
തിരുവനന്തപുരം: നിതിന്‍ രാജിനും പൂക്കോട് വെറ്ററിനറി കോളേജില്‍ ജീവനൊടുക്കിയ സിദ്ധാര്‍ത്ഥനും നീതി അകലെയെന്ന് സിദ്ധാര്‍ത്ഥന്റെ കുടുംബം.
എന്താണോ ഭയപ്പെട്ടത് അതുതന്നെ ആവര്‍ത്തിക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുങ്ങില്ലെന്ന് ബോധ്യപ്പെട്ടാല്‍ ഈ ചൂഷണങ്ങള്‍ക്ക് മാറ്റം വരുമെന്നും സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ പറഞ്ഞു.
റിസര്‍വേഷനില്‍ വരുന്ന കുട്ടികള്‍ ഇപ്പോഴും ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും ഇന്റേണല്‍ മാര്‍ക്ക് ഉള്‍പ്പെടെ വിചാരിച്ച് കുട്ടികള്‍ അത് പുറത്തുപറയുന്നില്ലെന്നും ഷീബ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘സിദ്ധാര്‍ത്ഥന്‍ മരിച്ചിട്ട് 2 വര്‍ഷമായി. ഇപ്പോഴും അതില്‍ നിന്ന് പുറത്തുവരാന്‍ ആയിട്ടില്ല. റിസര്‍വേഷനില്‍ വരുന്ന കുട്ടികള്‍ ഇപ്പോഴും ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. അവര്‍ ഇന്റേണല്‍ മാര്‍ക്ക് പോകുമോ എന്ന് പേടിച്ച് അത് പുറത്ത് പറയുന്നില്ല. തൊട്ടപ്പുറത്തുളള ആളെ കൊന്നിട്ടാല്‍ പോലും മറ്റ് വിദ്യാര്‍ത്ഥികള്‍ മിണ്ടില്ല. അധ്യാപകരെ എതിര്‍ക്കാന്‍ ഭയമാണ്. പൂക്കോട് പോലും ഒരു കുട്ടിയും സംസാരിക്കാന്‍ തയ്യാറായില്ല. ഭയം കൊണ്ടായിരുന്നു അത്. സിദ്ധാര്‍ത്ഥനും നിതിനും നീതി അകലെയാണ്. സസ്‌പെന്‍ഷനില്‍ ഒതുങ്ങില്ല എന്ന ബോധ്യമുണ്ടായാല്‍ ഇത്തരം ചൂഷണങ്ങള്‍ക്ക് മാറ്റം വരും’: ഷീബ പറഞ്ഞു.
എങ്ങനെയൊക്കെ ബുദ്ധിമുട്ടിക്കാന്‍ കഴിയുമോ അങ്ങനെയൊക്കെ സര്‍ക്കാര്‍ ബുദ്ധിമുട്ടിച്ചെന്നും പാര്‍ട്ടിയോ മതമോ രാഷ്ട്രീയമോ ഒന്നും നോക്കാതെ നിതിന്റെ കുടുംബത്തോടൊപ്പം നില്‍ക്കണമെന്നും ഷീബ പറഞ്ഞു. അഞ്ചരക്കണ്ടി ദന്തല്‍ കോളേജില്‍ എസ്‌എഫ്‌ഐ കൊടിയുയര്‍ത്തിയെന്നും പൂക്കോടും അതുതന്നെയാണ് സംഭവിച്ചതെന്നും അവര്‍ പറഞ്ഞു. എസ്‌എഫ്‌ഐ ഇടിമുറികള്‍ തുറക്കുകയാണ് ചെയ്തതെന്നും സിബിഐയില്‍ വിശ്വാസമുണ്ടെന്നും ഷീബ കൂട്ടിച്ചേര്‍ത്തു.
നിതിന്‍ രാജിന് അന്ത്യാജ്ഞലി അര്‍പ്പിക്കാൻ പൂക്കോട് വെറ്ററിനറി കോളേജില്‍ റാഗിങിന് ഇരയായി ജീവനൊടുക്കിയ ജെ എസ് സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ എത്തിയിരുന്നു. . അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്ത നടപടിയെല്ലാം പുകമറയാണെന്നും ഇവിടെ ഒന്നും നടക്കാന്‍ പോകുന്നില്ലെന്നുമാണ് ഷീബ അന്ന് പറഞ്ഞത്. 2024 ഫെബ്രുവരിയിലാണ് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളുടെ സംശയത്തിന് പിന്നാലെ റാഗിങ് സെല്‍ നടത്തിയ അന്വേഷണത്തിലാണ് സിദ്ധാർത്ഥ് ക്രൂരമായി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിഞ്ഞത്.
‘അവന്റെ മരണശേഷം എന്തെങ്കിലും ഒരു കാര്യത്തിന് പുറത്തിറങ്ങിയത് ഇന്നാണ്. എനിക്ക് മറ്റൊരു ചടങ്ങിനും പരിപാടികള്‍ക്കും പോകാന്‍ തോന്നാറില്ല. ഇത് അറിഞ്ഞപ്പോള്‍ അതേ അവസ്ഥയാണ്. ഇവിടെ ഒന്നും നടക്കാന്‍ പോകുന്നില്ല. സസ്‌പെന്‍ഷനെല്ലാം പുകമറയാണ്. ആര്‍ക്കും ഒരുപേടിയുമില്ല. അവര്‍ക്ക് തിരികെ ജോലിയില്‍ കേറാം. സാലറി കിട്ടും. പൂക്കോട് പോയ സമയത്തും സ്വാഭാവിക മരണമെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് ഒരുമാസത്തോളം ഓരോ പുതിയ പുതിയ കാര്യങ്ങളാണ് അറിഞ്ഞത്. ഇതെല്ലാം അവിടെ നടന്നതാണ്. അവന്‍ ഉപയോഗിച്ച പേഴ്‌സും ബെല്‍റ്റും കണ്ണടയും പോലും ഇതുവരെ കിട്ടിയിട്ടില്ല. അതെവിടെയെന്ന് പറയാന്‍ പോലും ഒരു അധികാരികളും തയ്യാറാല്ല. അവര്‍ക്ക് മറുപടിയില്ല. മോന്‍ പോയതിന് എന്തെങ്കിലും അര്‍ത്ഥമുണ്ടാകണമെങ്കില്‍ ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. അത് വീണ്ടും നടക്കുന്നത് ശിക്ഷാ ഇളവുകളുളളതുകൊണ്ടാണ്. ആര്‍ക്കും പേടിയില്ല. റിസര്‍വേഷനില്‍ കേറുന്ന കുട്ടികള്‍ക്ക് അധിക്ഷേപം നേരിടേണ്ടിവരുന്നുണ്ട്’- ഷീബ പറഞ്ഞു.



