്ന് പൂട്ടിയതടക്കമുള്ള സാഹചര്യത്തെളിവുകള്‍ വ്യക്തമാക്കുന്നത് ആത്മഹത്യയെന്നാണ് പൊലീസിന്റെ നിലപാട്. എന്നാല്‍ കുളിമുറി പൂട്ടിയെന്നതടക്കം ഭര്‍തൃവീട്ടുകാര്‍ സൃഷ്ടിക്കുന്ന കള്ളക്കഥയെന്നാണ് ആതിരയുടെ കുടുംബം പറയുന്നത്.

മകളുടെ മരണം കൊലപാതകമാണെന്നും ഭര്‍തൃവീട്ടുകാരെ സംശയമുണ്ടെന്നും മരിച്ച ആതിരയുടെ മാതാപിതാക്കള്‍ പറഞ്ഞു. സ്ത്രീധനത്തിന്റെ പരിലടക്കം ആതിരയെ ഭര്‍തൃവീട്ടുകാര്‍ ഉപദ്രവിച്ചിരുന്നതായും പറയുന്നു. ഭര്‍ത്താവിന്റെ അമ്മയ്‌ക്കെതിരെ മറ്റൊരു ഗുരുതര ആരോപണം ഉയര്‍ത്തുന്നുണ്ട്. മരണശേഷം ആതിരയുടെ ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ സംശയമുണ്ടെന്നും കുടുംബം പറഞ്ഞു. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കുടുംബം പരാതി നല്‍കും.