എം.സി റോഡിൽ ഇനി ആധുനിക വെളിച്ചം; വെളിച്ചമെത്തുക സോളാർ ലൈറ്റിലൂടെ

എം.സി റോഡിൽ ഇനി ആധുനിക വെളിച്ചം; വെളിച്ചമെത്തുക സോളാർ ലൈറ്റിലൂടെ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: എംസി റോഡിലെ വെളിച്ചത്തിൽ മുക്കാൻ സൂര്യന്റെ സഹായത്തോടെ ലൈറ്റൊരുങ്ങുന്നു. എം.സി റോഡിൽ ചെങ്ങന്നൂർ മുതൽ പട്ടിത്താനം വരെയുള്ള 47 കിലോമീറ്ററിൽ 1300 സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്ന ജോലികൾ ഈ ആഴ്ചയോടെ പൂർത്തിയാകും. താനേ തെളിയുകയും, അണയുകയും ചെയ്യുന്ന സാങ്കേതിക വിദ്യയോടെയാണ് സോളാർ ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.
എം.സി റോഡിൽ പട്ടിത്താനം – ചെങ്ങന്നൂർ റീച്ചിന്റെ അറ്റകുറ്റപണികൾ ഇപ്പോൾ അന്തിമഘട്ടത്തിലാണ്. ദേശീയ പാതാ നിലവാരത്തിൽ റോഡിന്റെ ടാറിംഗ് പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. തുടർന്നു റോഡരികിൽ ദിശാബോർഡുകളും, റോഡിനു നടുവിൽ റിഫ്ളക്ടറുകളും സ്ഥാപിക്കുന്ന ജോലികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഈ അറ്റകുറ്റപണികളുടെ ഭാഗമായാണ് ഇപ്പോൾ സോളാറിൽ പ്രകാശിക്കുന്ന തെരുവുവിളക്കുകൾ സ്ഥാപിക്കുന്നത്. ഇനി കോട്ടയം നഗരത്തിൽ മാത്രമാണ് ഈ ലൈറ്റുകൾ സ്ഥാപിക്കുന്നത് ബാക്കിയുള്ളത്.
സൂര്യവെളിച്ചത്തിൽ നിന്നാണ് ലൈറ്റുകൾ പ്രകാശിക്കാനുള്ള ഊർജം ശേഖരിക്കുന്നത്. സൂര്യന്റെ വെളിച്ചം നഷ്ടമാകുമ്പോൾ സ്വാഭാവികമായും ലൈറ്റുകൾ പ്രകാശിച്ചു തുടങ്ങും. നേരം പുലരുമ്പോഴേയ്ക്കും ലൈറ്റുകൾ അണയുന്ന രീതിയിലുള്ള സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. വൈദ്യുതി ലൈനുകളില്ലാത്ത ഓരോ 22 മീറ്ററിലും ഓരോ സോളാർ ലൈറ്റ് എന്ന രീതിയിലാണ് തെരുവുവിളക്കുകൾ സ്ഥാപിച്ചിരിക്കുന്നത്. തെരുവുവിളക്കുകളുടെ അടുത്ത ഒരു വർഷത്തെ അറ്റകുറ്റപണിയുടെ ചുമതല കരാറുകാരനാണ്. ലൈറ്റുകളുടെ മേൽനോട്ടവും ഇവർ തന്നെ നടത്തണം.
പഴമയുടെ പ്രതീകമായി
മൈൽക്കുറ്റികൾ
പുതുതലമുറ ദിശാബോർഡുകൾക്കു പകരം എം.സി റോഡിൽ കിലോമീറ്ററുകൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്നത് മൈൽക്കുറ്റികളുടെ മാതൃക. സ്ഥലവും കിലോമീറ്ററും രേഖപ്പെടുത്തിയ മൈൽക്കുറ്റികൾ കഴിഞ്ഞ ദിവസങ്ങളിൽ എം.സി റോഡിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. ആധുനിക കാലത്ത് ബോർഡുകളിൽ ഇവ രേഖപ്പെടുത്തുന്ന രീതിയിൽ നിന്നു വ്യത്യസ്തമായ പരീക്ഷണമാണ് കെ.എസ്.ടി.പി പഴമയിലേയ്ക്കുള്ള തിരിഞ്ഞു നോട്ടത്തിലൂടെ എം.സി റോഡിൽ നടത്തിയിരിക്കുന്നത്.