സുരേഷ് ഗോപിയെ തോല്‍പ്പിക്കാൻ ശ്രമിക്കുന്നു എന്ന് വിളിച്ചു പറയുന്നതിന്റെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കാൻ പാഴൂർ പടിപ്പുര വരെയൊന്നും പോകണ്ട ; അഭിപ്രായസ്വാതന്ത്ര്യം എന്ത് തോന്ന്യവാസവും വിളിച്ച് പറയാൻ ഉള്ള ലൈസൻസ് ആണെന്ന് കരുതരുത് ; ആസ്ഥാന നിരീക്ഷണ പദവിയിലിരുന്ന് അച്ചാരം വാങ്ങിയുള്ള നിരീക്ഷണം അതിരുകടക്കാതിരിക്കുന്നതാണ് നല്ലത്; കെ സുരേന്ദ്രനെ വിമര്‍ശിച്ച ശ്രീജിത്ത് പണിക്കര്‍ക്ക് മറുപടിയുമായി യുവമോര്‍ച്ച നേതാവ് സി.ആർ പ്രഫുല്‍ കൃഷ്ണ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും, രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരും തമ്മിലുള്ള വാക്പോര് സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചർച്ചാവിഷയമാണ്.
ശ്രീജിത്ത് പണിക്കർക്കെതിരെ പരിഹാസവും വിമർശനവും ചൊരിഞ്ഞ കെ.സുരേന്ദ്രന് ചുട്ടമറുപടിയും കിട്ടി. സുരേഷ് ഗോപിയെ തൃശൂരില്‍ തോല്‍പ്പിക്കാൻ ബിജെപിയുടെ സംസ്ഥാനഘടകം പരിശ്രമിച്ചുവെന്നുവെന്ന പണിക്കരുടെ ചാനലിലെ പ്രസ്താവനയാണ് സുരേന്ദ്രനെ പ്രകോപിപ്പിച്ചത്. സുരേന്ദ്രന് ശ്രീജിത്ത് പണിക്കർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ മറുപടി നല്‍കി. ഒരുദിവസം പിന്നിട്ടപ്പോള്‍, പണിക്കർക്ക് മറുപടിയുമായി യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ പ്രഫുല്‍ കൃഷ്ണ രംഗത്തെത്തി.ആസ്ഥാന നിരീക്ഷണ പദവിയിലിരുന്ന് അച്ചാരം വാങ്ങിയുള്ള നിരീക്ഷണം അതിരുകടക്കാതിരിക്കുന്നതാണ് നല്ലത് എന്നാണ് യുവ മോർച്ച നേതാവിന്റെ മുന്നറിയിപ്പ്:
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രഫുല്‍ കൃഷ്ണയുടെ പോസ്റ്റ് ഇങ്ങനെ:
രാഷ്ട്രീയ നിരീക്ഷകന് അഭിപ്രായം പറയാൻ അതിരുകള്‍ ഒന്നും ഇല്ല എന്നുള്ളത് സത്യം തന്നെ. പക്ഷെ ആ അഭിപ്രായസ്വാതന്ത്ര്യം എന്ത് തോന്ന്യവാസവും വിളിച്ച് പറയാൻ ഉള്ള ലൈസൻസ് ആണെന്ന് കരുതരുത്.
ബി. ജെ. പി സംസ്ഥാന നേതൃത്വം സുരേഷ് ഗോപിയെ തോല്‍പ്പിക്കാൻ ശ്രമിക്കുന്നു എന്ന് ചാനല്‍ മുറിയില്‍ ഇരുന്ന് ഇലക്ഷന് തൊട്ട് മുന്നെ വിളിച്ചു പറയുന്നതിന്റെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കാൻ പാഴൂർ പടിപ്പുര വരെയൊന്നും പോകണ്ട. സുരേഷ് ഗോപിയെ തകർക്കാൻ വലിയ ഗൂഢാലോചന ചില മാധ്യമങ്ങളും മറ്റ് രാഷ്ട്രീയ പാർട്ടികളും നടത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് മാധ്യമപ്രവർത്തകയെ അപമാനിച്ചു എന്ന കേസുപോലും ഉണ്ടാക്കിയത്.
എന്തുകൊണ്ട് വന്നാലും അതിനെയൊക്കെ കൃത്യമായി പ്രതിരോധിക്കാൻ സാധിച്ചതുകൊണ്ട് തന്നെയാണ് കേരളത്തില്‍ ശ്രീ കെ സുരേന്ദ്രൻജിയുടെ നേതൃത്വത്തില്‍ ഈ ഉജജ്വല വിജയം ഞങ്ങള്‍ക്ക് ഉണ്ടായതും. കൊടകരയെന്നും, നിയമനമെന്നും പറഞ്ഞ് അക്രമിക്കാൻ വട്ടം കൂടിയവരില്‍ നിക്ഷ്പക്ഷ മുഖമൂടിയിട്ട നിരീക്ഷകരും ഉണ്ടായിരുന്നു… ആസ്ഥാന നിരീക്ഷണ പദവിയിലിരുന്ന് അച്ചാരം വാങ്ങിയുള്ള നിരീക്ഷണം അതിരുകടക്കാതിരിക്കുന്നതാണ് നല്ലത് എന്ന് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ കുറിച്ചു.
ചാനല്‍ ചർച്ചയില്‍ പങ്കെടുക്കുന്ന പണിക്കർ ആക്രിനിരീക്ഷകനും കള്ളപ്പണിക്കരുമെന്നായിരുന്നു കെ.സുരേന്ദ്രൻ പറഞ്ഞത്. ഇതിന് പിന്നാലെ ഉള്ളിയുടെ ചിത്രത്തിനൊപ്പം ഫേസ്‌ബുക്കിലിട്ട കുറിപ്പില്‍ കെ.സുരേന്ദ്രന് മറുപടിയുമായി ശ്രീജിത്ത് പണിക്കർ രംഗത്തെത്തി. ശ്രീജിത്ത് പണിക്കർക്കെതിരെയുള്ള സുരേന്ദ്രന്റെ വിമർശന വിഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായതിന് പിന്നാലെയാണ് സുരേന്ദ്രന് മറുപടിയുമായി ശ്രീജിത്ത് പണിക്കർ പോസ്റ്റിട്ടത്. പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണുള്ളത്.
‘നിങ്ങള്‍ മാത്രമല്ല ചില ആക്രിനിരീക്ഷകരും ചാനലുകളില്‍ വന്നിരുന്നു പറയുകയാണ് സുരേഷ് ഗോപിയെ തൃശൂരില്‍ തോല്‍പ്പിക്കാൻ ബിജെപിയുടെ സംസ്ഥാനഘടകം പരിശ്രമിച്ചുവെന്നു വൈകുന്നേരം ചാനലുകളില്‍ വന്നിരുന്നു കള്ളപ്പണിക്കരാണ് സംസ്ഥാനഘടകത്തിന് നേരെ ആരോപണം ഉന്നയിക്കുന്നതെന്നുമാണ്’ സുരേന്ദ്രൻ പറഞ്ഞത്. ഉച്ചയ്ക്ക് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സുരേന്ദ്രൻ ശ്രീജിത്തിന്റെ പേരെടുത്ത് പറഞ്ഞ് വിമർശിച്ചത്. ഇതിന് മറുപടിയുമായാണ് ശ്രീജിത്ത് പണിക്കർ രംഗത്തെത്തിയത്.
”മകന്റെ കള്ളനിയമനം, തിരഞ്ഞെടുപ്പ് കാലത്തെ കുഴല്‍പ്പണം, തുപ്പല്‍ വിവാദം, സ്ഥലപ്പേര് വിവാദം ഇതിലൊക്കെ നിങ്ങളെ തള്ളിപ്പറഞ്ഞതില്‍ നിങ്ങള്‍ക്ക് നല്ല കലിപ്പുണ്ടാകും. സ്വാഭാവികം. സ്വന്തം അധ്വാനത്തിന്റെ ബലത്തില്‍ സുരേഷ് ഗോപി തൃശൂരില്‍ ജയിച്ചപ്പോള്‍ അതില്‍ പ്രത്യേകിച്ചൊരു പങ്കുമില്ലാത്ത നിങ്ങള്‍ എന്തിനാണ് എന്നോട് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല എന്നാണ് ശ്രീജിത്തിന്റെ പരിഹാസം”.
കുറിപ്പിന്റെ പൂർണരൂപം-
‘പ്രിയപ്പെട്ട ഗണപതിവട്ടജി, നിങ്ങള്‍ക്കെന്നോട് നല്ല കലിപ്പുണ്ടാകും. മകന്റെ കള്ളനിയമനം, തിരഞ്ഞെടുപ്പ് കാലത്തെ കുഴല്‍പ്പണം, തുപ്പല്‍ വിവാദം, സ്ഥലപ്പേര് വിവാദം ഇതിലൊക്കെ നിങ്ങളെ തള്ളിപ്പറഞ്ഞതില്‍ നിങ്ങള്‍ക്ക് നല്ല കലിപ്പുണ്ടാകും. സ്വാഭാവികം. സ്വന്തം അധ്വാനത്തിന്റെ ബലത്തില്‍ സുരേഷ് ഗോപി തൃശൂരില്‍ ജയിച്ചപ്പോള്‍ അതില്‍ പ്രത്യേകിച്ചൊരു പങ്കുമില്ലാത്ത നിങ്ങള്‍ എന്തിനാണ് എന്നോട് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. സുരേഷ് ഗോപി തന്റെ മണ്ഡലത്തില്‍ നടത്തിയ ഇടപെടലുകള്‍, നേരിട്ട ആരോപണങ്ങളിലെ പൊള്ളത്തരങ്ങള്‍ ഇതേക്കുറിച്ചൊക്കെ ഞാൻ ചർച്ചകളില്‍ പറഞ്ഞതിന്റെ പത്തിലൊന്ന് നിങ്ങള്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?
അനാവശ്യമായ ഒരു സ്ഥലനാമ വിവാദം കുത്തിപ്പൊക്കി, മറ്റ് സ്ഥാനാർത്ഥികളുടെ കൂടി സാധ്യതകളെ അട്ടിമറിക്കാനാണ് നിങ്ങള്‍ ശ്രമിച്ചത്. അല്ലെങ്കില്‍ ഒരു എംപിക്ക് എങ്ങനെ ഒരു സ്ഥലത്തെ പുനർനാമകരണം ചെയ്യാൻ കഴിയുമെന്ന എന്റെ ചോദ്യത്തിന് മറുപടി പറയൂ. കഴിഞ്ഞതവണ സാധ്യതകള്‍ ഇല്ലാതാക്കാൻ ”മൂന്ന് ഡസൻ സീറ്റ്” എന്നതായിരുന്നു നിങ്ങളുടെ അവകാശവാദം.
പാർട്ടിയില്‍ വരൂ പദവി തരാം, ഒപ്പം നില്‍ക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോള്‍ പണിക്കർ കള്ളപ്പണിക്കർ ആണെന്ന് അങ്ങേയ്ക്ക് തോന്നിയില്ലേ ആവോ? രണ്ടും നിഷേധിച്ചത് എന്റെ നിലപാട്. നിങ്ങളെയൊക്കെ മനസ്സിലാക്കാൻ രണ്ടാമതൊന്ന് നോക്കേണ്ടതില്ലല്ലോ. മനുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവച്ച് അവർക്ക് ഗുണമുള്ള കാര്യങ്ങള്‍ ചെയ്താല്‍ സുരേഷ് ഗോപിക്ക് കിട്ടിയ സ്വീകാര്യത നിങ്ങള്‍ക്കും കിട്ടും. അല്ലെങ്കില്‍ പതിവുപോലെ കെട്ടിവച്ച കാശു പോകും.ഒരു കാര്യത്തില്‍ നന്ദിയുണ്ട്. സോഷ്യല്‍ മീഡിയയില്‍ ചിലർ എനിക്ക് ചാർത്തിത്തന്ന ആ ചാപ്പ നിങ്ങളായിട്ട് തിരുത്തിയല്ലോ. സന്തോഷം! പണിക്കർ ചിത്രം: ചെറിയുള്ളി, തൊലിയുരിച്ചത്.”