ശബരിമല: ദിവസക്കൂലിക്കാരായി ആയിരം സിപിഎം സ്‌ക്വാഡുകൾ: നേരിടാനുറച്ച് ദിനംപ്രതി ആയിരം അമ്മമാരുമായി ബിജെപിയും; മണ്ഡലകാലം സംഘർഷത്തിലേക്ക്
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ശബരിമലയിലെ സ്ത്രീപ്രവേശനം സിപിഎമ്മും ബിജെപിയും അഭിമാനപ്രശ്‌നമായി എടുത്തിരിക്കുന്ന സാഹചര്യത്തിൽ വ്രതാനുഷ്ഠാനങ്ങളുടെ മണ്ഡലകാലം ശബരിമലയിൽ സംഘർഷകാലമായി മാറിയേക്കാൻ സാധ്യത. ശബരിമലയിൽ പ്രക്ഷോഭമുണ്ടാക്കാൻ ശ്രമിക്കുന്നവരെ അടിച്ചമർത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സന്നിധാനത്ത് ആരേയും 24 മണിക്കൂറിൽ കൂടുതൽ നിൽക്കാൻ അനുവദിക്കാതിരിക്കാൻ ഷെഡ്യൂളിംഗും സിസിടിവി സംവിധാനങ്ങളിലൂടെയുള്ള നിരീക്ഷണവും ഉൾപ്പെടെ ആധുനിക സംവിധാനങ്ങളുടെ അകമ്പടിയോടെ പോലീസിനെ വിന്യസിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം. ഈ സാഹചര്യത്തിൽ ശബരിമലയിൽ എത്തുന്ന യുവതികളെ തടഞ്ഞ് തിരിച്ചയയ്ക്കാൻ അമ്മമാരെ നിയോഗിക്കാനാണ് ബിജെപിയുടെ ഉദ്ദേശം. ഇതിനായി പ്രായം 50 കഴിഞ്ഞ 1000 അമ്മമാരെ കെട്ടെടുത്ത് ശബരിമലയിൽ എല്ലാദിവസവും അയയ്ക്കാനാണ് ബിജെപിയുടെ ഉദ്ദേശം.
നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ ഇവർ നാമജപവുമായി സന്നിധാനത്തുണ്ടാകും. സ്ത്രീകൾക്കെതിരേ പോലീസിന് കാര്യമായ നടപടി സാധ്യമാകില്ലെന്ന തന്ത്രമാണ് ഇതിന് ബിജെപി എടുക്കുന്നത്. നവംബർ 16 ന് വൈകിട്ട് അഞ്ചു മണിക്കാണ് മണ്ഡലകാല തീർത്ഥാടനത്തിനായി ക്ഷേത്രം തുറക്കുക. ഡിസംബർ 27 ന് മണ്ഡലപൂജ കഴിഞ്ഞ് രണ്ടുദിവസം അടച്ച് 30 ന് വീണ്ടും തുറക്കും. പിന്നീട് നട അടയ്ക്കുന്നത് ജനുവരി 20 നാണ്. ഈ ദിവസങ്ങളിലാകും ബിജെപിയുടെ അമ്മസൈന്യത്തിന്റെ സാന്നിദ്ധ്യം. ഇതിനായി മറ്റു സംസ്ഥാനങ്ങളിലെയും സ്ത്രീകളെ ഇറക്കിയേക്കാനും സാധ്യതയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അരവണ തയ്യാറാക്കൽ, അന്നദാനം, ചുക്കുവെള്ള വിതരണം, ഓഫീസ്, ഗസ്റ്റ്ഹൗസ്, തീർത്ഥാടകരുടെ താമസസ്ഥലം എന്നിവിടങ്ങളിലെ ജോലികൾക്കായി 1650 സിപിഎം പ്രവർത്തകരെ മണ്ഡല-മകരവിളക്ക് കാലത്തേക്ക് നിയോഗിച്ചു നിയന്ത്രണം ഉറപ്പാക്കാൻ സർക്കാർ നീക്കമെന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ ദേവസ്വം മന്ത്രി തള്ളുകയും ചെയ്തിരുന്നു. 24 മണിക്കൂറിൽ കൂടുതൽ സന്നിധാനത്ത് നിൽക്കാൻ ആരേയും അനുവദിക്കാത്ത സാഹചര്യം വന്നാൽ ബിജെപി പ്രവർത്തകർക്ക് തെലുങ്കാന മാധ്യമപ്രവർത്തകയെയും ആക്ടിവിസ്റ്റിനെയും നടപ്പന്തലിൽ തടഞ്ഞത് പോലെയുള്ള കാര്യങ്ങൾ സാധിക്കാതെ വരും. ഈ സാഹചര്യത്തിലാണ് അമ്മ സംഘത്തെ ഇറക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ശബരിമല പ്രശ്നം രാഷ്ട്രീയനേട്ടമാക്കി മാറ്റാനുള്ള നീക്കത്തിലാണ് ബിജെപി. ഇതിനായി ദേശീയ അദ്ധ്യക്ഷൻ തന്നെ മണ്ഡലകാലത്ത് ശബരിമലയിൽ എത്താമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. ഇതിനൊപ്പം ബിജെപിയുടെ എല്ലാ മുഖ്യമന്ത്രിമാരെ കൂടി ശബരിമലയിൽ എത്തിക്കുന്നത് ഉറപ്പാക്കാനാണ് ബിജെപിയുടെ ശ്രമം. അതേസമയം സുപ്രീംകോടതി വിധിക്ക് തൊട്ടു പിന്നാലെ ശബരിമല ആചാരം സംബന്ധിച്ച് ഹൈക്കോടതിയിൽ നൽകിയ വിവിധ ഹർജികളും ബിജെപിയ്ക്ക് തുണയായിട്ടില്ല. ശബരിമലയുടെ പാരമ്പര്യം ഹിന്ദുക്കളുടേതു മാത്രമല്ല, എല്ലാവരുടേതുമാണെന്നും സകലമതസ്ഥരായ വിശ്വാസികളെയും സ്വാഗതം ചെയ്യുന്ന ഈ ആരാധനാലയം മതേതരത്വത്തിന്റെ പ്രതീകമാണെന്നും ഇവിടെയെത്തുന്ന എല്ലാ ഭക്തർക്കും സംരക്ഷണം നൽകണമെന്നുമുള്ള ഹൈക്കോടതി വിധി ബിജെപിയ്ക്ക് എതിരായി മാറിയിട്ടുണ്ട്.