കേന്ദ്രസർക്കാരിന്റെ ജൻ ഔഷധി സ്‌റ്റോറുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

കേന്ദ്രസർക്കാരിന്റെ ജൻ ഔഷധി സ്‌റ്റോറുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ‘പ്രധാനമന്ത്രി ജൻ ഔഷധി യോജന’ പ്രകാരം സംസ്ഥാനത്ത് ആരംഭിച്ച ജൻ ഔഷധി സ്‌റ്റോറുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. ആവശ്യത്തിന് മരുന്നില്ലാത്തതും ഭാരിച്ച നടത്തിപ്പ് ചെലവും ഇൻസന്റിവ് മാസങ്ങളായി മുടങ്ങിയതും തിരിച്ചടിയായെന്ന് കച്ചവടക്കാർ പറയുന്നു. അവശ്യമരുന്നുകൾ കിട്ടാതായതോടെ രോഗികൾക്ക് മറ്റ് മെഡിക്കൽ ഷോപ്പുകളെ ആശ്രയിക്കേണ്ട സാഹചര്യമാണ്. സാധാരണക്കാർക്ക് കുറഞ്ഞചെലവിൽ ഗുണനിലവാരമുള്ള മരുന്ന് വിതരണംചെയ്യാൻ രാജ്യവ്യാപകമായി ആരംഭിച്ച സ്‌റ്റോറുകളാണിവ. മറ്റ് സംസ്ഥാനങ്ങൾക്കൊപ്പം 2016 ഫെബ്രുവരിയിലാണ് 440ഓളം ജൻ ഔഷധി സ്‌റ്റോറുകൾ കേരളത്തിലും തുടങ്ങിയത്. വ്യക്തികൾക്ക് പുറമേ 15 സന്നദ്ധ സംഘടനകൾക്കും ഏഴ് സഹകരണ സൊസൈറ്റികൾക്കും കട തുടങ്ങാൻ അനുമതി നൽകി. പ്രതിസന്ധി രൂക്ഷമായതോടെ 70ഓളം എണ്ണം പ്രവർത്തനം അവസാനിപ്പിച്ചു. മരുന്ന് ലഭിക്കാത്തതിനാൽ 30ഓളം കടകൾ പ്രവർത്തിക്കുന്നില്ല. സാമ്പത്തികബാധ്യത ഏറിയതോടെ 95ഓളം സ്‌റ്റോറുകൾ ആറുമാസമായി മരുന്ന് എടുക്കുന്നില്ല.

തുടക്കത്തിൽ മരുന്നുവിതരണ കമ്പനികൾ ഡൽഹിയിൽനിന്ന് കൊച്ചിയിൽ മരുന്ന് എത്തിച്ചാണ് കേരളത്തിൽ വിതരണം ചെയ്തിരുന്നത്. സ്‌റ്റോക്ക് അവസാനിക്കുന്നതിനനുസരിച്ച് മരുന്ന് കിട്ടാൻ അത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചെന്നും കച്ചവടക്കാർ പറയുന്നു. ഇപ്പോൾ സ്‌റ്റോക്ക് എടുക്കുന്ന ഓൺലൈൻ സംവിധാനം വഴി പരിഷ്‌കരിച്ചിട്ടുണ്ട്. അതും എത്രത്തോളം പ്രായോഗികമാകുമെന്ന് നിശ്ചയമില്ല. മെഡിക്കൽ ഷോപ്പുകളിൽ 50 രൂപക്ക് കിട്ടുന്ന മരുന്ന് ജൻ ഔഷധി 10 രൂപക്കാണ് ആവശ്യക്കാരന് നൽകുക. തുച്ഛമായ കമ്മീഷനാണ് കടക്കാർക്ക് ലഭിക്കുക. അത് പരിഹരിക്കാനാണ് കേന്ദ്ര സർക്കാർ ഇൻസന്റിവ് പ്രഖ്യാപിച്ചത്.
ആറ് മാസമായി ഇൻസന്റിവ് മുടങ്ങിയിരിക്കുകയാണ്. കടവാടക, ഫാർമസിസ്റ്റിനുള്ള ശമ്പളം, വൈദ്യുതി ചാർജ് തുടങ്ങി മാസം 25,000ത്തോളം രൂപ കടക്കാർക്ക് ചെലവുവരും. അത് താങ്ങാവുന്നതിലും അപ്പുറമാണെന്നും വ്യാപാരികൾ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group