
കായംകുളം: ഭീതി പരത്തി കായംകുളം നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കൾ.
കഴിഞ്ഞ ദിവസം വിദ്യാർത്ഥിനികൾ ഉൾപ്പെടെ എട്ടോളം പേർക്കാണ് നഗരത്തിൽ തെരുവുനായുടെ കടിയേറ്റത്.
കായംകുളം ഐക്യജങ്ഷന് വടക്കുവശം രാവിലെ ഒൻപതു മണിയോടെയായിരുന്നു സംഭവം. കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇല്ലിക്കുളത്ത് നൗഷാദിന്റെ മകൾ നെഹ്റ ഫാത്തിമ, കൊപ്രാ പുരയിൽ പൂഴിക്കാട് സുനീറിന്റെ മകൾ ഫൈസ ഫാത്തിമ എന്നീ വിദ്യാർത്ഥിനികൾക്കും മുരുകൻ (52), സുരേഷ് (59), സരസൻ (65), ശംഭു (28), നസീർ (60) എന്നിവർക്കുമാണ് നഗരത്തിൽ വെച്ച് കടിയേറ്റത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച വൈകിട്ട് പുല്ലുകുളങ്ങരയിലും വ്യാപകമായ രീതിയിൽ തെരുവുനായ ആക്രമണമുണ്ടായി. നാല് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ നാലുപേർക്കാണ് ഇവിടെ കടിയേറ്റത്.
പുല്ലുകുളങ്ങര ആറാട്ടുകുളങ്ങരയ്ക്ക് സമീപം അമ്മൂമ്മയുടെ കയ്യിലിരുന്ന നാല് മാസം പ്രായമുള്ള ആരവ് എന്ന കുഞ്ഞിനെയും അമ്മൂമ്മ രാജമ്മ (68) യെയുമാണ് ഓടിയെത്തിയ തെരുവുനായ ആക്രമിച്ചത്. കുഞ്ഞിന്റെ കാലിൽ ആഴത്തിൽ മാരകമായ തരത്തിലാണ് കടിയേറ്റിട്ടുള്ളത്.
തുടർന്ന് പുല്ലുകുളങ്ങര പൊന്നുരൂട്ട് ഭാഗത്തുണ്ടായ ആക്രമണത്തിൽ റോഡിലൂടെ നടന്നുപോവുകയായിരുന്ന റഷീദ (44), മകൾ അമാന (16) എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റ കുഞ്ഞടക്കമുള്ളവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.







