ശ്രീ അണഞ്ഞിട്ട്  ഒരു  വർഷം

ശ്രീ അണഞ്ഞിട്ട് ഒരു വർഷം


സ്വന്തംലേഖകൻ

കോട്ടയം : താരസുന്ദരി ശ്രീദേവി ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം.
ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിലും നായികാ വസന്തമായി പാറി പറന്ന് നടന്ന ശ്രീദേവിയുടെ മരണവാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരുന്നു. 2018 ഫെബ്രുവരി 24 രാത്രി 11.30 ന് ദുബായിലെ ജുമൈറ ടവേര്‍സ് ഹോട്ടല്‍ മുറിയിലെ ബാത് ടബ്ബില്‍ മുങ്ങിയാണ് ശ്രീദേവി മരിച്ചത്. പുലര്‍ച്ചെയാണ് ശ്രീദേവിയുടെ മരണ വാര്‍ത്ത സ്ഥിരികരിച്ച് കൊണ്ടുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്. ശ്രീദേവി എങ്ങനെ മരിച്ചു എന്നത് സംബന്ധിച്ച് ദുരൂഹത വന്നതോടെ കൊലപാതകമാണോ ആത്മഹത്യയോ അപകടമരണമോ എന്ന് സ്ഥിരികരിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഒടുവില്‍ തലയില്‍ ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നെങ്കിലും ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണമെന്ന് ദുബായ് പോലീസില്‍ നിന്നും അറിയിപ്പ് വന്നു. ശരിയായ മരണ കാരണം ഇനിയും പുറത്ത് വന്നിട്ടില്ല. ശ്രീദേവിയുടെ ഓര്‍മ്മ ദിവസവുമായി ബന്ധപ്പെട്ട് ചെന്നൈയിലുള്ള വസതിയില്‍ ഹിന്ദു മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ നടക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 1963 ല്‍ തമിഴ്‌നാട്ടില്‍ ജനിച്ച ശ്രീദേവി നാലാം വയസില്‍ ബാല താരമായിട്ടാണ് അഭിനയ ജീവിതം തുടങ്ങിയത്. ബാലതാരമായി തന്നെ പിന്നീടും ചില തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ശ്രീദേവി അഭിനയിച്ചിരുന്നു. ഹിന്ദി, മലയാളം, തമിഴ്, ഉര്‍ദു, തുടങ്ങി വിവിധ ഭാഷകളിലായി മൂന്നുറിലധികം സിനിമകളില്‍ ശ്രീദേവി അഭിനയിച്ചിരുന്നു. ഹിന്ദി സിനിമകളിലെ ആദ്യ വനിതാ സൂപ്പര്‍ താരമായിട്ടാണ് ശ്രീദേവി അറിയപ്പെട്ടിരുന്നത്. ചെറുപ്പത്തില്‍ അഭിനയം തുടങ്ങിയെങ്കിലും വിവാഹത്തിന് ശേഷം ശ്രീദേവി സിനിമയില്‍ നിന്നും വിട്ടു നിന്നിരുന്നു. മക്കള്‍ വലുതായതോടെയായിരുന്നു പിന്നീട് വെള്ളിത്തിരയിലേക്കുള്ള തിരിച്ച് വരവ്.