ആലപ്പുഴയിൽ കുഞ്ഞിനു വിഷം കൊടുത്ത ശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർതൃപിതാവിൻറെ മാനസിക പീഡനമാണ് മരണകാരണമെന്ന് വ്യക്തമാക്കുന്ന ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു
സ്വന്തം ലേഖകൻ
ആലപ്പുഴ∙ കുഞ്ഞിനു വിഷം കൊടുത്ത ശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്. ഭർതൃപിതാവിൻറെ മാനസിക പീഡനമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നു വ്യക്തമാക്കുന്ന ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. മരിക്കുന്നതിനു മുൻപു യുവതി ചിത്രീകരിച്ച വിഡിയോയും യുവതിയുടെ കുടുംബം പുറത്തുവിട്ടു.
നവംബർ 8 നാണ് ചെങ്ങന്നൂർ ആല സ്വദേശിനിയായ അദിതി ആറ് മാസം പ്രായമുള്ള കുഞ്ഞിനു വിഷം കൊടുത്ത ശേഷം വിഷം കഴിച്ചു മരിച്ചത്. അദിതി ആത്മഹത്യ ചെയ്യുന്നതിനു രണ്ടു മാസം മുൻപ് അദിതിയുടെ ഭർത്താവ് ഹരിപ്പാട് സ്വദേശിയായ സൂര്യൻ നമ്പൂതിരിയും ഭർത്താവിൻറെ അമ്മ ശ്രീദേവി അന്തർജനവും കോവിഡ് ബാധിച്ചു തൊട്ടടുത്ത ദിവസങ്ങളിൽ മരിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭർത്താവിൻറെ മരണത്തെ തുടർന്നുള്ള വിഷാദമാകാം ആത്മഹത്യയ്ക്കു കാരണമെന്നു കരുതിയിരിക്കുമ്പോഴാണ് അദിതിയുടെ ആത്മഹത്യക്കുറിപ്പും ആത്മഹത്യയ്ക്ക് മുൻപു ചിത്രീകരിച്ച വിഡിയോയും കണ്ടെത്തിയത്. ഭർത്താവിൻറെ പിതാവ് തന്നെയും കുടുംബത്തെയും മാനസികമായി ഉപദ്രവിക്കുന്നതായി അദിതി കത്തിൽ ആരോപിക്കുന്നു. ഭർത്താവിൻറെ മരണത്തിനു കാരണം ഭർത്താവിൻറെ പിതാവ് ചികിത്സ വൈകിപ്പിച്ചതാണെന്ന ആരോപണവും കത്തിലുണ്ട്.
നിരന്തരം പണം ആവശ്യപ്പെട്ടിരുന്നതായും കടുത്ത മാനസിക പീഡനമാണ് അദിതിക്ക് ഏൽക്കേണ്ടി വന്നതെന്നും അദിതിയുടെ കുടുംബം ആരോപിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ശാന്തിക്കാരനായിരുന്നു അദിതിയുടെ ഭർത്താവ് സൂര്യൻ നമ്പൂതിരി. ആശ്രിത നിയമനം വഴി ജോലി ലഭിക്കാൻ അനുവദിക്കില്ലെന്നു ഭർതൃപിതാവ് ഭീഷണിപ്പെടുത്തിയെന്നും അദിതിയുടെ കുടുംബം ആരോപിച്ചു.