ശിവരാത്രി: മണപ്പുറം മഹാദേവ ക്ഷേത്രത്തിലെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ
സ്വന്തം ലേഖകൻ
ആലുവ: ആലുവ മഹാശിവരാത്രിയെ വരവേൽക്കാൻ മണപ്പുറത്തെ മഹാദേവ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ അവസാനഘട്ടങ്ങളിലെത്തിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ കെ.പി. ശങ്കരദാസ് അറിയിച്ചു. മാർച്ച് നാലിനാണ് ചരിത്രപ്രസിദ്ധമായ മഹാശിവരാത്രി ആഘോഷം.
ബലിത്തറകളുടെ ലേലവും സ്ഥലം അളന്ന് കൊടുക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. എ,ബി കാറ്റഗറി തിരിച്ചാണ് തറകൾ നൽകുന്നത്. 35 ഓളം തറകൾ മാത്രമാണ് ഇനി ലേലത്തിൽ പോകാനുള്ളത്. ഭക്തരിൽ നിന്നും ബലിതർപ്പണത്തിന് 75 രൂപയിൽ കൂടുതൽ വാങ്ങാൻ പാടില്ലെന്ന് ലേലത്തിൽ പങ്കെടുത്തവർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. അമിത നിരക്ക് ഈടാക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ദേവസ്വം വിജിലൻസിനെയും പോലീസിനെയും ചുമതലപ്പെടുത്തും. അമിത നിരക്ക് ഈടാക്കുന്നത് ബോധ്യമായാൽ ഇത്തരം പുരോഹിതന്മാരെ കരിമ്പട്ടികയിൽപ്പെടുത്തും. തുടർന്ന് ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ഇവരെ ബലിതർപ്പണത്തിന് അനുവദിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
മണപ്പുറം മഹാദേവ ക്ഷേത്രത്തിന്റെ ചുറ്റും പനമ്പ് കൊണ്ട് ഭിത്തി നിർമ്മിച്ചിട്ടുണ്ട്. വെള്ള തുണി കൊണ്ട് പനമ്പ് മറച്ച ശേഷം ദേവീ ദേവൻമാരുടെ ചിത്രങ്ങളും ചെറു മാല ബൾബുകളും ചാർത്തി മനോഹരമാക്കും. വിഷു വിളക്ക് കഴിഞ്ഞാലേ പനമ്പ് അഴിച്ചു മാറ്റുകയുള്ളൂ. ശിവന്റെ ഭൂതഗണങ്ങൾ ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കാതെ പോയെന്നും ഇതിനെ തുടർന്ന് ക്ഷേത്രത്തിൽ സ്ഥിര നിർമ്മാണം നടത്താൻ പാടില്ലെന്നുമാണ് വിശ്വാസം. തടിപ്പലകകൾ കൂട്ടിയോജിപ്പിച്ചാണ് ശ്രീകോവിൽ നിർമ്മിച്ചിരിക്കുന്നത്. മേൽകൂര ഓലകൊണ്ടാണ് മേഞ്ഞിരിക്കുന്നത്. വർഷത്തിൽ ഭൂരിപക്ഷ മാസങ്ങളിലും ക്ഷേത്രം തുറന്നാണ് കിടക്കുന്നത്.
പ്രളയത്തിൽ പൂർണമായും മുങ്ങിയ ക്ഷേത്രവും പരിസരവും ലക്ഷങ്ങൾ മുടക്കിയാണ് പൂർവ്വ സ്ഥിതിയിലാക്കിയത്. ക്ഷേത്രത്തിലെ ഇരുമ്പ് ദണ്ഡുകളും അവയിൽ പിടിപ്പിച്ചിരുന്ന മേൽക്കൂരയുമെല്ലാം പ്രളയത്തിൽ ഒഴുകി പോയിരുന്നു. രണ്ടരയടി താഴ്ചയിലാണ് ക്ഷേത്ര പരിസരം നിലകൊള്ളുന്നത്. ഈ ഭാഗത്ത് പൂർണമായും മണൽ നിറഞ്ഞു. പത്തടിയിലധികം ഉയരത്തിലാണ് മണലും ചെളിയും നിറഞ്ഞിരുന്നത്.
മാസങ്ങൾക്ക് മുമ്പ് അവയെല്ലാം പൂർണമായി നീക്കം ചെയ്തിരുന്നു. മഴവെള്ളം ഒഴുകി പോകുന്നതിനായി ക്ഷേത്രത്തിൽ നിന്ന് പെരിയാറിലേയ്ക്ക് നീളുന്ന കാന കഴിഞ്ഞ ദിവസം വൃത്തിയാക്കി.