
തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ സഹോദരൻ അനോഷിന്റെ ആരോഗ്യനിലയിൽ പുരോഗതി. കുട്ടി മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നു. കുട്ടി കണ്ണുകൾ തുറക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്ന് വൈകുന്നേരത്തോടെ വെന്റിലേറ്ററിൽ നിന്ന് മാറ്റാൻ ആകുമെന്നാണ് പ്രതീക്ഷ. വീട്ടിൽ ഹാളിൽ ഒരുമിച്ച് കിടന്നുറങ്ങിയ സഹോദരന്മാർക്കാണ് രാത്രിയിൽ പാമ്പുകടിയേറ്റത്. ആൽജോയുടെ വേർപാടിന്റെ തീരാ നോവിനിടയിലാണ് കുടുംബത്തിന് ആശ്വാസമായി അനോഷിന്റെ മടങ്ങിവരവ്. അനോഷിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന വാർത്ത നാടിനും വീടിനും ആശ്വാസമായി. ഇന്നലെ അങ്കമാലിയിലെ ആശുപത്രിയിലെത്തി അച്ഛൻ സിൽജോയും അമ്മ ജോൺസിയും അനോഷിനെ കണ്ടു. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് കിടപ്പുമുറിയിൽ വെച്ച് എട്ടുവയസ്സുകാരൻ ആൽജോയെയും ചേട്ടൻ അനോഷിനെയും പാമ്പ് കടിച്ചത്.








