അമ്മയ്ക്ക് ജോലി വിദേശത്ത് ; ഭീഷണിപ്പെടുത്തിയും ബലപ്രയോഗത്തിലൂടെയും 14 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കി; രണ്ടാനച്ഛന് 60 വർഷം കഠിന തടവ്, 2 ലക്ഷം പിഴയും
സ്വന്തം ലേഖകൻ
പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ രണ്ടാനച്ഛന് 60 വർഷം കഠിന തടവ് വിധിച്ച് കോടതി. 14 വയസ് പ്രായമുള്ള പെൺകുട്ടിയെ നിരവധി തവണ ലൈംഗിക പീഢനത്തിനിരയാക്കിയ കേസിൽ ഐരൂർ സ്വദേശിയായ 45 കാരനെയാണ് പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ ജഡ്ജ് ജയകുമാർ ജോൺ 60 വർഷം കഠിന തടവിന് വിധിച്ചത്. 2 ലക്ഷം രൂപ പിഴ ഒടുക്കണം. പിഴ ഒടുക്കാതിരുന്നാൽ 2 വർഷം അധിക കഠിന തടവ് അനുഭവിക്കണം.
ഇന്ത്യൻ പീനൽ കോഡ് , പോക്സോ എന്നീ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. പെൺകുട്ടിയുടെ മാതാപിതാക്കൾ വിവാഹ ബന്ധം വേർപിരിഞ്ഞതിനു ശേഷം പെൺകുട്ടിയെ സംരക്ഷിക്കുന്നതിനായി പത്തനംതിട്ടയിലെ പ്രമുഖ കമ്പ്യൂട്ടർ ഗ്രാഫിക് ഡിസൈനറായ പ്രതിയെ വിവാഹം കഴിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടാം വിവാഹത്തിൽ ഒരു മകൻ ജനിക്കുകയും ചെയ്തിരുന്നു. എന്നാൽ മൈനറായ പെൺകുട്ടിയെ സംരക്ഷിക്കാൻ ബാധ്യസ്ഥനായ പ്രതി 2014 മുതൽ 2018 വരെയുള്ള കാലയളവിൽ ഭീഷണിപ്പെടുത്തിയും ബലപ്രയോഗത്തിലൂടെയും പെൺകുട്ടിയെ ലൈംഗിക പീഢനത്തിനിരയക്കുകയായിരുന്നുവെന്നാണ് കേസ്.
പെൺകുട്ടിയുടെ മാതാവിന് വിദേശത്തായിരുന്നു ജോലി. പെൺകുട്ടി തുടർ പഠനവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിൽ താമസിച്ചു വരവേ പഠന വൈകല്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നൽകിയ കൗൺസിലിങ്ങിനിടയിലാണ് പീഡന വിവരം പുറത്തു പറയുന്നത്. തുടർന്ന് വിവരം അറിഞ്ഞ മാതാവ് വിദേശത്തുള്ള ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി. മകളെ കണ്ട് വിവരങ്ങളറിഞ്ഞതിന് പിന്നാലെ രണ്ടാനച്ഛനെതിരെ പൊലീസിൽ മാതാവ് പരാതി നൽകുകയായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ: ജയ്സൺ മാത്യൂസ് ഹാജരായ കേസിന്റെ വിചാരണ വേളയിൽ കൗൺസിലർ പ്രതിഭാഗത്തോടൊപ്പം ചേർന്നുവെങ്കിലും മറ്റുതെളിവുകൾ അനുകൂലമായി മാറുകയായിരുന്നു. കൊവിഡ് കാലത്ത് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം വിവിധ ഘട്ടങ്ങളിൽ തടസ്സപ്പെട്ടിരുന്നു. പൊലീസ് ഇൻസ്പെക്ടർ മാരായ ന്യൂമാൻ , ജി സുനിൽ എന്നിവർ അന്വേഷണം പൂർത്തികരിച്ച് അന്തിമ റിപ്പോർട്ട് നൽകി. തുടർന്നാണ് വിചാരണ പൂർത്തിയാക്കി കോടതി ശിക്ഷ വിധിച്ചത്.