play-sharp-fill
എന്റെ പൊന്നു മോനേ.. എന്നാലും നിന്നെ അവർ… ഓർമകളുടെ പിടച്ചിലിൽ കണ്ണീരോടെ ശരത് ലാലിന്റെ അമ്മ ലത; സി.ബി.ഐ. ഓഫീസിനു മുന്നിലേക്കെത്തുമ്പോൾ കണ്ണീരുണങ്ങാത്ത മുഖവുമായി ആ അമ്മ യാചിച്ചത് ഒന്നുമാത്രം

എന്റെ പൊന്നു മോനേ.. എന്നാലും നിന്നെ അവർ… ഓർമകളുടെ പിടച്ചിലിൽ കണ്ണീരോടെ ശരത് ലാലിന്റെ അമ്മ ലത; സി.ബി.ഐ. ഓഫീസിനു മുന്നിലേക്കെത്തുമ്പോൾ കണ്ണീരുണങ്ങാത്ത മുഖവുമായി ആ അമ്മ യാചിച്ചത് ഒന്നുമാത്രം

സ്വന്തം ലേഖകൻ

കൊച്ചി: ഒരുവർഷത്തിനും ഒരാഴ്ചയ്ക്കുംശേഷം ആദ്യമായിശരത്ത് ലാലിന്റെ അമ്മ വീടിനു പുറത്തിറങ്ങി. ഇത്രയുംനാൾ പ്രിയപ്പെട്ട മകന്റെ കുപ്പായവും കെട്ടിപ്പിടിച്ച് കരഞ്ഞിരുന്ന ആ അമ്മ ഭർത്താവിന്റെയും മകളുടെയും കൈപിടിച്ച് സി.ബി.ഐ. ഓഫീസിനു മുന്നിലേക്കെത്തുമ്പോൾ കണ്ണീരുണങ്ങാത്ത മുഖവുമായി യാചിച്ചത് ഒന്നുമാത്രം – ”നഷ്ടങ്ങളുടെ വലിയൊരു മരുഭൂമിയിൽ ഒരു ഇലയുടെയെങ്കിലും തണൽപോലെ അല്പം നീതി കിട്ടുമോ?”


 

 

 

 

കാസർകോട് പെരിയയിൽ ശരത് കൊല്ലപ്പെട്ട 2019 ഫെബ്രുവരി 17 മുതൽ വീട്ടിൽനിന്നു പുറത്തിറങ്ങാതെ കണ്ണീരുമായി കഴിയുകയാണ് അമ്മ ലത. ശരതിന് ഏറെ ഇഷ്ടമുണ്ടായിരുന്ന മഞ്ഞ നിറത്തിലുള്ള കുർത്തയും കെട്ടിപ്പിടിച്ചാണ് ഈ ദിനങ്ങളിലൊക്കെ ലത കഴിഞ്ഞിരുന്നത്.വീട്ടിലുള്ളവരോടുപോലും സംസാരം വല്ലപ്പോഴും മാത്രം. അഥവാ സംസാരിച്ചാൽത്തന്നെ അത് ശരതിനെക്കുറിച്ചുള്ള ഓർമകളുടെ കഥകളായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകത്തിന്റെ അന്വേഷണം സി.ബി.ഐ. തുടങ്ങണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ എറണാകുളത്തു നടത്തിയ പ്രതിഷേധ ധർണയിൽ പങ്കെടുക്കാനാണ് ലത എത്തിയത്.

 

 

ചേട്ടന്റെ മരണത്തിനുശേഷം അമ്മയുടെ ജീവിതം മരവിപ്പുമാത്രം നിറഞ്ഞതാണെന്നാണ് ശരതിന്റെ സഹോദരി അമൃത പറയുന്നത്. ”ഏട്ടൻ പോയതിൽപ്പിന്നെ അമ്മ എപ്പോഴും കരച്ചിലാണ്. കരഞ്ഞുകരഞ്ഞ് കണ്ണീർവറ്റിയ അമ്മ ചില നേരങ്ങളിൽ നിശ്ശബ്ദയായി അകലേക്കു നോക്കിയിരിക്കും. അമ്മയുടെ ആ ഇരിപ്പു കാണുമ്പോൾ എനിക്കു പേടിയാണ്. കൂട്ടുകാരൻ ദീപുവിന്റെ കല്യാണത്തിന് ധരിക്കാൻ മഞ്ഞ നിറത്തിലുള്ള കുർത്തയും ചാരനിറത്തിലുള്ള മുണ്ടും വാങ്ങണമെന്നു പറഞ്ഞാണ് ചേട്ടൻ പോയത്…” -സങ്കടത്താൽ അമൃതയുടെ വാക്കുകൾ നിലച്ചു.

 

 

 

 

 

”എന്റെ മോൻ വലിയ ഈശ്വരവിശ്വാസിയായിരുന്നു. എല്ലാ ദിവസവും അവൻ ക്ഷേത്രത്തിൽ പോയി പ്രാർഥിക്കുമായിരുന്നു. അവൻ ഇല്ലാതായതിൽപ്പിന്നെ എനിക്ക് അമ്പലത്തിൽ പോകാൻപോലും തോന്നിയിട്ടില്ല. എന്റെ പൊന്നു മോനേ.. എന്നാലും നിന്നെ അവർ…”- ഓർമകളുടെ പിടച്ചിലിൽ കണ്ണീരോടെ ലത പറയുമ്പോൾ അമൃത അമ്മയുടെ കൈകളിൽ മുറുകെപ്പിടിച്ചിരുന്നു.