സോളാർ തട്ടിപ്പ് കേസ്; വിധി ഡിസംബർ 13 ന്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സോളാർ കേസിന്റെ വിചാരണ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പൂർത്തിയായി. വിധി ഡിസംബർ 13ന്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വ്യാജലെറ്റർ പാഡിലുളള കത്ത് കാണിച്ചാണ് കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണൻ ലക്ഷങ്ങൾ തട്ടിയെടുത്തത്. ബിജുവിനെതിരെ വ്യാജ രേഖ ചമച്ച് അസ്സൽ എന്ന നിലയിൽ ഉപയോഗിച്ചു എന്നകുറ്റമാണ് പോലീസ് ചുമത്തിയിട്ടുളളത്. സോളാർ ഉപകരണങ്ങളുടെ വിതരണാവകാശമുളള മണക്കാട് സ്വദേശി റാസിഖ് അലിയുടെ സ്വസ് സോളാർ പ്രോജക്റ്റ് എന്ന സ്ഥാപനത്തിന് കേന്ദ്ര ഗവൺമെന്റ് സ്ഥാപനങ്ങളിൽ സോളാർ ഉപകരണങ്ങൾ വിതരണം ചെയ്യാനുളള അനുമതിയ്ക്കായി കേന്ദ്ര ഊർജ്ജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് നൽകിയ കത്താണ് ബിജു വ്യാജമായി നിർമ്മിച്ച് നൽകിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വ്യാജ ലെറ്റർ ഹെഡിലുളളതായിരുന്നു കത്ത്. തമ്മനം സ്വദേശി പോൾ എന്ന ഫ്രനിയാണ് കത്ത് നിർമ്മിക്കാൻ ബിജുവിനെ സഹായിച്ചത്. ഫ്രനിയുടെ സ്ഥാപനമായ ഗ്രാഫ് എക്സ് എന്ന സ്ഥാപനത്തിൽ വച്ചാണ് കത്ത് നിർമ്മിച്ചത്. ഇത് ബിജുവിന്റെ തമ്പാനൂരിലുളള സ്ഥാപനത്തിലേയ്ക്ക് മെയിൽ ചെയ്യുകയായിരുന്നു. ഈ കത്ത് കാണിച്ചാണ് ബിജു റാസിഖ് അലിയിൽ നിന്ന് പലപ്പോഴായി 75 ലക്ഷം രൂപ തട്ടിയെടുത്തത്. പണം തട്ടിയെടുത്തതിന് മറ്റൊരു കേസ് ബിജു രാധാകൃഷ്ണൻ, ശാലു മേനോൻ, ശാലുവിന്റെ അമ്മ കലാദേവി എന്നിവർ പ്രതിയായി ഇപ്പോഴും നിലവിലുണ്ട്.