എ.സി.പിയ്ക്കു കൈക്കൂലി അഞ്ചു ലക്ഷം: തമിഴ്‌നാട് പൊലീസിനു പണം വാരിയെറിഞ്ഞ് അൽ ഉമ്മ സംഘത്തലവൻ വിലസിയത് വർഷങ്ങളോളം; മടയിൽ കയറിയുള്ള കേരള പൊലീസിന്റെ വേട്ടയിൽ ഞെട്ടി തമിഴ്‌നാട് ക്യൂ ബ്രാഞ്ച്
സ്വന്തം ലേഖകൻ
കോട്ടയം: തമിഴ്‌നാട്ടിലെ എസി.പിയ്ക്കു കൈക്കൂലിയായി നൽകിയിരുന്നത് ഒരു മാസം അ്ഞ്ചു ലക്ഷം രൂപ. പതിനാല് വർഷത്തിലേറെ ജയിലിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ കോയമ്പത്തൂർ സ്‌ഫോടനക്കേസ് പ്രതി, അൽ ഉമ്മ തീവ്രവാദി തൊപ്പി റഫീഖിനെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് തമിഴ്‌നാട്ടിൽ ഇയാൾ ഒഴുക്കിയ കോടികളുടെ കണക്ക് പുറത്തായത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ നിന്നും നൂറുകണക്കിന് കാറുകൾ കടത്തിയ കേസിലാണ് അൽ ഉമ്മ സംഘത്തലവൻ തൊപ്പി റഫീഖ് എന്ന കോയമ്പത്തൂർ ഉക്കടം സ്വദേശി മുഹമ്മദ് റഫീഖിനെ (62) വെസ്റ്റ് പൊലീസ് പിടികൂടിയത്.
ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം ലക്ഷങ്ങളാണ് തമിഴ്‌നാട്ടിലെ പൊലീസുകാർക്ക് മാസവും കൈക്കൂലിയായി നൽകുന്നതെന്നാണ് ഇയാൾ പൊലീസിനു മൊഴി നൽകിയത്. കോയമ്പത്തൂരിൽ മാറി മാറി വരുന്ന എസിപിമാർ പരമാവധി ഊറ്റിപ്പിഴിഞ്ഞ് എടുക്കുകയാണ് ചെയ്തിരുന്നത്. ഓരോ തവണയും ലക്ഷങ്ങളാണ് ഇവർ കൈക്കൂലിയായി വാങ്ങിയിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃശൂർ വാടനപ്പള്ളി ഗണേശമംലഗം പുത്തൻവീട്ടിൽ അബ്ദുൾ റസാഖിന്റെ മകൻ ഇല്യാസ് (37), എറണാകുളം ആലുവ യു.സി കോളേജ് ചെറിയംപറമ്പിൽ വീട്ടിൽ അബുവിന്റെ മകൻ കെ.എ നിഷാദ് (37)എന്നിവർ ചേർന്ന് കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുമായി 11 കാറുകൾ കടത്തിയിരുന്നു. കോട്ടയം ജില്ലയിലെ റിട്ട.എസ്.ഐയുടെ കാറും ഇത്തരത്തിൽ കടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കാറുകൾ മുഹമ്മദ് റഫീഖിലേയ്ക്കാണ് എത്തുന്നതെന്ന് കണ്ടെത്തിയത്. തുടർന്ന് തമിഴ്നാട്ടിൽ എത്തി പൊലീസ് സംഘം കോയമ്പത്തൂർ സ്ഫോടനക്കേസ് പ്രതിയായ മുഹമ്മദ് റഫീഖിനെ അകത്താക്കുകയായിരുന്നു.
കോയമ്പത്തൂരിൽ പൊലീസ് ഗുണ്ടാ കാവലിൽ കഴിഞ്ഞിരുന്ന റഫീഖിനെ കേരള പൊലീസ് മടയിലെത്തി പൊക്കിയത് തമിഴ്‌നാട്ടിലെ രഹസ്യാന്വേഷണ വിഭാഗമായ ക്യൂ ബ്രാഞ്ചിനെ പോലും ഞെട്ടിച്ചിട്ടുണ്ട്. വിവരം അറിഞ്ഞ് തമിഴ്നാട് ക്യൂ ബ്രാഞ്ച് സംഘം, വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ അരുണിനെ ബന്ധപ്പെട്ടിട്ടുണ്ട്. തമിഴ്നാട് പൊലീസിന്റെ സഹായമില്ലാതെയാണ് വെസ്റ്റ് പൊലീസ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ കോയമ്പത്തൂർ ഉക്കടത്ത് എത്തി തൊപ്പി റഫീഖിനെ അകത്താക്കിയത്. ഇതിനു പിന്നാലെയാണ് വിവരം അറിഞ്ഞ് ക്യൂ ബ്രാഞ്ച് സംഘം കേരള പൊലീസിനെ ബന്ധപ്പെട്ടത്.
കഴിഞ്ഞ ദിവസം വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു കിട്ടിയ മുഹമ്മദ് റഫീഖിനെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ചോദ്യം ചെയ്തു. രണ്ടു ദിവസത്തേയ്ക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു കിട്ടിയ റഫീഖിനെ തിങ്കളാഴ്ച കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിയ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് സംഘമാണ് ചോദ്യം ചെയ്തത്. കോട്ടയം വെസ്റ്റ് പൊലീസ് നൽകിയ അപേക്ഷ പരിഗണിച്ച ജില്ലാ മജിസ്ട്രേറ്റാണ് പ്രതിയെ രണ്ടു ദിവസത്തേയ്ക്കു കസ്റ്റഡിയിൽ വിട്ടു നൽകിയത്.