നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ടു വ്യാജ തെളിവുണ്ടാക്കിയെന്ന ആരോപണം; ഷോണ്‍ ജോര്‍ജിന്‍റെ വീട്ടിലെ റെയ്ഡ് പൂര്‍ത്തിയായി; മൂന്നു മൊബൈല്‍ ഫോണുകളും അഞ്ച് മെമ്മറി കാര്‍ഡുകളും രണ്ട് ടാബും കസ്റ്റഡിയില്‍ എടുത്തു; വിശദ വിവരങ്ങള്‍ ഇങ്ങനെ..
കോട്ടയം: നടിയെ ആക്രമിച്ച കേസില്‍ വ്യാജ തെളിവുണ്ടാക്കിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഷോണ്‍ ജോര്‍ജിന്‍റെ വീട്ടില്‍ നടന്ന ക്രൈംബ്രാഞ്ച് റെയ്ഡ് പൂര്‍ത്തിയായി.
മൂന്നു മൊബൈല്‍ ഫോണുകളും അഞ്ച് മെമ്മറി കാര്‍ഡുകളും രണ്ട് ടാബും കസ്റ്റഡിയില്‍ എടുത്തു. ഈരാറ്റുപേട്ടയിലെ പി.സി ജോര്‍ജിന്റെ വീട്ടിലാണ് പരിശോധന നടത്തിയത്. നടിയെ ആക്രമിച്ച കേസില്‍ വ്യാജ തെളിവുണ്ടാക്കിയെന്ന ആരോപണത്തിലായിരുന്നു പരിശോധന.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഗൂഡാലോചന നടന്നെന്ന് വരുത്തിത്തീര്‍ക്കാന്‍ ഉണ്ടാക്കിയതായിരുന്നു വ്യാജ വാട്ട്സ്‌ആപ്പ് ചാറ്റ്. ഇതേ കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് പരിശോധന നടത്തിയത്. ഷോണ്‍ ജോര്‍ജിന്‍റെ ഫോണില്‍ നിന്നും വധഗൂഢാലോചന കേസിലെ രണ്ടാം പ്രതി അനൂപിന്‍റെ ഫോണിലേക്ക് വന്നതാണ് സ്‌ക്രീന്‍ ഷോട്ടുകള്‍. കൃത്രിമ സ്‌ക്രീന്‍ ഷോട്ടുകള്‍ നിര്‍മിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനായിരുന്നു റെയ്ഡ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, ദിലീപിന് ദോഷകരമായി വന്ന ചാറ്റുകള്‍ അയച്ചു നല്‍കിയിരുന്നെന്നും എന്നാല്‍ ആ സ്ക്രീന്‍ഷോട്ടുകള്‍ നിര്‍മിച്ചത് താന്‍ അല്ലെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. ടാബും മൂന്ന് മൊബൈല്‍ ഫോണുകളും അഞ്ച് സിം കാര്‍ഡുകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തെന്ന് ഷോണ്‍ ജോര്‍ജ്. ദിലീപുമായി അടുത്ത ബന്ധമുണ്ട്, സഹോദരന്‍ അനൂപുമായി വലിയ പരിചയമില്ലെന്നും താനായിട്ട് ഒരു വാട്സാപ് ഗ്രൂപ്പും തുടങ്ങിയിട്ടില്ലെന്നും ഷോണ്‍ ജോര്‍ജ് കൂട്ടിച്ചേർത്തു.
രാവിലെ ഏഴര മുതല്‍ കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അമ്പിളി കുട്ടന്‍, തൃശൂര്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു വ്യാജ വാട്ട്സ്‌ആപ്പ് ഗ്രൂപ്പിന്‍റെ സ്‌ക്രീന്‍ ഷോട്ടുകള്‍. പ്രമോദ് രാമന്‍, ടി.ബി മിനി, സന്ധ്യ ഐ.പി.എസ്, ലിബര്‍ട്ടി ബഷീര്‍, മഞ്ജു വാര്യര്‍, ആഷിഖ് അബു, ബൈജു കൊട്ടാരക്കര, നികേഷ് കുമാര്‍ തുടങ്ങിയവരുടെ പേരിലാണ് വ്യാജ വാട്ട്സ്‌ആപ്പ് ചാറ്റുകള്‍ നിര്‍മിച്ചത്. ‘ദിലീപിനെ പൂട്ടണം’ എന്ന പേരിലായിരുന്നു ഗ്രൂപ്പ്.
2019 ൽ തന്നെ ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.എന്നാൽ ഇങ്ങനെയൊരു പരാതി ലഭിച്ചതായി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല