ഏഴ് വർഷത്തെ വിലക്ക് അവസാനിച്ചു, ശ്രീശാന്തിന് ഇനി ക്രിക്കറ്റ് കളിക്കാം ; വിലക്ക് അവസാനിച്ചതിന്റെ ആഹ്‌ളാദത്തിൽ താരം

സ്വന്തം ലേഖകൻ

കൊച്ചി: ശ്രീശാന്തിന് ബി.സി.ഐ ഏർപ്പെടുത്തിയ നീണ്ട ഏഴു വർഷത്തെ അദ്ദേഹത്തിന്റെ വിലക്കിനു ഇന്ന് അന്ത്യം. ഒത്തുകളി ആരോപണത്തെ തുടർന്നു ബിസിസിഐ തനിക്കേർപ്പെടുത്തിയ വിലക്ക് നിയമപോരാട്ടങ്ങൾക്കൊടുവിൽ ഏഴു വർഷമായി വെട്ടിക്കുറച്ചിരുന്നു.

ഇതോടെയാണ് വീണ്ടും ക്രിക്കറ്റ് കളിക്കാമെന്ന ശ്രീശാന്തിന്റെ സ്വപ്‌നം പൂവണിഞ്ഞത്. 2007ലെ പ്രഥമ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു 37 കാരനായ പേസർ.

അടുത്ത വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ കളിക്കാൻ താൻ ആഗ്രഹിക്കുന്നതായി അടുത്തിടെ ശ്രീശാന്ത് വെളിപ്പെടുത്തിയിരുന്നു. പക്ഷെ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉടനെയൊന്നും കളിക്കളത്തിൽ ഇറങ്ങാൻ സാധിക്കില്ലെന്ന നിരാശയും അദ്ദേഹത്തിനുണ്ട്.

എനിക്കു സ്വാതന്ത്ര്യം ലഭിച്ചു, വീണ്ടും കളിക്കാൻ സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു. വലിയ ആശ്വാസം തന്നെയാണിത്, വളരെ വലിയ ആശ്വാസം. ഈ നിമിഷം എന്നെ സംബന്ധിച്ച് എത്രത്തോളം മഹത്തായതാണെന്ന് മറ്റാർക്കും മനസ്സിലാക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ശ്രീശാന്ത് പറയുന്നു.

നീണ്ട കാത്തിരിപ്പിനൊടുവിൽ എനിക്കു വീണ്ടും കളിക്കാം. പക്ഷെ രാജ്യത്തു ഇപ്പോൾ കളിക്കാൻ സാധിക്കുന്ന ഒരു സ്ഥലം പോലുമില്ല. ഈയാഴ്ച കൊച്ചിയിൽ ഒരു പ്രാദേശിക ടൂർണമെന്റ് സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ഞാൻ ആലോചിച്ചിരുന്നു.

അതിൽ കളിച്ചു കൊണ്ട് മടങ്ങിവരാനായിരുന്നു ആഗ്രഹിച്ചത്. പക്ഷെ പിന്നീട് ഇതു വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഇതു വലിയ റിസ്‌കാണെന്നു തിരിച്ചറിഞ്ഞതിനെ തുടർന്നായിരുന്നുവെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു.

വിലക്ക് ഇന്ന് അവസാനിക്കുമെന്ന് നേരത്തേ ഉറപ്പായതിനാൽ തന്നെ ശ്രീശാന്തിനെ കേരള ടീമിലുൾപ്പെടുത്താൻ കേരള ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചിരുന്നു. രഞ്ജി ട്രോഫിയുടെ പുതിയ സീസണിൽ താരം കളിക്കുമെന്നും കെസിഎ അറിയിച്ചിരുന്നു.

ഇതിനു മുന്നോടിയായി കേരള ടീമിനൊപ്പം കൊച്ചിയിൽ പരിശീലനം നടത്തി വരികയായിരുന്നു ശ്രീശാന്ത്. ഇതിനിടെയാണ് കൊവിഡ് മഹാമാരി എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചത്.

2013ലെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി കളിക്കുന്നതിനിടെയാണ് ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചു കൊണ്ട് ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് ശ്രീശാന്ത് അറസ്റ്റിലാവുന്നത്. ഇതേ തുടർന്നാണ് ബിസിസിഐ അദ്ദേഹത്തെ ആജീവനാന്ത കാലത്തേക്ക് വിലക്കിയത്.

എന്നാൽ വിലക്കിനെതിരെ നിയമപോരാട്ടവുമായി ശ്രീശാന്ത് രംഗത്ത് എത്തുകയായിരുന്നു. 2015ൽ ഡൽഹിയിലെ പ്രത്യേക കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു.

2018ൽ കേരള ഹൈക്കോടതി താരത്തിനു ബിസിസിഐ ചുമത്തിയ ആജീവനാന്ത വിലക്ക് നീക്കുകയും ചെയ്തിരുന്നു. 2019ൽ ഹൈക്കോടതി വിധി മരവിപ്പിച്ച സുപ്രീം കോടതി ശ്രീശാന്തിന്റെ വിലക്ക് വെട്ടിക്കുറയ്ക്കാൻ ബിസിസിഐയോട് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് താരത്തിന്റെ വിലക്ക് ഏഴു വർഷമാക്കി ബിസിസിഐ ചുരുക്കിയത്.