play-sharp-fill
തട്ടിപ്പിന്റെ ഷെയർമാർക്കറ്റ്: വിദേശത്ത് ജോലി, ഷെയർമാർക്ക്റ്റിൽ നിന്നും കോടികൾ; ബിജീഷിന്റെ വാഗ്ദാനത്തിൽ കുടുങ്ങിയത് നിരവധിപ്പേർ; പാവങ്ങളെപ്പറ്റിച്ച നീലംപേരൂർ സ്വദേശി എം.സി ബിജീഷ് കുടുങ്ങിയത് നാട്ടുകാരുടെ പരാതിയിൽ; തട്ടിപ്പ് നടത്തിയത് കത്തോലിക്കാ സഭയിലെ കന്യാസ്ത്രീയുടെ പേരിൽ

തട്ടിപ്പിന്റെ ഷെയർമാർക്കറ്റ്: വിദേശത്ത് ജോലി, ഷെയർമാർക്ക്റ്റിൽ നിന്നും കോടികൾ; ബിജീഷിന്റെ വാഗ്ദാനത്തിൽ കുടുങ്ങിയത് നിരവധിപ്പേർ; പാവങ്ങളെപ്പറ്റിച്ച നീലംപേരൂർ സ്വദേശി എം.സി ബിജീഷ് കുടുങ്ങിയത് നാട്ടുകാരുടെ പരാതിയിൽ; തട്ടിപ്പ് നടത്തിയത് കത്തോലിക്കാ സഭയിലെ കന്യാസ്ത്രീയുടെ പേരിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: വിദേശത്ത് ജോലിയും, ഷെയർമാർക്കറ്റിൽ നിന്നു കോടികളുടെ വരുമാനവും വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ എംബിഎക്കാരൻ പിടിയിൽ. നാട്ടുകാരടക്കം പാവങ്ങളാണ് തട്ടിപ്പിന് ഇരയായവരിൽ ഏറെയും. കത്തോലിക്കാ സഭയിലെ കന്യാസ്ത്രീയുടെ പേരിലാണ് ഇയാൾ പ്രദേശത്ത് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് നീലംപേരൂർ ആറാം വാർഡിൽ ഈര ബിജു സദനത്തിൽ ചെല്ലപ്പന്റെ മകൻ എം.സി ബിജീഷിനെയാണ് കൈനടി പൊലീസ് അറസ്റ്റ് ചെയ്തത്.
നീലംപേരൂർ വില്ലേജിലെ കാവാലം പ്രദേശത്തെ മുപ്പതോളം ആളുകളിൽ നിന്നായി ഒരു ലക്ഷത്തോളം രൂപയും, കാറും തട്ടിയെടുത്തതായാണ് പരാതി. നീലംപേരൂർ ഈരയച്ചം വീട്ടിൽ വിശാ്ഖ് ആർ. നായർ, മാളിയേക്കൽ പ്രണവ്, ദേവീവിലാസത്തിൽ എസ്.ഗോവിന്ദ്, കുറിച്ചി സ്വദേശി മണക്കാട്ട് വീട്ടിൽ അനിൽകുമാർ എന്നിവരെയും ബിജീഷ് പറ്റിച്ചതായാണ് പരാതി.
കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. ബിജീഷും പരാതിക്കാരും നീലംപേരൂർ കാവാലം പ്രദേശത്തെ വീടുകളിൽ പി.എസ്.സി പരീക്ഷാ പരിശീലനത്തിൽ ഏർപ്പെട്ടിരുന്നു. ഇതിനിടെയാണ് ബിജീഷ് സുഹൃത്തുക്കളോട് തനിക്ക് വിദേശത്ത് ബന്ധമുണ്ടെന്നും, കത്തോലിക്കാ സഭയിലെ പ്രിമിയത്ത് എന്ന് പേരുള്ള സിസ്റ്ററുമായി ബന്ധമുണ്ടെന്നും, ഇവർ വഴി വിദേശത്ത് ജോലി ശരിയാക്കി നൽകാമെന്നും വാഗ്ദാനം ചെയ്തു. ഇതു വിശ്വസിച്ച് വിശാഖും, പ്രണവും ഇരുപതിനായിരം രൂപ വീതവും, ഗോവിന്ദ് 30,000 രൂപയും നൽകി. അനിൽ 65,000 രൂപയാണ് ബിജീഷിനു നൽകിയത്. തുടർന്ന് ബിജീഷ് വിശാഖിന്റെ മാരുതി റിറ്റ്‌സ് കാറും വാങ്ങി സ്ഥലം വിടുകയായിരുന്നു. ഒരു മാസത്തിനകം വിദേശത്തു നിന്നും വിസ ലഭിക്കുമെന്നാണ് ബിജീഷ് ഇവരെയെല്ലാം വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ, വിസ ലഭിക്കാതെ വരികയും, ബിജീഷിനെപ്പറ്റി നാട്ടിൽ വിവരമൊന്നുമില്ലാതെ വരികയും ചെയ്തതോടെ ഇവർ കൈനടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകകയായിരുന്നു. തുടർന്നു ഇവർ നടത്തിയ അന്വേഷണത്തിലാണ് നാട്ടിൽ പലരിൽ നിന്നും ബിജീഷ് ഇത്തരത്തിൽ വൻ തോതിൽ പണം തട്ടിയെടുത്തിട്ടുണ്ടെന്നു കണ്ടെത്തിയത്.
ഷെയർമാർക്കറ്റിൽ നിക്ഷേപം നടത്തി കോടികളുടെ ലാഭം വാഗ്ദാനം ചെയ്ത് എറണാകുളത്തു നിന്നും നിരവധിപ്പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തതിനു നേരത്തെ തന്നെ പൊലീസിൽ പരാതിയും കേസും നിലവിലുണ്ട്. അങ്കമാലി പൊലീസ് ഇതു സംബന്ധിച്ചു മാസങ്ങൾക്കു മുൻപു തന്നെ കേസ് രജിസ്റ്റർ ചെയതിട്ടുണ്ട്. സ്ത്രീകൾ അടങ്ങുന്ന സംഘമായാണ് ബിജീഷ് തട്ടിപ്പ് നടത്തുന്നത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങുന്നവരെ സ്ത്രീകളാണ് ഫോണിൽ ബന്ധപ്പെട്ടിരുന്നത്. ബിജീഷിനെതിരെ പരാതി വ്യാപകമായതോടെ ഇയാൾ ഒറ്റപ്പാലത്ത് ഒളിവിൽ കഴിയുകയായിരുന്നു. തുടർന്നു കാവാലം പ്രദേശത്തുള്ളവർ ഫോൺ നമ്പർ പിൻതുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ ഒറ്റപ്പാലത്തുണ്ടെന്നു കണ്ടെത്തി. തുടർന്നു കൈനടി പൊലീസിനെ പരാതിക്കാർ വിവരം അറിയിച്ചു. തുടർന്നു കൈനടി പൊലീസ് സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിൽ, ഫ്‌ളാറ്റിനു മുന്നിൽ ഇയാളുടെ പക്കലുണ്ടായിരുന്ന റിറ്റ്‌സ് കാർ കണ്ടെത്തി. തുടർന്നു പാലക്കാട് പൊലീസിന്റെ സഹായത്തോടെ ബിജീഷിനെ കസ്റ്റഡിയിൽ എടുത്തു. തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇയാളെ കോടതിയിൽ ഹാജരാക്കും. കൂടുതൽ തട്ടിപ്പ് ബിജീഷ് നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്്.