ഹരിതഭൂവിനായി പുതിയ പാതയില്‍
നവ്യാനുഭവമായി സീഡ് ബോംബ് വിതരണം
സ്വന്തം ലേഖകൻ
മണര്‍കാട്: വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മര്‍ത്തമറിയം യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സീഡ് ബോംബ് വിതരണം ചെയ്തു. കത്തീഡ്രലില്‍ സഹവികാരിയും യൂത്ത്് അസോസിയേഷന്‍ പ്രസിഡന്റുമായ ഫാ. കുറിയാക്കോസ് കാലായില്‍ സീഡ് ബോംബുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ആയിരത്തോളം സീഡ് ബോംബുകള്‍ വിതരണം ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മണ്ണും ചാണകവും വിത്തും ചേര്‍ത്ത് ഉണ്ടാക്കുന്നതാണ് സീഡ് ബോംബ്. ചെടിയുടെയൊ മരത്തിന്റെയൊ വിത്ത് വെള്ളമൊഴിച്ച് കുഴച്ചെടുത്ത മണ്ണില്‍ ഉരുട്ടി ചെറിയ ഉരുകളായി രൂപപ്പെടുത്തി എടുക്കുന്നു. തുടര്‍ന്ന് അതിന്റെ ഈര്‍പ്പം വലിഞ്ഞതിനു ശേഷം വിതരണം ചെയ്യും. ഇത് വീടിന്റെ പരിസരങ്ങളില്‍ എറിഞ്ഞാല്‍ മതി, മഴ പെയ്യുമ്പോള്‍ തനിയെ ഈ ബോംബ് പൊട്ടി മരങ്ങള്‍ കിളിര്‍ത്തുതുടങ്ങും. മണ്‍സൂണ്‍ തുടങ്ങുന്നതിനു മുമ്പാണ് വിത്ത് ബോംബ് നിക്ഷേപിക്കുന്നത്. പൊട്ടിയ ബോംബ് അവിടെ ഒരു മരമായോ ചെടിയായോ കാലക്രമേണ വളരുന്നു.
പരിസ്ഥിതി ദിനത്തില്‍ വിവിധ സംഘടനകള്‍ മരത്തൈകള്‍ നടുകയും വിതരണം ചെയ്യുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇങ്ങനെ മരത്തൈ നല്‍കുമ്പോഴുള്ള പ്ലാസ്റ്റിക്കും പ്ലാസ്റ്റിക്ക് കവറുകളും ഒഴിവാക്കാനാണ് വളരെ വ്യത്യസ്തമായ ആശയമായ സീഡ് ബോംബുമായി യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ എത്തുന്നത്. ഈ പദ്ധതിക്ക് വളരെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചതെന്ന് യൂത്ത് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.