സ്മാര്‍ട്‌സിറ്റി കൊച്ചി ദക്ഷിണേന്ത്യന്‍ ആസ്ഥാനമാക്കാന്‍ കനേഡിയന്‍ കമ്പനി സോട്ടി
സ്വന്തം ലേഖകൻ
കൊച്ചി: ആഗോളതലത്തില്‍ ഏറ്റവും വിശ്വാസ്യതയുള്ള മൊബൈല്‍, ഐഒടി മാനേജ്‌മെന്റ് സൊല്യൂഷന്‍സ് ദാതാക്കളില്‍ ഒന്നായ കാനഡ ആസ്ഥാനമായ സോട്ടി സ്മാര്‍ട്‌സിറ്റി കൊച്ചി കമ്പനിയുടെ ദക്ഷിണേന്ത്യന്‍ ആസ്ഥാനമാക്കാന്‍ ഒരുങ്ങുന്നു.
അത്യാധുനിക സംവിധാനങ്ങളോടെ, 18,000 ച.അടി വിസ്തൃതിയില്‍ ഒരുങ്ങുന്ന സോട്ടിയുടെ കൊച്ചി കേന്ദ്രം കമ്പനിയുടെ വികസനലക്ഷ്യങ്ങള്‍ കൂടി കണക്കിലെടുത്താണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സെപ്റ്റംബറോടെ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന ഓഫീസില്‍ വിനോദത്തിനായി ഗെയിം, സംഗീതം, എന്നിവയ്ക്കുള്ള പ്രത്യേക സജ്ജീകരണങ്ങളും ഫിറ്റ്നെസ്സ് സെന്ററുമെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ദക്ഷിണേന്ത്യയില്‍ ശക്തമായ ആസ്ഥാനകേന്ദ്രമെന്നത് സോട്ടിയുടെ ദീര്‍ഘനാളായുള്ള പദ്ധതി ആയിരുന്നുവെന്ന് സോട്ടിയുടെ ദക്ഷിണേന്ത്യന്‍ പ്രവര്‍ത്തനങ്ങളുടെ വൈസ് പ്രസിഡന്റ് ജോസഫ് സാമുവെല്‍ പറഞ്ഞു.
ഏറ്റവും അനുയോജ്യമായ സ്ഥലത്ത്, നൂതന സംവിധാനങ്ങളോടു കൂടി ജോലി ചെയ്യുവാന്‍ മികവുറ്റ അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചിയിലെ സ്ഥാപനം ഒരുങ്ങുന്നത്.
സോട്ടിയില്‍ ചേരുന്നവര്‍ക്ക്, സ്ഥാപനത്തിന്റെ ആഗോള ടീമിന്റെ ഭാഗമാവുക എന്നതിനു പുറമെ, മുന്‍നിര ഗവേഷണങ്ങളിലും പങ്കെടുക്കാനുള്ള അവസരം ലഭിക്കുമെന്നും ജോസഫ് സാമുവല്‍ വ്യക്തമാക്കി.
സോട്ടി ദക്ഷിണേന്ത്യയില്‍ മികവുറ്റ വളര്‍ച്ചയാണ് കൈവരിച്ചതെന്നും, ദക്ഷിണേന്ത്യന്‍ മാര്‍ക്കറ്റില്‍ കൂടുതല്‍ നിക്ഷേപത്തിന് ഒരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നവീന ആശയങ്ങള്‍ മുന്നോട്ടുവെക്കുന്നതില്‍ ആഗോളതലത്തിലെ വമ്പന്‍ കമ്പനികളില്‍ ഒന്നായ സോട്ടിയെ വിജ്ഞാനാധിഷ്ഠിത ടൗണ്‍ഷിപ്പായ സ്മാര്‍ട്‌സിറ്റിയിലേക്കും കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചിയിലേക്കും സ്വാഗതം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് സ്മാര്‍ട്‌സിറ്റി കൊച്ചി സിഇഒ മനോജ് നായര്‍ പറഞ്ഞു.
സോട്ടിയുടെ ദക്ഷിണേന്ത്യയിലെ വ്യാപനം വളരെയധികം മികവുറ്റതാണെന്നും ഏഷ്യയിലെ തന്നെ മറ്റൊരു ആഗോളതല നഗരത്തിലേക്ക് സോട്ടിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതില്‍ പങ്കാളിയാകാന്‍ കഴിയുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബിഇ, ബിടെക്ക്, എംടെക്ക്, എംഎസ്സി, എംസിഎ വിദ്യാര്‍ഥികളില്‍ നിന്നും ഇന്റേണുകളെയും ഫ്രഷേഴ്‌സിനെയും നിയമിക്കുന്നതിന്റെ ആദ്യഘട്ടമെന്നനിലയില്‍ ജൂലായ് 6 ന് സംഘടിപ്പിച്ച ‘സോട്ടി നെക്സ്റ്റ് ജെന്‍ റോഡ്ഷോ സൗത്ത് ഇന്ത്യ എഡിഷന്‍’ ഓണ്‍ലൈന്‍ റോഡ്ഷോയില്‍ ദക്ഷിണേന്ത്യയിലെ ഇരുന്നൂറില്‍പരം കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കാളികളായി.
രണ്ടാംഘട്ടത്തില്‍ 2021 ആഗസ്റ്റ് 27-ന് നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയിലൂടെ ഏറ്റവും മികച്ച വിദ്യാര്‍ഥികളെ കണ്ടെത്തി ആറ് മാസത്തെ മികച്ച പരിശീലനം നല്‍കുകയാണ് ലക്ഷ്യം.
കോഡിങ്ങില്‍ ആഭിമുഖ്യമുള്ള ഏത് പാഠ്യവിഷയത്തിലുള്ള വിദ്യാര്‍ഥികള്‍ക്കും, ടെസ്റ്റില്‍ പങ്കെടുക്കാവുന്നതാണ്. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ അവരുടെ പ്ലേസ്മെന്റ് ഓഫീസറുമായി ബന്ധപ്പെടുകയോ, കൂടുതല്‍ വിവരങ്ങള്‍ക്കായി https://soti.net/india എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യേണ്ടതാണ്.
കഴിഞ്ഞ രണ്ട് വര്‍ഷവും സോട്ടി ഇന്റേണുകള്‍ക്കും, ഫ്രഷേഴ്‌സിനും വേണ്ടിയുള്ള റിക്രൂട്ട്‌മെന്റ് ഡ്രൈവ് വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു.
2020ല്‍ നടന്ന ആദ്യത്തെ ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് 14,000ല്‍ പരം വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്യുകയും 8000ല്‍ പരം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുകയും ചെയ്തു. 2019-ലും ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് സോട്ടി റോഡ്ഷോ സംഘടിപ്പിച്ചിരുന്നു.