മാനസിക വെല്ലുവിളി നേരിടുന്നയാൾ അക്രമാസക്തനായി; യുവാവിനെ തടയുന്നതിനിടെ എസ്.ഐയ്ക്കു വെട്ടേറ്റു; തലയ്ക്കു വെട്ടേറ്റത് വരന്തരപ്പിള്ളി എസ്.ഐയ്ക്ക്; പരിക്കേറ്റ എസ്.ഐ ആശുപത്രിയിൽ
തേർഡ് ഐ ബ്യൂറോ
കൊച്ചി: മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് അക്രമാസക്തനായി. വാക്കത്തിയുമായി റോഡിൽ നിലയുറപ്പിച്ച യുവാവിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിനിടെ എസ്.ഐയ്ക്കു വെട്ടേറ്റു. വരന്തരപ്പിള്ളി ഗ്രേഡ് എസ്‌ഐ തോമസിനാണ് തലക്ക് വെട്ടേറ്റത്. പരിക്കേറ്റ എസ്‌ഐ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. തലയിൽ രണ്ട് തുന്നലുണ്ട്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. പ്രദേശത്തെ വീട്ടിൽ യുവാവ് അക്രമാസക്തനായതായി പൊലീസിനു വിവരം ലഭിച്ചു. പ്രായമായ മാതാപിതാക്കൾ മാത്രമുള്ള വീട്ടിൽ പ്രതി അക്രമം കാണിക്കുന്നത് പ്രശ്‌നമുണ്ടാക്കുമെന്നു തിരിച്ചറിഞ്ഞ പൊലീസ് ഓടിയെത്തുകയായിരുന്നു.കച്ചേരിക്കടവ് പാലത്തിന് സമീപം താമസിക്കുന്ന യുവാവാണ് അക്രമാസക്തനായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനമൈത്രി പൊലീസ് കൊവിഡ് കാലത്ത് അടക്കം ഈ വീട്ടിൽ മരുന്നു വാങ്ങി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ രോഗിയെ നിയന്ത്രിച്ചു നിർത്താമെന്നാണ് പൊലീസ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, വാക്കത്തിയുമായി അക്രമാസക്തനായി നിന്ന പ്രതി പൊലീസ് ഉദ്യോഗസ്ഥരുടെ വാക്കുകൾ കേൾക്കാതെ തോമസിനെ വെട്ടുകയായിരുന്നു. തലയ്ക്ക് വെട്ടേറ്റിട്ടും നിയന്ത്രണം നഷ്ടമാകാതെ നിന്ന എസ്.ഐ രണ്ടാമത്തെ വെട്ട് തടഞ്ഞ് യുവാവിനെ കീഴ്പ്പെടുത്തുകയായിരുന്നു.
തുടർന്ന് തൃശൂരിലെ മാനസികാരോഗ്യകേന്ദ്രത്തിലാക്കി. പരിക്കേറ്റ എസ്.ഐ തോമസ് ആശുപത്രിയിൽ ചികിത്സ തേടി.