
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും, രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരും തമ്മില്‍ വാക്‌പോര്. ശ്രീജിത്ത് പണിക്കർക്കെതിരെ പരിഹാസവും വിമർശനവും ചൊരിഞ്ഞ കെ.സുരേന്ദ്രന് ചുട്ടമറുപടിയും കിട്ടി. ചാനല്‍ ചർച്ചയില്‍ പങ്കെടുക്കുന്ന പണിക്കർ ആക്രിനിരീക്ഷകനും കള്ളപ്പണിക്കരുമെന്നായിരുന്നു കെ.സുരേന്ദ്രൻ പറഞ്ഞത്.
ഇതിന് പിന്നാലെ ഉള്ളിയുടെ ചിത്രത്തിനൊപ്പം ഫേസ്‌ബുക്കിലിട്ട കുറിപ്പില്‍ കെ.സുരേന്ദ്രന് മറുപടിയുമായി ശ്രീജിത്ത് പണിക്കർ രംഗത്തെത്തി. ശ്രീജിത്ത് പണിക്കർക്കെതിരെയുള്ള സുരേന്ദ്രന്റെ വിമർശന വിഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായതിന് പിന്നാലെയാണ് സുരേന്ദ്രന് മറുപടിയുമായി ശ്രീജിത്ത് പണിക്കർ പോസ്റ്റിട്ടത്. പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘നിങ്ങള്‍ മാത്രമല്ല ചില ആക്രിനിരീക്ഷകരും ചാനലുകളില്‍ വന്നിരുന്നു പറയുകയാണ് സുരേഷ് ഗോപിയെ തൃശൂരില്‍ തോല്‍പ്പിക്കാൻ ബിജെപിയുടെ സംസ്ഥാനഘടകം പരിശ്രമിച്ചുവെന്നു വൈകുന്നേരം ചാനലുകളില്‍ വന്നിരുന്നു കള്ളപ്പണിക്കരാണ് സംസ്ഥാനഘടകത്തിന് നേരെ ആരോപണം ഉന്നയിക്കുന്നതെന്നുമാണ്’ സുരേന്ദ്രൻ പറഞ്ഞത്. ഇതിന് മറുപടിയുമായാണ് ശ്രീജിത്ത് പണിക്കർ രംഗത്തെത്തിയത്.
”മകന്റെ കള്ളനിയമനം, തിരഞ്ഞെടുപ്പ് കാലത്തെ കുഴല്‍പ്പണം, തുപ്പല്‍ വിവാദം, സ്ഥലപ്പേര് വിവാദം ഇതിലൊക്കെ നിങ്ങളെ തള്ളിപ്പറഞ്ഞതില്‍ നിങ്ങള്‍ക്ക് നല്ല കലിപ്പുണ്ടാകും. സ്വാഭാവികം. സ്വന്തം അധ്വാനത്തിന്റെ ബലത്തില്‍ സുരേഷ് ഗോപി തൃശൂരില്‍ ജയിച്ചപ്പോള്‍ അതില്‍ പ്രത്യേകിച്ചൊരു പങ്കുമില്ലാത്ത നിങ്ങള്‍ എന്തിനാണ് എന്നോട് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല എന്നാണ് ശ്രീജിത്തിന്റെ പരിഹാസം”.
കുറിപ്പിന്റെ പൂർണരൂപം-”പ്രിയപ്പെട്ട ഗണപതിവട്ടജി, നിങ്ങള്‍ക്കെന്നോട് നല്ല കലിപ്പുണ്ടാകും. മകന്റെ കള്ളനിയമനം, തിരഞ്ഞെടുപ്പ് കാലത്തെ കുഴല്‍പ്പണം, തുപ്പല്‍ വിവാദം, സ്ഥലപ്പേര് വിവാദം ഇതിലൊക്കെ നിങ്ങളെ തള്ളിപ്പറഞ്ഞതില്‍ നിങ്ങള്‍ക്ക് നല്ല കലിപ്പുണ്ടാകും. സ്വാഭാവികം. സ്വന്തം അധ്വാനത്തിന്റെ ബലത്തില്‍ സുരേഷ് ഗോപി തൃശൂരില്‍ ജയിച്ചപ്പോള്‍ അതില്‍ പ്രത്യേകിച്ചൊരു പങ്കുമില്ലാത്ത നിങ്ങള്‍ എന്തിനാണ് എന്നോട് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. സുരേഷ് ഗോപി തന്റെ മണ്ഡലത്തില്‍ നടത്തിയ ഇടപെടലുകള്‍, നേരിട്ട ആരോപണങ്ങളിലെ പൊള്ളത്തരങ്ങള്‍ ഇതേക്കുറിച്ചൊക്കെ ഞാൻ ചർച്ചകളില്‍ പറഞ്ഞതിന്റെ പത്തിലൊന്ന് നിങ്ങള്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?
അനാവശ്യമായ ഒരു സ്ഥലനാമ വിവാദം കുത്തിപ്പൊക്കി, മറ്റ് സ്ഥാനാർത്ഥികളുടെ കൂടി സാധ്യതകളെ അട്ടിമറിക്കാനാണ് നിങ്ങള്‍ ശ്രമിച്ചത്. അല്ലെങ്കില്‍ ഒരു എംപിക്ക് എങ്ങനെ ഒരു സ്ഥലത്തെ പുനർനാമകരണം ചെയ്യാൻ കഴിയുമെന്ന എന്റെ ചോദ്യത്തിന് മറുപടി പറയൂ. കഴിഞ്ഞതവണ സാധ്യതകള്‍ ഇല്ലാതാക്കാൻ ”മൂന്ന് ഡസൻ സീറ്റ്” എന്നതായിരുന്നു നിങ്ങളുടെ അവകാശവാദം.
പാർട്ടിയില്‍ വരൂ പദവി തരാം, ഒപ്പം നില്‍ക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോള്‍ പണിക്കർ കള്ളപ്പണിക്കർ ആണെന്ന് അങ്ങേയ്ക്ക് തോന്നിയില്ലേ ആവോ? രണ്ടും നിഷേധിച്ചത് എന്റെ നിലപാട്. നിങ്ങളെയൊക്കെ മനസ്സിലാക്കാൻ രണ്ടാമതൊന്ന് നോക്കേണ്ടതില്ലല്ലോ. മനുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവച്ച് അവർക്ക് ഗുണമുള്ള കാര്യങ്ങള്‍ ചെയ്താല്‍ സുരേഷ് ഗോപിക്ക് കിട്ടിയ സ്വീകാര്യത നിങ്ങള്‍ക്കും കിട്ടും. അല്ലെങ്കില്‍ പതിവുപോലെ കെട്ടിവച്ച കാശു പോകും.ഒരു കാര്യത്തില്‍ നന്ദിയുണ്ട്. സോഷ്യല്‍ മീഡിയയില്‍ ചിലർ എനിക്ക് ചാർത്തിത്തന്ന ആ ചാപ്പ നിങ്ങളായിട്ട് തിരുത്തിയല്ലോ. സന്തോഷം! പണിക്കർ ചിത്രം: ചെറിയുള്ളി, തൊലിയുരിച്ചത്.”



