എസ് എം എ ചികിത്സയിൽ നിർണ്ണായക വഴിത്തിരിവ്; കോഴിക്കോട് ആസ്റ്റർ മിംസിൽ ചികിത്സയിൽ കഴിയുന്ന 23 മാസം പ്രായമുള്ള കുഞ്ഞിന് 15 കോടി വിലവരുന്ന മരുന്ന് സൗജന്യമായി ലഭ്യമാക്കി

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോഴിക്കോട് : സ്‌പൈനൽ മസ്‌കുലാർ അട്രോഫി (എസ്. എം. എ) എന്ന സുഷുമ്‌നാഡികളുടെ കോശങ്ങളെ ബാധിക്കുന്ന അപൂർവ്വ ജനിതക രോഗ ചികിത്സയിൽ നിർണ്ണായകമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിക്കൊണ്ട് നൂതനവും ഫലപ്രദവുമായ ജീൻതെറാപ്പി മരുന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലുള്ള 23 മാസം പ്രായമുള്ള കുഞ്ഞിന് ലഭ്യമാക്കി. ഏകദേശം പതിനഞ്ച് കോടിരൂപയോളം വിലവരുന്ന ഈ മരുന്ന് ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് സൗജന്യമായി ലഭ്യമാക്കിയത്.

പതിനായിരം നവജാത ശിശുക്കളിൽ ഒരാൾക്ക് എന്ന രീതിയിലാണ് ലോകത്താകമാനം എസ് എം എ രോഗം കാണപ്പെടുന്നത്. നട്ടെല്ലിന്റെ ആന്റീരിയർ ഹോൺ സെല്ലുകളെ ബാധിക്കുന്ന എസ് എം എ ഉറച്ച് നിൽക്കാനുള്ള കഴുത്തിന്റെ ശേഷി, ഇരിക്കാനുള്ള കഴിവ്, നിൽക്കാനും നടക്കാനുമുള്ള ശേഷി മുതലായവയെയാണ് പ്രധാനമായും ബാധിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാല് രീതിയിലാണ് എസ് എം എ യെ വിഭജിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും ഗുരുതരമായ അവസ്ഥ ടൈപ്പ് 1 ആണ്. പ്രധാനമായും മൂന്ന് മരുന്നുകളാണ് എസ് എം എ ചികിത്സയ്ക്കായി യു എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ വിഭാഗം അംഗീകരിച്ചിരിക്കുന്നത്. ഇതിൽ 2 വയസ്സിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കുള്ള ജീൻ തെറാപ്പി മരുന്നാണ് ആസ്റ്റർ മിംസിൽ 23 മാസം പ്രായമുള്ള കുഞ്ഞിന് നൽകിയത്.

ഈ മരുന്ന് ഉപയോഗിച്ച് നേരത്തെ നടത്തിയ ചികിത്സകളുടെ ഫലപ്രാപ്തി ഏറെ പ്രതീക്ഷയുളവാക്കുന്നതാണ്. അതുകൊണ്ട് തന്നെ കുറച്ച് നാളുകൾ കൂടി ഈ കുഞ്ഞിന്റെ ചികിത്സയിലെ പുരോഗതി നിരീക്ഷിക്കേണ്ടതായിട്ടുണ്ട്. എസ് എം എ എന്ന അപൂർവ്വ ജനിതക രോഗബാധിതർക്ക് നിലവിൽ ലോകോത്തര നിലവാരമുള്ള ചികിത്സയും മരുന്നുകളും ലഭ്യമാകുന്നതിന് നിരവധി പ്രതിസന്ധികളും പരിമിതികളുമുണ്ട്.

ഈ പരിമിതികളെ തരണം ചെയ്യാനുള്ള അശ്രാന്ത പരിശ്രമമാണ് കോഴിക്കോട് ആസ്റ്റർ മിംസിലെ എസ് എം എ ചികിത്സാ വിഭാഗം. എസ്എംഎ ഉള്ള കുട്ടികളെ ചികിത്സിക്കുന്ന മൾട്ടി ഡിസിപ്ലിനറി ടീമിന്റെ നേതൃത്വം വഹിക്കുന്നത് പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ സ്മിലു മോഹൻലാൽ ആണ്.

ഡോ ജേക്കബ് ആലപ്പാട്ടും ഡോ അബ്ദുറഹിമാനും നേതൃത്വം വഹിക്കുന്ന ന്യൂറോളജി ടീം, ഡോ സുരേഷ്‌കുമാർ ഇ കെ നേതൃത്വം നൽകുന്ന പീഡിയാട്രിക്‌സ് ടീം ഡോ സതീഷ് കുമാർ,ഡോ മഞ്ജുള എന്നിവരുൾപ്പെടുന്ന പീഡിയാട്രിക് ഐസിയു ടീം, പീഡിയാട്രിക് ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് ഡോ വിനിത വിജയരാഘവൻ, സ്‌പൈൻ സർജൻ പ്രമോദ്, പീഡിയാട്രിക് ഓർത്തോപീഡിഷൻ ഡോ മഹേന്ദ്ര വർമ്മ, അസ്‌കർ അലി നേതൃത്വം നൽകുന്ന ഫിസിയോതെറാപ്പി ടീം, പൾമോണോളജിസ്റ്റ് ഡോ സുജിത്, ഗർഭസ്ഥ ശിശുക്കളുടെ ഉൾപ്പെടെ ജനിതക രോഗങ്ങൾക്കു ചികിത്സ നൽകുന്ന ഡോ ദിവ്യ പച്ചാട്ട് എന്നിവരടങ്ങുന്നതാണ് ടീം.