കാണാച്ചിത്രമായി ഷിബില ; കണ്ണീർക്കടലായി ഓടക്കയം സ്‌കൂൾ
സ്വന്തം ലേഖകൻ
ഓടക്കയം (മലപ്പുറം) : സ്‌കൂൾചുമരിലെങ്ങും ഷിബില വരച്ച ചിത്രങ്ങളാണ്. ആ ചിത്രങ്ങൾ ഇന്ന് അവരെ സന്തോഷിപ്പിക്കുന്നില്ല. കിളികൾ, പൂക്കൾ, ചെടികൾ… നിറങ്ങൾ ചാലിച്ച് ഷിബില വരച്ച ചിത്രങ്ങൾക്കരികിലിരുന്ന്, പ്രിയ കൂട്ടുകാരി ഓർമച്ചിത്രമായി മാറിയതോർത്ത് സഹപാഠികൾ തേങ്ങി കരയുകയാണ്. ആഗസ്റ്റ് 16ന് നെല്ലിയായി കോളനിയിലുണ്ടായ ഉരുൾപൊട്ടലിലാണ് ഷിബിലയും സഹോദരി അമ്പിളിയും മരിച്ചത്. ഇവർക്ക് മറ്റു ബന്ധുക്കളില്ല. വിവാഹിതയായ അമ്പിളി സുബുലുസലാം ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു വിദ്യാർഥിനിയായിരുന്നു. പ്രളയക്കെടുതിക്കുശേഷം സ്‌കൂൾ തുറന്ന ബുധനാഴ്ച ഓടക്കയം ഗവ. യുപി സ്‌കൂൾ ആറാം ക്ലാസിലെ ബഞ്ചിലിരുന്ന്, ഷിബില വരച്ച ചിത്രങ്ങൾ നോക്കി അഞ്ജനയും യമുനയും അമൃത രാജനുമെല്ലാം കണ്ണീർവാർത്തു. നിറങ്ങളുടെ കൂട്ടുകാരിയായിരുന്ന ഷിബില മരിച്ചത് അവർക്ക് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. ദുരന്തത്തിനുശേഷം സ്‌കൂൾ വീണ്ടും തുറന്നപ്പോൾ ആറാം ക്ലാസിലെ ശൂന്യമായ അവളുടെ ഇരിപ്പിടം അവരെയെല്ലാം കരയിച്ചു. മണ്ണെടുത്തുപോയവൾക്ക് കൂട്ടുകാരും അധ്യാപകരും ആദരാഞ്ജലി നേർന്നു. പേമാരി വിതച്ച ദുരിതങ്ങൾ കണ്ടറിഞ്ഞവരായിരുന്നു ഓടക്കയം സ്‌കൂളിലെ വിദ്യാർഥികളേറെയും. ഷിബില ഉരുൾപൊട്ടലിൽ ഒലിച്ചുപോയതായി ദുരിതാശ്വാസ ക്യമ്പിൽവച്ചാണ് അഞ്ജനയും യമുനയും അറിഞ്ഞത്.