മുന്‍ കേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ ശരദ് യാദവ് അന്തരിച്ചു; രാജ്യത്തെ മുതിർന്ന സോഷ്യലിസ്റ്റ് നേതാക്കളിലൊരാളായിരുന്ന ശരദ് യാദവ്; ഏഴു തവണ ലോക്സഭയിലേക്കും നാലു തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്; വി പി സിങ്, എ ബി വാജ്പേയ് സർക്കാരുകളിൽ കേന്ദ്രമന്ത്രിയായിരുന്നു
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ആർജെഡി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശരദ് യാദവ് (75) അന്തരിച്ചു. 75 വയസ്സായിരുന്നു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ രാത്രി 10.19നായിരുന്നു അന്ത്യം. ഏഴു തവണ ലോക്സഭയിലേക്കും നാലു തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വി പി സിങ്, എ ബി വാജ്പേയ് സർക്കാരുകളിൽ കേന്ദ്രമന്ത്രിയായിരുന്നു.
രാജ്യത്തെ മുതിർന്ന സോഷ്യലിസ്റ്റ് നേതാക്കളിലൊരാളായിരുന്ന ശരദ് യാദവ്, ലോക് താന്ത്രിക് ജനതാദളിന്റെ സ്ഥാപക നേതാവ് കൂടിയാണ്. എല്‍ജെഡി മുന്‍ ദേശീയ അധ്യക്ഷനുമാണ്. 1989ൽ വി.പി.സിങ് സർക്കാരിൽ ടെക്സ്റ്റൈൽസ്, ഭക്ഷ്യസംസ്കരണ വകുപ്പുകളും 1999ലെ വാജ്പേയി സർക്കാരിൽ വ്യോമയാന, തൊഴിൽ, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പും കൈകാര്യം ചെയ്തു. 33 വർഷം പാർലമെന്റ് അംഗമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മധ്യപ്രദേശിലെ ഹോഷംഗബാദ് ജില്ലയിലെ ബാബായ് ഗ്രാമത്തിൽ നന്ദ് കിഷോർ യാദവിന്റെയും സുമിത്ര യാദവിന്റെയും മകനായി 1947 ജൂലൈ ഒന്നിനാണ് ശരദ് യാദവിന്റെ ജനനം. ജബൽപുർ എൻജിനീയറിങ് കോളേജിൽനിന്ന് ഒന്നാം റാങ്കോടെ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. അടിയന്തരാവസ്ഥയ്ക്കെതിരെ ജയപ്രകാശ് നാരായണനൊപ്പം പ്രവർത്തിച്ചാണ് രാഷ്ട്രീയ പ്രവർത്തനത്തിനു തുടക്കമിടുന്നത്.
1974-ല്‍ ജബല്‍പുരില്‍ നടന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ ജയപ്രകാശ് നാരായണന്‍ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് ആദ്യമായി ലോക്സഭയിലെത്തുന്നത്. ലോക്ദളിൽനിന്നു വി പിസിങ്ങിനൊപ്പം 1988ൽ ജനതാദൾ രൂപീകരണത്തിൽ പങ്കാളിയായി. പിന്നീട് ജനതാദൾ യുണൈറ്റഡിലെത്തി. പത്തു വർഷം (2006–16) ജനതാദൾ (യു) ദേശീയ അധ്യക്ഷനായിരുന്നു. 2017-ല്‍ നിതീഷ്‌കുമാറുമായുള്ള ഭിന്നത രൂക്ഷമായി.
പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനത്തിന് നിതീഷ് വിഭാഗം ശരദ് യാദവിനെതിരേ പരാതി നല്‍കിയതോടെ രാജ്യസഭാംഗത്വം നഷ്ടമായി. നിതീഷ് കുമാർ ബിഹാറിൽ ബിജെപിയുമായി സഖ്യം ചേർന്നതിൽ പ്രതിഷേധിച്ച് 2018ൽ പാർട്ടി വിട്ട് ലോക് താന്ത്രിക് ജനതാദൾ (എൽജെഡി) രൂപീകരിച്ചു. എൽജെഡി കഴിഞ്ഞ വർഷം ലാലു പ്രസാദ് യാദവിന്റെ ആർജെഡിയിൽ ലയിച്ചു. ശരദ് യാദവിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രി ദേവഗൗഡ തുടങ്ങിയവർ അനുശോചിച്ചു.