Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കൊല്ലം: ഭർത്താവിന്റെ വീട്ടിൽ വച്ചും, സ്വന്തം വീട്ടിൽ വച്ചും തുടർച്ചയായി പാമ്പുകടിയേറ്റ് യുവതി മരിച്ച സംഭവത്തിൽ പ്രതിക്കൂട്ടിലാകുന്നത് ഭർത്താവ് തന്നെ. ഭർത്താവിനെ കൂടുതൽ പ്രതിക്കൂട്ടിലാക്കുന്ന തെളിവുകളാണ് ഇപ്പോൾ കൊല്ലപ്പെട്ട ഉത്രയുടെ വീട്ടുകാർ പുറത്തു വിടുന്നത്. ഭർത്താവിന്റെ രഹസ്യ ഇടപാടുകളാണ് പ്രശ്‌നത്തിനു കാരണമായിരിക്കുന്നതെന്നാണ് വിവരം. സ്ത്രീധനത്തിന്റെ ബാക്കി അടക്കം ചോദിച്ചു പ്രശ്‌നമുണ്ടാക്കിയിരുന്ന ഭർത്താവ് പാമ്പിനെ വിട്ടു കടിപ്പിച്ചാണ് ഉത്രയം കൊലപ്പെടുത്തിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

ആദ്യം പാമ്പ് കടിയേൽക്കുന്നതിന് രണ്ടു ദിവസം മുൻപ് ഭർതൃവീട്ടിലെ കിടപ്പു മുറിക്ക് സമീപം വച്ച് ഉത്ര പാമ്പിനെ കണ്ടിരുന്നതായി മരിക്കുന്നതിനു മുൻപ് ഇവർ തങ്ങളോടു വെളിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടൂർ പറക്കോടുള്ള സൂരജിന്റെ വീട്ടിലെ മുകൾ നിലയിലായിരുന്നു ഉത്രയുടെയും സൂരജിന്റെയും ബെഡ്‌റൂം. റൂമിലിരിക്കുന്ന മൊബൈൽ ഫോൺ എടുത്തു കൊണ്ടു വരാനായി സൂരജ് ഉത്രയോട് പറഞ്ഞു. സ്റ്റെപ്പ് കയറി മുകളിലെത്തിയപ്പോൾ റൂമിന് സമീപമായി ഒരു ഇഴ ജന്തുവിനെ കണ്ടു.

പേടിച്ചു പോയ ഉത്ര ഉറക്കെ നിലവിളിച്ചു. നിലവിളി കേട്ട് മുകളിലേക്ക് വന്ന സൂരജ് പാമ്പിനെ നിഷ്പ്രയാസം കൈകളിലെടുത്ത് ചാക്കിനുള്ളിലാക്കുകയും ചെയ്തു. അന്ന് ഇക്കാര്യം വീട്ടിൽ വിളിച്ചു പറയുകയും ഭർത്താവിന്റെ ധീരതയെ പറ്റി വാചാലയാവുകയും ചെയ്തിരുന്നു.

ഇതു കൂടാതെ ഇടയ്ക്ക് സൂരജിന്റെ സുഹൃത്തുക്കൾ പാമ്പുകളുമായി വീട്ടിലെത്താറുണ്ടെന്നും ഉത്ര പറഞ്ഞിരുന്നതായി ബന്ധുക്കൾ വ്യക്തമാക്കുന്നു. പാമ്പുകളെ സൂരജ് കൈകളിലെടുക്കുകയും പത്തിയിൽ ഉമ്മ വയ്ക്കുകയും ഉത്രയെ പാമ്പിനെ കൊണ്ട് സ്പർശിപ്പിക്കുയും ചെയ്തിട്ടുണ്ട്. ഇതൊക്കെ സൂരജിന് പാമ്പുകളുമായുള്ള ബന്ധം സൂചിപ്പിക്കുന്നതാണെന്നും മാതാപിതാക്കൾ പറയുന്നു.

രണ്ടാം തവണ പാമ്പ്് കടിയേൽക്കുന്ന ദിവസം സൂരജ് വീട്ടിലെത്തിയപ്പോൾ ഒരു ബാഗ് കൊണ്ടു വന്നിരുന്നു. ഇതിൽ എന്തായിരുന്നു എന്ന് ആർക്കും അറിയില്ല. മരണം നടന്ന് ആറാം ദിവസമാണ് സുരജും അമ്മയും അഞ്ചലിൽ നിന്നും മടങ്ങുന്നത്.

മടങ്ങിയ ദിവസം സൂരജിന്റെ മാതാവിന് ശ്വാസ തടസം ഉണ്ടാവുകയും അഞ്ചലിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഉത്രയുടെ സഹോദരനും പിതാവും കൂടിയാണ് ആശുപത്രിയിൽ കൊണ്ടു പോയത്. ഇതിനിടയിൽ ഇവരെ ഉത്രയുടെ ബന്ധുക്കൾ തടഞ്ഞു വച്ചിരിക്കുകയാണ് എന്ന് കാട്ടി സൂരജിന്റെ സഹോദരി അടൂർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ആരാഞ്ഞപ്പോൾ പരാതിയിൽ അടിസ്ഥാനമില്ലെന്ന് മനസ്സിലായി. ഇതിന് ശേഷമായിരുന്നു ഇവർ അടൂരിലേക്ക് മടങ്ങിയത്.

ഉത്രയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി മാതാപിതാക്കൾ പരാതി നൽകിയപ്പോൾ മരണത്തിന് പിന്നിൽ ഉത്രയുടെ സഹോദരനാണ് എന്നാരോപിച്ച് അടൂർ പൊലീസിന് ഭർത്താവ് സൂരജ് പരാതി നൽകി. ഇതോടെ ഉത്രയുടെ മാതാപിതാക്കൾക്ക് സംശയം ബലപ്പെട്ടു. കൂടാതെ മുൻപ് പല തവണ ഉത്രയെ ഭീഷണിപ്പെടുത്തിയും ശാരീരിക പീഡനം നടത്തിയും ലക്ഷക്കണക്കിന് രൂപ സൂരജ് വാങ്ങിയിരുന്നതായും മാതാപിതാക്കൾ പറയുന്നു. വിവാഹം കഴിക്കുമ്പോൾ മൈക്രോ ഫിനാൻസിലായിരുന്നു ജോലി.

അവിടെ സാമ്പത്തിക തിരിമറി നടത്തിയതിനെ തുടർന്ന് അൻപതിനായിരത്തോളം രൂപ തിരികെ അടക്കാൻ സഹായിച്ചത് ഉത്രയുടെ പിതാവായിരുന്നു. ഇപ്പോൾ എച്ച്ഡിബി ഫിനാൻസിൽ തവണ മുടങ്ങിയ വാഹനങ്ങളുടെ സിസി പിടുത്തമാണ് ജോലി.

സൂരജിന്റെ കുടുംബം അയൽപക്കത്തുള്ളവരുമായി യാതൊരു സഹകരണവുമില്ലാത്തവരാണെന്ന് പൊലീസ് പറയുന്നു. കേസിൽ നിർണ്ണായക വിവരങ്ങൾ അന്വേഷണത്തിൽ ലഭിച്ചിട്ടുള്ളതായും ഒരാഴ്ചക്കകം വിശദ വിവരങ്ങൾ അറിയാനാകും എന്നും അഞ്ചൽ പൊലീസ് അറിയിച്ചു. കഴിഞ്ഞ ഏഴിനാണ് അഞ്ചൽ ഏറം വെള്ളിശേരിൽ വീട്ടിൽ വിജയസേനൻ – മണിമേഖലാ ദമ്പതികളുടെ മകൾ ഉത്ര (25) പാമ്പ് കടിയേറ്റു മരിച്ചത്. മൂന്നു മാസത്തിനിടെ രണ്ടാം വട്ടമാണ് ഉത്രയെ പാമ്പ് കടിക്കുന്നത്. ഉറക്കത്തിൽ തന്നെയായതിനാൽ കടിയേറ്റതറിഞ്ഞില്ല. തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.

പാമ്പുമായി ഇത്രത്തോളം അടുപ്പമുള്ള ഉത്രയുടെ ഭർത്താവ് തന്നെയാണ് മരണത്തിനു പിന്നിലെന്ന ആരോപണമാണ് ബന്ധുക്കൾ ഉയർത്തുന്നത്. ഉത്രയെ കൊലപ്പെടുത്തുന്നതിനു പിന്നിൽ സൂരജിന് ഗുഡ ഉദ്ദേശമുണ്ടായിരുന്നു എന്നു വ്യക്തമാക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.