
സ്വന്തം ലേഖകൻ
കോഴിക്കോട്: നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ അഴിമതിയും ധൂർത്തും ആരോപിച്ച് ഗവർണറോട് അന്വേഷണം ആവശ്യപ്പെടാൻ നീക്കവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭാ ഹാൾ നവീകരണം, നിയമസഭാ ടിവിയുടെ കൺസൽറ്റൻസി നിയമനം, ഫെസ്റ്റിവൽ ഓഫ് ഡമോക്രസി ആഘോഷം എന്നിങ്ങനെ അഞ്ച് കാര്യങ്ങളുമായി ബന്ധപ്പെട്ട് വൻഅഴിമതിയാണ് സ്പീക്കറുടെ നേതൃത്വത്തിൽ നടത്തിയതെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം.
പദവി ദുരുപയോഗം ചെയ്തു ധൂർത്തു നടത്തരുതെന്നു പ്രതിപക്ഷം സ്പീക്കറെ നേരിട്ടു കണ്ടു പറഞ്ഞതാണ്. എന്നിട്ടും പ്രവർത്തനരീതി മാറ്റാൻ സ്പീക്കർ തയാറായില്ലെന്നും ആരോപണമുണ്ട്. ലോക കേരള സഭയുടെ പേരിൽ അടക്കം സ്പീക്കർ നടത്തിയത് വൻ ധൂർത്താണെന്ന് ചെന്നിത്തല ആരോപിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമസഭാ മ്യൂസിയത്തിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഏഴര ലക്ഷം രൂപ മുടക്കി സജ്ജീകരിച്ച ചിൽഡ്രൻസ് ലൈബ്രറി പൊളിച്ചു കളഞ്ഞു പകരം ഇഎംഎസ് സ്മൃതി സ്മാരകം നിർമ്മിക്കുന്നതിന് പദ്ധതിയുണ്ടാക്കി. ചെലവ് 87 ലക്ഷം രൂപ. നിയമസഭ ഹാൾ പുതുക്കി പണിയുന്നതിനു ടെൻഡർ ഇല്ലാതെയാണ് ഊരാളുങ്കലിനു കരാർ നൽകിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നിയമസഭാ ടിവിക്കായി കൺസൽറ്റന്റുമാരെ 60,000 രൂപ, 40,000 രൂപ വീതം പ്രതിമാസം കൺസൽറ്റൻസി ഫീസ് നൽകി നിയമിച്ചു. ചീഫ് കൺസൽറ്റന്റിനു താമസിക്കാൻ വഴുതക്കാട് 25,000 രൂപ വാടകയ്ക്കു ഫ്‌ളാറ്റ് എടുത്തുനൽകി. 86 പ്രോഗ്രാം ഇതിനകം നിർമ്മിച്ചുവെന്നു വിവരാവകാശ രേഖ. ഇതുവരെ ചെലവ് 60.38 ലക്ഷം രൂപ.
2018 ൽ ആദ്യ ലോക കേരളസഭ നടന്നപ്പോൾ ശങ്കരനാരായണൻ തമ്പി ഹാളിലെ ഇരിപ്പിടങ്ങൾ 1.84 കോടി ചെലവാക്കി നവീകരിച്ചു. 2 ദിവസം മാത്രമാണ് ഈ ഹാളിൽ സമ്മേളനം ചേർന്നത്. 2020 ൽ രണ്ടാം ലോക കേരള സഭ നടന്നപ്പോൾ ഈ ഇരിപ്പിടങ്ങൾ പൊളിച്ചു മാറ്റി. ഹാൾ മൊത്തം 16.65 കോടി രൂപ എസ്റ്റിമേറ്റിട്ട് നവീകരിച്ചു. നിയമസഭയിലെ ചെലവുകൾ സഭയിൽ ചർച്ച ചെയ്യാറില്ല. കഴിഞ്ഞ നാലര വർഷത്തിനിടെ 100 കോടിയുടെയെങ്കിലും നിർമ്മാണ പ്രവർത്തനങ്ങളും ആഘോഷങ്ങളും നടത്തിയിട്ടുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
അതേസമയം രമേശ് ചെന്നിത്തല ഉന്നയിച്ച അഴിമതി ആരോപണങ്ങൾ വസ്തുതാപരമായി ശരിയല്ലെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. നിയമസഭ സെക്രട്ടേറിയറ്റോ സ്പീക്കറോ മറ്റേതെങ്കിലും ഭരണഘടന പദവികളോ വിമർശനത്തിന് വിധേയമാകാൻ പാടില്ലാത്ത വിശുദ്ധ പശുക്കളാണെന്ന അഭിപ്രായമൊന്നും തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള നിയമസഭയെ രാജ്യത്തെ ഏറ്റവും മികച്ച നിയമസഭയാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങൾക്കായിരുന്നു കഴിഞ്ഞ നാലരവർഷവും നേതൃത്വം കൊടുത്തിരുന്നതെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ലോക കേരള സഭ, സഭ ടിവി തുടങ്ങി ചെന്നിത്തല ഇന്നു രാവിലെ ഉന്നയിച്ച ആരോപണങ്ങൾക്ക് ഓരോന്നിനും വാർത്താസമ്മേളനത്തിൽ മറുപടി നൽകുകയായിരുന്നു സ്പീക്കർ.
ഊരാളുങ്കലിന് ടെൻഡർ വിളിക്കാതെ കൊടുക്കാൻ സർക്കാർ ഉത്തരവുണ്ട്. ടെൻഡർ വിളിക്കാതെ കൊടുക്കാനുള്ള ഉത്തരവുള്ളതിനാലാണ് അങ്ങനെ ചെയ്തത്. ഈ സർക്കാർ കൊടുത്ത ഉത്തരവ് അല്ല അതെന്നും എല്ലാവശങ്ങളും പരിശോധിച്ച് അവരുടെ വിശ്വാസ്ത്യതയുടെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ച ഉത്തരവാണത്. താൻ അല്ലല്ലോ ആ ഉത്തരവ് ഇട്ടതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.







