വവ്വാലിൽ നിന്ന് പന്നിയിലേയ്ക്ക് : നിപ്പ പടർന്നത് ശ്രവങ്ങളിലൂടെ ; സൂക്ഷിക്കേണ്ടത് ഇത് മാത്രം
സ്വന്തം ലേഖകൻ
കൊച്ചി: രണ്ടു ജില്ലകളെ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസ് പടരുന്നത് രോഗിയുടെ ശ്രവങ്ങളിലൂടെ മാത്രമെന്ന് റിപ്പോർട്ട്. വായുവിലൂടെയോ സ്പർശനത്തിലൂടെയോ രോഗം പടരില്ലെന്നാണ് വിദഗ്ധ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. ഈ കണ്ടെത്തലുകൾ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ആശ്വാസം പകരുന്നതാണ്. ഈ സാഹചര്യത്തിലാണ് മെഡിക്കൽ കോളേജിലെ മുൻ ഡോക്ടറും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ ഡോ. പി എസ് ജിനേഷിന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നത്. പോസ്റ്റ് ഇങ്ങനെ –
1998 സെപ്റ്റംബർ മാസത്തിലാണ് മലേഷ്യയിൽ ഒരു പ്രത്യേകതരം പനി ആരംഭിക്കുന്നത്. പന്നി ഫാമുകളിൽ ജോലി ചെയ്യുന്നവർക്കും കുടുംബാംഗങ്ങൾക്കും ഒക്കെയാണ് അസുഖങ്ങൾ വന്നിരുന്നത്. മലേഷ്യയിലെ ഇപ്പോ എന്ന പ്രദേശത്താണ് ആദ്യം കണ്ടുതുടങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മനുഷ്യർക്ക് എൻസഫലൈറ്റിസും പന്നികളിൽ ശ്വാസകോശസംബന്ധമായ ലക്ഷണങ്ങളും ആണ് കണ്ടത്. 15 പേർ അവിടെ മരണമടഞ്ഞു.
പന്നികളിൽ രോഗം ബാധിച്ചതോടെ കർഷകർ പരിഭ്രാന്തരായി. അവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ വളരെയേറെയായിരുന്നു. അവർ പന്നികളെ രാജ്യത്തിൻറെ മറ്റു പല ഭാഗത്തേക്കും കച്ചവടം ചെയ്തു.
അങ്ങനെ 1999 ഫെബ്രുവരി മാസത്തിൽ രാജ്യത്തിലെ ഏറ്റവും വലിയ പന്നിഫാമുകൾ ഉള്ള സുങ്ഗായി നിപ്പയിൽ നിന്നും ഈ അസുഖം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇപ്പോയിൽ നിന്ന് 300 കിലോമീറ്റർ അകലെയാണ് നിപ്പ എന്നസ്ഥലം.
അവിടെ 180 പേർക്ക് ബാധിച്ച അസുഖത്തിൽ 89 പേർ മരണമടഞ്ഞു.
മാർച്ച് മാസത്തിൽ സിംഗപൂരിൽ നിന്നും ഈ അസുഖം റിപ്പോർട്ട് ചെയ്യപ്പെട്ടു. മലേഷ്യയിൽ നിന്നും വാങ്ങിയ പന്നികളെ വളർത്തിയ ഫാമിലെ ജോലിക്കാർക്കാണ് അസുഖം ബാധിച്ചത്. 11 പേർക്ക് ബാധിച്ച അസുഖത്തിൽ ഒരാൾ മരണമടഞ്ഞു.
ജപ്പാൻജ്വരം എന്നായിരുന്നു ആദ്യ ധാരണ. അതുകൊണ്ട് രാജ്യമൊട്ടാകെ ക്യൂലക്സ് കൊതുകുകൾ പരത്തുന്ന ജപ്പാൻ ജ്വരം പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിച്ചു വന്നു.
കൊതുകുകൾ പെറ്റുപെരുകാതിരിക്കാനുള്ള ബോധവൽക്കരണങ്ങൾ/ഫോഗിങ്ങ് ഒക്കെ ശക്തമായി നടന്നു. രാജ്യമൊട്ടാകെ കുറെയേറെ കാലം ഇതിനായി ചെലവഴിച്ചു. പന്നികൾക്ക് ജപ്പാൻ ജ്വരത്തിനെതിരായ വാക്സിനുകൾ നൽകി തുടങ്ങി.
അപ്പോഴാണ് ജപ്പാൻ ജ്വരത്തിനെതിരെ വാക്സിൻ സ്വീകരിച്ചവർക്കും അസുഖം വരുന്നതായി കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം പരിശോധന നടത്തിയപ്പോഴും ജപ്പാൻ ജ്വരവുമായി സാദൃശ്യം കാണുന്നില്ല. ഇത് വളരെയധികം സംശയങ്ങൾ ജനിപ്പിച്ചു.
പന്നികൾക്കും പന്നി ഫാമുകളിലെ ജീവനക്കാർക്കും ബാധിക്കുന്ന അസുഖമാണ് എന്ന ശ്രദ്ധിച്ചു തുടങ്ങി. അങ്ങനെ പന്നികളിൽ നിന്നും മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള അസുഖങ്ങളെക്കുറിച്ച് ചിന്തിച്ചുതുടങ്ങി.
സുങ്ഗായി നിപ്പയിൽ രോഗം ബാധിച്ച ഒരാളുടെ സെറിബ്രോ സ്പൈനൽ ഫ്ലൂയിഡിൽ നിന്നും അത്രകാലം പരിചയമില്ലാതിരുന്ന ഒരു വൈറസിനെ വേർതിരിച്ചെടുത്തു, മലേഷ്യൻ സർവകലാശാലയിൽ. 1999 മാർച്ച് മാസത്തിലാണ് സംഭവം.
മലേഷ്യയിലെ പഴം തീനി വവ്വാലുകളുടെ ഉമിനീരിൽ നിന്നും മൂത്രത്തിൽ നിന്നും ഈ വൈറസിനെ പിന്നീട് വേർതിരിച്ചു. അപ്പോഴാണ് വവ്വാലുകളാണ് ഈ വൈറസിന്റെ റിസർവോയർ എന്ന് മനസ്സിലായത്. വവ്വാലുകളുടെ കാഷ്ഠം ആഹരിച്ചതിനാലാണ് പന്നികളിൽ രോഗബാധയുണ്ടായത് എന്നും മനസ്സിലാക്കി. നൂറുകണക്കിന് വവ്വാലുകളെ ശേഖരിച്ച് പഠിച്ചപ്പോഴാണ് വളരെ കുറച്ചെണ്ണത്തിൽ വൈറസിനെ ലഭിച്ചത്.
ഇതൊക്കെ മനസ്സിലാക്കി വരുമ്പോഴേക്കും നീണ്ട ഒരു വർഷമെടുത്തു. 265 പേർ അസുഖബാധിതരായി. 105 പേർ മരണമടഞ്ഞു. 1999 മെയ് 27നാണ് അവിടെ അവസാനമായി ഒരാൾ മരിക്കുന്നത്.
മലേഷ്യൻ പന്നികളുടെ വ്യാപാരം സിംഗപ്പൂരിൽ നിരോധിച്ചു. മലേഷ്യയിൽ രോഗം പകരാതിരിക്കാനായി ഒരു മില്യൺ പന്നികളെ കൊന്നൊടുക്കി. കോടികളുടെ കൃഷി ഇല്ലാതായി.
ഇത്രയധികം വ്യാപിച്ചില്ല എങ്കിലും ബംഗ്ലാദേശിലും പശ്ചിമബംഗാളിലും 2001നു ശേഷം പലതവണ വൈറസ് ബാധയുണ്ടായി. അവിടങ്ങളിലും അസുഖം തിരിച്ചറിയാൻ വൈകി. മലേഷ്യയിൽ സംഭവിച്ചതുപോലെ കൂടുതൽ പടർന്ന് പിടിച്ചില്ല എങ്കിലും മരണനിരക്ക് മലേഷ്യയെ അപേക്ഷിച്ച് വളരെ കൂടുതൽ. അവിടെ പടർന്നുപിടിച്ചത് പന്നിയിലൂടെ അല്ല എന്നും മനസ്സിലായി. വവ്വാലുകളുടെ ശരീരസ്രവങ്ങൾ കലർന്ന ഈന്തപ്പന നീരയിലൂടെയാണ് (Date palm sap) പടർന്നത്.
രണ്ടുതരം സ്ട്രെയിൻ നിപ്പ വൈറസ് ഉണ്ട് എന്ന് നമുക്ക് മനസ്സിലായി, മലേഷ്യൻ സ്ട്രെയിനുംനും ബംഗ്ലാദേശ് സ്ട്രെയിനും.
കഴിഞ്ഞ മാസത്തിൽ കേരളത്തിലും ഈ വൈറസ് ബാധയുണ്ടായി. മെയ് അഞ്ചാം തീയതിയാണ് ആദ്യം രോഗം ബാധിച്ച വ്യക്തി മരിക്കുന്നത്. ആ കുടുംബത്തിലെ മറ്റു ചിലർക്ക് കൂടി അസുഖം ഉണ്ടാവുന്നു. രണ്ടാമത്തെ ആൾക്ക് അസുഖം വന്നപ്പോഴാണ് നിപ്പ വൈറസ് ആണോ കാരണം എന്ന് സംശയം ഉദിക്കുന്നത്.
പതിനേഴാം തീയതിയും പതിനെട്ടാം തീയതിയുമായി ആ കുടുംബത്തിലെ രണ്ട് പേർ കൂടി മരണമടഞ്ഞു. രോഗകാരണം നിപ്പ വൈറസ് ആണെന്ന് മാധ്യമങ്ങളിലൂടെ മനസ്സിലാക്കുന്നത് ഇരുപതാം തീയതിയാണ്.
അവിടെനിന്നാണ് നമ്മൾ പ്രതിരോധ നടപടികൾ ആരംഭിക്കുന്നത്.
ഓരോ മരണവും വേദനാജനകമാണ്. കർത്തവ്യ നിർവഹണത്തിനിടയിൽ രോഗം പകർന്ന് ലഭിച്ച ലിനി സിസ്റ്റർ നമ്മെ വിട്ടുപിരിഞ്ഞു. ഇതുവരെ 16 പേർ മരണമടഞ്ഞു.
4 മുതൽ 18-21 ദിവസംവരെ ഇൻകുബേഷൻ പീരിയഡ് ഉള്ള അസുഖമാണ്. അതായത് വൈറസ് ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണം ആരംഭിക്കാൻ അത്ര സമയം എടുക്കാമെന്നു ചുരുക്കം. അതായത് രോഗം നമ്മൾ തിരിച്ചറിയുന്നതിന് മുൻപ് തന്നെ ചിലർക്ക് കിട്ടിയിട്ടുണ്ടാകും എന്ന് ചുരുക്കം.
ശരീര സ്രവങ്ങളിലൂടെ മാത്രം പകരുന്ന അസുഖമാണ്. നേരിട്ടുള്ള സമ്പർക്കത്തിലൂടെ അല്ലാതെ ഒരിക്കലും പകരില്ല. അസുഖം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ഓരോ വ്യക്തികളെയും കണ്ടുപിടിച്ച് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. രണ്ടായിരത്തോളം പേർ നിലവിൽ നിരീക്ഷണ ലിസ്റ്റിലുണ്ട്. ഇവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായാൽ എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സ നൽകുക എന്നതും അവരിൽ നിന്ന് മറ്റൊരാളിലേക്ക് അസുഖം പകരുന്നത് തടയുക എന്നുള്ളതുമാണ് ലക്ഷ്യം. ഈ ലിസ്റ്റിന് പുറത്ത് ഒരാൾക്കുപോലും അസുഖം വരരുത് എന്ന് ഉറപ്പിക്കേണ്ടതുണ്ട്.
രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേർ സുഖംപ്രാപിച്ചുവരുന്നു എന്ന് കേൾക്കുന്നു. പൂർണ്ണ ആരോഗ്യത്തോടെ അവർ തിരിച്ചെത്തട്ടെ. വളരെ ആശ്വാസകരമായ വിവരം. കൃത്യമായ ചികിത്സയുടെ ഫലം കൂടിയാണിത്. സയൻസിന്റെ വളർച്ചയുടെ ഫലം. നിന്നനിൽപ്പിൽ സൗകര്യങ്ങൾ ഒരുക്കാൻ സാധിച്ചതിന്റെ ഫലം.
കുറ്റപ്പെടുത്തലുകളുടെ തീക്ഷണ ശരങ്ങൾ വരുമ്പോഴും ചിലത് മറക്കരുത്. പലരും ഭയംകൊണ്ട് അടുത്ത് ചെല്ലാൻ പോലും മടിക്കുമ്പോൾ, ആ രോഗികളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി കർത്തവ്യ നിരതരാകുന്ന ഡോക്ടർമാരും നേഴ്സുമാരും അടങ്ങിയ ആരോഗ്യപ്രവർത്തകർ ഇവിടെയുണ്ട് എന്ന കാര്യം. അധ്യാപകരും റസിഡൻറ് ഡോക്ടർമാരും ഹൗസ് സർജൻ ഡോക്ടർമാരും 24 മണിക്കൂറും ഡ്യൂട്ടി എടുക്കുന്നു എന്ന കാര്യം. സമൂഹമെന്ന നിലയിൽ ഒരുമിച്ച് ഈ അസുഖത്തിന് എതിരെ പ്രതിരോധിച്ചു കൊണ്ടിരിക്കുന്നു എന്ന കാര്യം. നിപ്പ സെല്ലിൽ 24 മണിക്കൂറും സേവനം ഉറപ്പാക്കിക്കൊണ്ട് പ്രതിരോധനടപടികൾ ഏകോപിപ്പിക്കുന്നു എന്ന കാര്യം. കേരളത്തിലെ ആരോഗ്യ പ്രവർത്തകർ ഈ ഒരു ലക്ഷ്യത്തിനായി അക്ഷീണം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു എന്ന കാര്യം.
കേരള മോഡൽ ആരോഗ്യം ലോകത്തിൽ ഏറ്റവും മികച്ച ഒന്നല്ല. ഇന്ത്യയിലെ പൊതുവായ അവസ്ഥയിൽ മറ്റു സംസ്ഥാനങ്ങളേക്കാൾ മികച്ചതാണ് താനും. ഇനിയും ധാരാളം മെച്ചപ്പെടാനുമുണ്ട്.
രോഗം വരുന്നതിനു മുൻപ് കണ്ടുപിടിക്കാൻ സാധിക്കില്ല.
ആദ്യത്തെ രോഗിയിൽ കണ്ടുപിടിക്കാൻ സാധിച്ചുമില്ല. രണ്ടാമത്തെ രോഗിയിൽ കണ്ടുപിടിക്കാൻ സാധിച്ചു എന്നത് ഒരു ചെറിയ കാര്യവുമല്ല. അതിനു സാധിച്ചിരുന്നില്ലെങ്കിൽ ???
ഇതിനെയൊന്നും അഭിനന്ദിക്കേണ്ട. കർത്തവ്യത്തിന്റെ ഭാഗമായി തന്നെ കരുതാം. പക്ഷേ, കണ്ണടച്ചിരുട്ടാക്കി കുറ്റപ്പെടുത്തരുത്.
വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത് …